മാധ്യമ കൂട്ടായ്മയുടെ വനിതാ ദിനാഘോഷം ഇന്ന് തുടങ്ങും
കല്‍പ്പറ്റ: വിവിധ മാധ്യമ കൂട്ടായ്മകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന വനിതാ ദിനാഘോഷ പരിപാടികള്‍ ഇന്ന് തുടങ്ങും. തിങ്കളാഴ്ചവരെയാണ് പരിപാടികള്‍. മീഡിയ വിംഗ്‌സ് ഡിജിറ്റല്‍ സൊല്യൂഷന്‍സ്, കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍, ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍, കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍, വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വനംവകുപ്പ്, എന്‍ഊര്, സംരംഭകരായ ഫുഡ്ഡേ, ഗസല്‍ താസ വൈത്തിരി, വൈത്തിരി പാര്‍ക്ക്, ഇന്ദ്രിയ വയനാട് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികള്‍.
കേരളത്തിനകത്തും പുറത്തുമുള്ള വനിതാ ഇന്‍ഫ്‌ളുവന്‍സേഴ്‌സ്, വനിതാ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരാണ് മുഴുവന്‍ സമയവും പരിപാടിയില്‍ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നത്. 5 മണിക്ക് എന്‍ ഊരില്‍ സംസ്ഥാനത്തെ മികച്ച കലക്ടര്‍, സബ് കലക്ടര്‍ പുരസ്‌കാരങ്ങള്‍ നേടിയ വയനാട് കലക്ടര്‍ എ.ഗീത, സബ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി എന്നിവരുമായി ലൈവ് ചാറ്റ് ഷോ, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. സിനിമാ തിരിക്കഥാകൃത്തും സംവിധായകനുമായ സജീവ് പാഴൂര്‍ വിശിഷ്ടാതിഥിയായിരിക്കും. വയനാട് പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് നീനു മോഹന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ വന വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ് മാധ്യമ പ്രവർത്തകരുമായി സംവദിക്കും.
ശനിയാഴ്ച വനംവകുപ്പുമായി ചേര്‍ന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്‌ന കരീമിന്റെ നേതൃത്വത്തില്‍ രാവിലെ ചെമ്പ്രമല ട്രക്കിംഗ്. ഉച്ചകഴിഞ്ഞ് വയനാട് ഡി.ടി.പി.സിയുമായി ചേര്‍ന്ന് കാന്തന്‍പാറ വെള്ളച്ചാട്ടം സന്ദര്‍ശനം. ഞായറാഴ്ച രാവിലെ 10 മണിക്ക് കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്തുള്ള ഹോട്ടല്‍ ഇന്ദ്രിയ വയനാടില്‍ നടക്കുന്ന സമ്മേളനം ടി .സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും പൊതുപരിപാടിയില്‍ വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി.റോസക്കുട്ടി ടീച്ചര്‍ മുഖ്യാതിഥിയായിരിക്കും.
വനിതാദിനത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും മീഡിയ വിംഗ്‌സ് നല്‍കിവരാറുള്ള വുമണ്‍സ് എക്‌സലന്‍സ് അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കും. സമൂഹത്തിന്റെ വിവിധ തുറകളില്‍ മികവ് തെളിയിച്ചവരേയും ആദരിക്കും. ഉച്ചകഴിഞ്ഞ് വൈത്തിരി പാര്‍ക്കില്‍ നടക്കുന്ന പരിപാടിയോടെ വയനാട്ടിലെ പരിപാടികള്‍ അവസാനിക്കും. തിങ്കളാഴ്ച മൈസൂരിലാണ് വനിതാദിനാഘോഷത്തിന്റെ സമാപന ചടങ്ങുകള്‍.