വനിതാസംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.
- Posted on April 10, 2026
- News
- By Goutham prakash
- 25 Views
പാർലമെന്റിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണംകൂട്ടി സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാസംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ഏപ്രിൽ 16 മുതൽ ചേരുന്ന ബജറ്റ് സമ്മേളനത്തുടർച്ചയിൽ നാരീശക്തി വന്ദൻ അഭിയാൻ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കും. മണ്ഡല പുനർനിർണയ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ മറ്റൊരു ബില്ലും അവതരിപ്പിക്കും.
ഭേദഗതിപ്രകാരം ലോക്സഭാ സീറ്റുകൾ നിലവിലെ 543-ൽനിന്ന് 816 ആയി വർധിക്കും. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണംചെയ്യും
2029-ലെ പൊതുതിരഞ്ഞെടുപ്പിൽ നിയമം പ്രാബല്യത്തിൽവരും. 2011 സെൻസസ് അടിസ്ഥാനമാക്കി മണ്ഡലപുനർനിർണയം പൂർത്തിയാക്കും. 2027 സെൻസസ് പൂർത്തിയാക്കിയശേഷം സംവരണം നടപ്പാക്കാനായിരുന്നു ആദ്യതീരുമാനമെങ്കിലും ഇത് 2034 വരെ നീണ്ടേക്കുമെന്ന ആശങ്കയുണ്ടായിരുന്നു. അതിനാലാണ് പഴയ സെൻസസ് മാനദണ്ഡമാക്കുന്നത്. സ്ത്രീകൾക്കുള്ള സംവരണം കൂട്ടുമ്പോഴും എസ്.സി., എസ്.ടി. സംവരണം തുടരും. നിയമസഭകളിലും സമാനരീതിയിൽ സീറ്റുകൾ വർധിപ്പിച്ച് അനുപാതികമായി സ്ത്രീകൾക്ക് സംവരണം നൽകും.സ്ത്രീസംവരണ ബില്ലിന് 2023 സെപ്റ്റംബറിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയത്. അന്നത്തെ നിയമമാണിപ്പോൾ വീണ്ടും ഭേദഗതി ചെയ്യുന്നതും സീറ്റുകൾ വർധിപ്പിക്കുന്നതും
