കേരള കേഡര്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് അല്‍കേഷ് കുമാര്‍ ശര്‍മ്മ പി.ഇ.എസ്.ബി അംഗം
- Posted on April 21, 2025
- News
- By Goutham prakash
- 110 Views

തിരുവനന്തപുരം: കേരള കേഡര്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് അല്‍കേഷ് കുമാര്‍ ശര്‍മ്മയെ കേന്ദ്ര പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന് ബോര്‍ഡ് (പിഇഎസ്ബി) അംഗമായി നിയമിച്ചു. കേന്ദ്ര മന്ത്രിസഭയുടെ അപ്പോയിന്മെന്റ്സ് കമ്മിറ്റി നിയമനം അംഗീകരിച്ചു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ സീനിയര്‍ മാനേജ്മെന്റ് തസ്തികകളിലേക്കുള്ള നിയമനത്തില്‍ സര്‍ക്കാരിന് വിദഗ്ധോപദേശം നല്‍കുക എന്നതാണ് പിഇഎസ്ബിയുടെ ചുമതല.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ (സിപിഎസ്ഇ) നിയമനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ അനുഭവസമ്പത്തും പ്രാഗത്ഭ്യവുമുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിലൂടെ സിപിഎസ്ഇ കളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചലനാത്മകമാകും. രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള സാമ്പത്തിക-സാങ്കേതിക വളര്‍ച്ചയ്ക്ക് ഗണ്യമായ സംഭാവന നല്‍കാനും ഇതിലൂടെ സാധിക്കും.
1990 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അല്‍കേഷ് കുമാര്‍ ശര്‍മ്മ കേന്ദ്രത്തിലും കേരളത്തിലും നിരവധി ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ നിസ്തുല്യമാണ്.
ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിലെ സെക്രട്ടറി എന്ന നിലയില്‍ നയങ്ങള്‍ രൂപീകരിക്കുന്നതിലും വേഗത്തില്‍ നടപ്പിലാക്കുന്നതിലുമുള്ള അദ്ദേഹത്തിന്റെ കഴിവ് വളരെയധികം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ അഡീഷണല്‍ സെക്രട്ടറിയായും സെക്രട്ടറിയായും അല്‍കേഷ് കുമാര്‍ ശര്‍മ്മ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളില്‍ പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹത്തിന് പൊതുമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക വികസനം, പൊതു ധനകാര്യം, വ്യവസായം, നഗരവികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതില്‍ വിപുലമായ പരിചയസമ്പത്തുണ്ട്.
നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡിന്റെ (എന്‍ഐസിഡിസി) സിഇഒയും എംഡിയുമായി പ്രവര്‍ത്തിച്ചിട്ടുള്ള അല്‍കേഷ് കുമാര്‍ ശര്‍മ്മ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റിന്റെ (എന്‍ഐസിഡിഐടി) സിഇഒയും ആയിരുന്നു.
നീതി ആയോഗ് രൂപീകരിച്ച പ്രോഗ്രാം/പ്രോജക്ട് മാനേജ്മെന്റിനെക്കുറിച്ചുള്ള ടാസ്ക് ഫോഴ്സിലും അദ്ദേഹം അംഗമായിരുന്നു. ഇന്ത്യന്‍ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡിന്റെ ചെയര്‍മാനായിരുന്ന അദ്ദേഹം ടോള്‍ പിരിവില്‍ ഫാസ്റ്റാഗ് സംവിധാനം നടപ്പിലാക്കി. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമില്‍ (യുഎന്‍ഡിപി) നഗരവികസനം, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയില്‍ ദേശീയ പ്രോജക്ട് ഡയറക്ടറായും പ്രവര്‍ത്തിച്ചു.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്പറേഷന് (കെഎസ്ഐഡിസി) എംഡിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019 സെപ്റ്റംബര്‍ മുതല്‍ 2021 മാര്‍ച്ച് വരെ കേരളത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി (സ്പെഷ്യല്‍ പ്രോജക്ട്സ്-ഇന്‍ഫ്രാസ്ട്രക്ചര്‍ & ഇന്‍ഡസ്ട്രീസ്) സേവനമനുഷ്ഠിച്ച അദ്ദേഹം പല പ്രധാന പദ്ധതികളുടെ നടത്തിപ്പിലും മേല്‍നോട്ടം വഹിച്ചു.
കേരള ടൂറിസത്തെ 'ദൈവത്തിന്റെ സ്വന്തം നാട്' ആയി ബ്രാന്‍ഡ് ചെയ്യുന്നതിലും അല്‍കേഷ് കുമാര്‍ ശര്‍മ്മ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.