ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഭാവി തുലാസിലാണോ

 2019ലെ മൂന്ന് സീറ്റുകളിൽ നിന്ന് ഇത്തവണ നാലുസീറ്റുകളായി വർധിച്ചതിൽ മാത്രമാണ് സിപിഐഎമ്മിന് ഇപ്പോൾ ആശ്വാസമാകുന്നത്

 ഇടതു പക്ഷത്തിന് ഈ തിരഞ്ഞെടുപ്പ് നിരാശാജനകമാണ് . തിരഞ്ഞെടുപ്പ് ഫലവും അത് തന്നെയാണ് കാട്ടുന്നത്. ഇടതിന് സംസ്ഥാന ഭരണമുള്ള കേരളത്തിൽ പോലും ഒരൊറ്റ സീറ്റിൽ സിപിഐഎം ഒതുങ്ങുന്ന കാഴ്ചയാണ് കാണാനായത്. മന്ത്രി കെ രാധാകൃഷ്ണൻ ആലത്തൂർ മണ്ഡലം തിരികെ പിടിച്ചതുമാത്രമാണ് സിപിഎമ്മിന് ഇത്തവണ ആശ്വസിക്കാനുള്ളത്. കഴിഞ്ഞ തവണ യുഡിഎഫ് തരംഗത്തിനിടയിലും വിജയം നേടി പാർട്ടിയുടെ അഭിമാനം കാത്ത എ എം ആരിഫിന് ഇത്തവണ ആലപ്പുഴയിൽ കാലിടറി. കെ സി വേണുഗോപാലിനോട് 63,513 വോട്ടുകൾക്കാണ് ആരിഫ് പരാജയപ്പെട്ടത്. കെ സി വേണുഗോപാൽ 4,04,560 വോട്ടുകളും ആരിഫ് 3,41,047 വോട്ടുകളുമാണ് നേടിയത്. 

ഒരു പോളിറ്റ് ബ്യൂറോ അംഗം, മൂന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, മൂന്ന് ജില്ലാ സെക്രട്ടറിമാർ, 3 എംഎൽഎമാർ എന്നിങ്ങനെ വമ്പൻ നേതാക്കൾക്കൊന്നും ഇത്തവണ അഭിമാന പോരാട്ടത്തില്‍ ജയിച്ചുകയറാനായില്ല.

കേരളം കൂടാതെ മറ്റ് മൂന്ന് സീറ്റുകളിൽ കൂടി സിപിഐഎം വിജയിച്ചിട്ടുണ്ട്. നാലുസീറ്റുകളായെങ്കിലും സിപിഐഎമ്മിന്റെ ദേശീയ രാഷ്ട്രീയ പാർട്ടി പദവി എന്ന കാര്യം വീണ്ടും ഒരു ചോദ്യചിഹ്നമായി മാറുന്നു.   

തമിഴ്നാട്ടിൽ രണ്ട് സീറ്റുകളിലാണ് സിപിഐഎം ജയം നേടിയിരിക്കുന്നത്. മധുരയിലും ദിണ്ടി​ഗലിലും ആണ് സിപിഐഎം വിജയിച്ചത്. ദിണ്ടി​ഗലിൽ ആർ സച്ചിതാനന്ദവും മധുരയിൽ എസ് വെങ്കിടേശുമാണ് ജയിച്ചത്. ദിണ്ടി​ഗല്ലിലെ സിപിഐഎം ജില്ലാ സെക്രട്ടറിയാണ് സച്ചിതാനന്ദം.രാജസ്ഥാനിൽ ഒരു സീറ്റിലുമാണ് സിപിഐഎം വിജയിച്ചത്. 

നിലവിൽ രാജ്യത്തെ ആറ് ദേശീയ പാർട്ടികളിലൊന്നാണ് സിപിഎം. ഒരുകാലത്ത് ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഒരേസമയം ഭരണത്തിലിരുന്ന പാർട്ടിയുടെ പിടിയിൽ നിന്ന് ബംഗാളും , ത്രിപുരയും പോയതോടെ ദേശീയ രാഷ്ട്രീയ ഭൂപടത്തിൽ കേരളം മാത്രമായി സിപിഎമ്മിന്റെ ചുവന്ന കോട്ടയിൽ . 2019ലെ മൂന്ന് സീറ്റുകളിൽ നിന്ന് ഇത്തവണ നാലുസീറ്റുകളായി വർധിച്ചതിൽ മാത്രമാണ് സിപിഐഎമ്മിന് ഇപ്പോൾ ആശ്വാസമാകുന്നത്.


                                                                                                                                                                                സ്വന്തം ലേഖിക

Author
Journalist

Arpana S Prasad

No description...

You May Also Like