കൈറ്റിന്റെ 'സമഗ്രപ്ലസ്' പോർട്ടലിൽ ഇനി ഹയർ സെക്കന്ററി ചോദ്യ ശേഖരവും
- Posted on October 07, 2024
- News
- By Varsha Giri
- 83 Views
പരിഷ്‌ക്കരിച്ച 'സമഗ്ര പ്ലസ്' പോർട്ടലിൽ ഒന്നാം വർഷ, രണ്ടാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന 'ചോദ്യശേഖരം' (Question Bank) തയ്യാറാക്കി കൈറ്റ്. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, എക്കണോമിക്‌സ്, അക്കൗണ്ടൻസി, ബോട്ടണി, സുവോളജി, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളുടെ 6500 ചോദ്യങ്ങളാണ് നിലവിൽ 'സമഗ്രപ്ലസ്' പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ളത്.
പ്രത്യേകം ലോഗിൻ ചെയ്യാതെതന്നെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെല്ലാം 'സമഗ്രപ്ലസ്' പോർട്ടലിലെ Question Bank ലിങ്ക് വഴി ഈ സംവിധാനങ്ങൾ ഉപയോഗിക്കാനാകും. മീഡിയം, ക്ലാസ്, വിഷയം, അദ്ധ്യായം എന്നിങ്ങനെ യഥാക്രമം തിരഞ്ഞെടുത്താൽ ആ അദ്ധ്യായത്തിലെ ചോദ്യങ്ങൾ ക്രമത്തിൽ കാണാനാകും. ചോദ്യത്തിന് നേരെയുള്ള 'View Answer Hint' ക്ലിക്ക് ചെയ്താൽ അതിനുള്ള ഉത്തര സൂചികയും ദൃശ്യമാകും.
ഹയർ സെക്കന്ററി അധ്യാപകർക്ക് വ്യത്യസ്ത ടേമുകൾക്കും അദ്ധ്യായങ്ങൾക്കും അനുസൃതമായ ചോദ്യപേപ്പറുകൾ അനായാസേന തയ്യാറാക്കാൻ സൗകര്യമൊരുക്കുന്നു എന്നതാണ് 'സമഗ്രപ്ലസി'ന്റെ മറ്റൊരു പ്രധാന സവിശേഷത. ഇതിനായി അധ്യാപകർ ലോഗിൻ ചെയ്ത് പോർട്ടലിലെ 'Question Repository' എന്ന ഭാഗം പ്രയോജനപ്പെടുത്തണം. നിലവിലുള്ള ചോദ്യ ശേഖരത്തിനു പുറമെ അധ്യാപകർക്ക് 'My Questions' എന്ന ടാബിൽ ക്ലിക്ക് ചെയ്ത് സ്വന്തമായി ചോദ്യങ്ങൾ തയ്യാറാക്കാനും അപ്രകാരം തയ്യാറാക്കിയവ അവരുടെ ചോദ്യശേഖരത്തിൽ ചേർത്ത് ചോദ്യപേപ്പറിന്റെ ഭാഗമാക്കാനും സംവിധാനമുണ്ട്.
ഒൻപത്, പത്ത് ക്ലാസുകൾക്കായി 'സമഗ്രപ്ലസി'ൽ ചോദ്യശേഖര സംവിധാനം നേരത്തെതന്നെ ലഭ്യമാക്കിയിട്ടുണ്ട്. പുതിയ ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിനനുസൃതമായി പ്രത്യേകം 'അസസ്‌മെന്റ് വിഭാഗവും' ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി അധ്യാപകർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ പരിശീലനം നൽകിയിട്ടുണ്ട്.
കൂടുതൽ വിഷയങ്ങളും ചോദ്യങ്ങളും ഉൾപ്പെടുത്തി നിരന്തരം പരിഷ്‌ക്കരിക്കുന്ന സമീപനമാണ് 'സമഗ്രപ്ലസ്' പോർട്ടലിനായി സ്വീകരിച്ചിട്ടുള്ളതെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു. www.samagra.kite.kerala.gov.in എന്നതാണ് പോർട്ടലിന്റെ വിലാസം.