ക്രിസ്മസ് ചുവപ്പും പച്ചയും വെള്ളയുമായ കഥ

1900 കളിൽ കൊക്കക്കോളയും ചുവപ്പ് വെള്ള നിറങ്ങൾ ക്രിസ്മസ് നിറങ്ങളായി  പ്രചാരത്തിലാക്കാൻ കാരണമായവരിൽ പെടുന്നു

ചുവപ്പ്, പച്ച, വെള്ള ഈ നിറങ്ങളൊക്കെ ഒരുമിച്ചു കാണുമ്പോൾ തന്നെ നമുക്ക് ഓർമ്മ വരുന്നത് ക്രിസ്തുമസിന്റെ ആഘോഷരാവുകളാണ്. ഈ നിറങ്ങളിലുള്ള ദീപാലങ്കാരങ്ങൾ,  നക്ഷത്രങ്ങൾ ഒക്കെ വീടുകളിൽ കാണുമ്പോൾ അല്ലെങ്കിൽ വഴിയരികിലെ കടകളൊക്കെ ഈ നിറങ്ങളിലേക്ക് മാറുമ്പോൾ നമുക്കറിയാം ദാ ക്രിസ്മസ് വന്നു എന്ന്. പക്ഷേ എങ്ങനെയാണ് ക്രിസ്തുമസ് ആഘോഷങ്ങൾ ഈ നിറങ്ങളിൽ തിളങ്ങാൻ തുടങ്ങിയത്?

ഇതിനുത്തരം ലഭിക്കാൻ നമ്മൾ കുറെ പുറകോട്ട് സഞ്ചരിക്കണം. നമ്മുടെ പല ക്രിസ്മസ് ആചാരങ്ങളും യൂറോപ്പ് മാതൃകയിൽ ഉള്ളതാണെന്ന് അറിയാമല്ലോ. ഇപ്പോൾ നമ്മുടെ വീടുകളെ അലങ്കരിക്കുന്ന ക്രിസ്മസ് റീത്തുകൾ പോലും അങ്ങനെ വന്നവയാണ്. ക്രിസ്മസ് നിറങ്ങളായി ചുവപ്പും പച്ചയും നമുക്ക് ലഭിക്കുന്നത് 2000 ബിസി മുതൽ 1001 ബിസി വരെ ഇൻഡോ യൂറോപ്പ് നാടുകളിൽ ജീവിച്ചിരുന്ന കെൽറ്റിക് ആളുകളിൽ നിന്നാണ്. അതിശൈത്യത്തിന്റെ നാളുകളിൽ അലങ്കാരത്തിനായി ഇവർ ഉപയോഗിച്ചിരുന്നത് ചുവപ്പും പച്ചയും നിറത്തിലുള്ള മരങ്ങളാണ്. ഈ നിറങ്ങളിലുള്ള മരങ്ങൾ തങ്ങൾക്ക് ഐശ്വര്യം കൊണ്ടുവരുമെന്ന് അവർ വിശ്വസിച്ചിരുന്നു. പിന്നീട് പള്ളികളിലും മറ്റും ഈ നിറങ്ങളിലായി അലങ്കാരങ്ങൾ. കൂടാതെ പച്ചയും ചുവപ്പും   നിറങ്ങളിലുള്ള മഷി മാത്രമേ ലഭ്യമായിരുന്നുള്ളൂ. പള്ളികളിൽ ഈ നിറങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ, യേശുവുമായി ആളുകൾ ഈ നിറങ്ങളെ ബന്ധിപ്പിക്കാൻ തുടങ്ങി. തുടർന്ന് വിക്ടോറിയൻ കാലഘട്ടങ്ങളിൽ കാർഡുകളിലും അലങ്കാരങ്ങളിലും ചുവപ്പും പച്ചയും പ്രത്യക്ഷപ്പെടാൻ തുടങ്ങി.

1900 കളിൽ കൊക്കക്കോളയും ചുവപ്പ് വെള്ള നിറങ്ങൾ ക്രിസ്മസ് നിറങ്ങളായി  പ്രചാരത്തിലാക്കാൻ കാരണമായവരിൽ പെടുന്നു. 1931 ൽ കൊക്ക ക്കോളയുടെ പരസ്യങ്ങൾക്കായി സാന്തയെ വരയ്ക്കാൻ ഹേഡൻ സൺബ്ലോമിനെ നിയോഗിച്ചു. കൊക്കകോളയുടെ ഔദ്യോഗിക നിറങ്ങളായ ചുവപ്പും വെളുപ്പും നിറത്തിലുള്ള ശൈത്യകാല വസ്ത്രങ്ങൾ ധരിച്ച,  വെള്ളത്താടിയുള്ള, ഊർജ്ജസ്വലനായ, പുഞ്ചിരി തൂകുന്ന ഒരു മനുഷ്യനെയാണ് അന്ന് അദ്ദേഹം വരച്ചത്. ശാന്ത കൊക്കക്കോള കുടിക്കുന്നതും, കുട്ടികളുമായി സമയം ചിലവിടുന്നതുമായ ചിത്രങ്ങൾ അമേരിക്കയിൽ തരംഗമായി. മുൻപ് പലരും സാന്തയെ വരച്ചിട്ടുണ്ടെങ്കിലും, ജനങ്ങളുടെ മനസ്സ് കീഴടക്കിയത് കൊക്കക്കോളയുടെ സാന്തയായിരുന്നു.

ഏതൊക്കെയാണ് ക്രിസ്മസ് നിറങ്ങൾ? എന്തൊക്കെയാണ് അവയുടെ അർത്ഥം?

 ചുവപ്പ്- യേശുവിന്റെ രക്തവുമായി ബന്ധപ്പെടുത്തി ചുവപ്പ് നിറത്തെ വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാൽ സാന്താക്ലോസുമായും അദ്ദേഹത്തിന്റെ വസ്ത്രവുമായി ആണ് കൂടുതലും ആളുകൾ ഈ നിറത്തെ ഓർക്കുന്നത്. സ്നേഹത്തിന്റെ പ്രതീകം കൂടിയാണ് ചുവപ്പുനിറം.

 പച്ച- ശൈത്യകാലത്തും പ്രകൃതിയുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നതാണ് പച്ച നിറം. സമ്പത്ത് ആരോഗ്യം ഭാഗ്യം എന്നിവയുടെ പ്രതീകം കൂടിയാണ് പച്ച.

സ്വർണ്ണ നിറം- സ്വർണ്ണ നിറവും ക്രിസ്മസ് നിറങ്ങളിൽ പെടുന്നവയാണ് സ്വർണ്ണ നിറം. സൂര്യന്റെ പ്രതീകമാണ് ഇരുട്ടിലേക്ക് പ്രകാശമായി യേശു വന്നതിനെയും ഈ നിറം സൂചിപ്പിക്കുന്നു.

വെള്ള- മഞ്ഞിന്റെ നിറമുള്ള തൂവെള്ള നിറമില്ലാതെ എന്ത് ക്രിസ്മസ്. വെള്ള നിറം പരിശുദ്ധിയെയും നന്മയെയും സൂചിപ്പിക്കുന്നു.

 പർപ്പിൾ - പർപ്പിൾ ക്രിസ്മസ്  നിറമായി പരിഗണിക്കാറില്ലെങ്കിലും, ചിലയിടങ്ങളിൽ പർപ്പിൾ ക്രിസ്മസ് അലങ്കാരങ്ങളിലും വസ്ത്രങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. ആഡംബരത്തെയും രാജകീയതയും സൂചിപ്പിക്കുന്നതാണ് പർപ്പിൾ നിറം.

Author
No Image
Journalist

Dency Dominic

No description...

You May Also Like