മികവാര്‍ന്ന് കലാവേദികള്‍ ഉണർവോടെ, മത്സരാര്‍ഥികള്‍

ഏട്ടാമത് സര്‍ഗോത്സവ കലാമേളയില്‍ മികവാര്‍ന്ന്  കലാവേദികളും മിഴിവാര്‍ന്ന പ്രകടനങ്ങളോടെ മത്സരാര്‍ഥികളും വിവിധ വേദികളില്‍ മാറ്റുരയ്ച്ചു. ഏഴുവര്‍ഷത്തിനു ശേഷം ജില്ലയില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍  വിവിധ കലാമത്സരങ്ങളിലായി സംസ്ഥാനത്തെ 22 മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകളിലെയും 118 പ്രീ-പോസ്റ്റ് മെട്രിക്  ഹോസ്റ്റലുകളിലെയും 1525 വിദ്യാര്‍ത്ഥികളാണ് 31 ഇനങ്ങളിലായി മത്സരിക്കുന്നത്. ഗോത്രവര്‍ഗ കലകള്‍ തനിമ നഷ്ടമാവാതെ പുതിയ തലമുറകളിലേക്ക് പകര്‍ന്നു നല്‍കാനായി വകുപ്പ് പ്രത്യേകമായി നടത്തിവരുന്ന സംസ്ഥാനതല കലാമേളയാണ് സര്‍ഗ്ഗോത്സവം. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് 2013 ലാണ് ആദ്യമായി സര്‍ഗോത്സവം സംഘടിപ്പിക്കുന്നത്. 2013, 2014, 2015 വര്‍ഷങ്ങളില്‍ കണിയാമ്പറ്റ എം.ആര്‍.എസിലും  2016 - പാലക്കാട്,  2017 - കാസര്‍ഗോഡ്, 2018 ല്‍ തിരുവനന്തപുരം, 2019-2020  കോഴിക്കോട് ജില്ലകളാണ് സര്‍ഗോത്സവത്തിന് വേദികളായത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സര്‍ഗോത്സവത്തിന് തുടക്കമായത്. ഡിസംബര്‍ 27 ന് സ്‌റ്റേജിതര മത്സരങ്ങളോടെ കലാ മാമാങ്കത്തിന് തുടക്കം കുറിച്ചു. 31 ഇനങ്ങളിലായി നടക്കുന്ന മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ 12 ഉും സീനിയര്‍ വിഭാഗത്തില്‍ 19 ഉും ഇനങ്ങളുമാണുള്ളത്. മത്സരത്തില്‍ എ, ബി ഗ്രേഡുകള്‍ കരസ്ഥമാക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്ക് ട്രോഫി നല്‍കും. വേദി രണ്ട് തുടിയില്‍ നടന്ന നാടകം, സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ നാടോടിനൃത്തം, വേദി ഒന്ന് ഗദ്ദികയില്‍ നടന്ന പരമ്പരാഗത ഗാനം, പരമ്പരാഗത നൃത്തത്തിന് കാണികളുടെ വലിയ പങ്കാളിത്തമുണ്ടായിരുന്നു.  പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ 157 ലധികം ഉദ്യോഗസ്ഥരും വിവിധ ജില്ലകളില്‍ നിന്നുള്ള പ്രമോട്ടര്‍മാര്‍, വളണ്ടിയര്‍മാര്‍ മേളയുടെ ഭാഗമായി മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 


വയനാടന്‍ കാഴ്ചയിലെ വരയ്ക്ക്് ഒന്നാംസ്ഥാനം 



വയനാടന്‍ കാഴ്ച ക്യാന്‍വാസില്‍ പകര്‍ത്തിയപ്പോള്‍ കാസര്‍കോഡ് കുറ്റിക്കോല്‍ പ്രീമെട്രിക്  ഹോസ്റ്റലിലെ പത്താം പത്താം ക്ലാസ് വിദ്യാര്‍ഥി പി.ജെ നന്ദുവിന് ലഭിച്ചത് സീനിയര്‍  വിഭാഗം ജലഛായ മത്സരത്തില്‍ ഒന്നാം സ്ഥാനമാണ്. കൃഷിയിടവും വന്യജീവിയും എന്ന വിഷയം ലഭിച്ചപ്പോള്‍  വയനാട്ടിലെക്കുള്ള ബസ് യാത്രയില്‍ കണ്ട കാഴ്ചകളാണ് ക്യാന്‍വാസിലാക്കിയത്. കാഴ്ചകളിലെ ചിത്രങ്ങള്‍ക്ക്    നിറം  പകര്‍ന്നപ്പോള്‍ സംസ്ഥാന സര്‍ഗോത്സവത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചു. ഒരു വര്‍ഷമായി കുന്നംകുഴി രവിവര്‍മ്മ ആര്‍ട്‌സ് സ്‌കൂളിലെ  ചിത്രകാലാധ്യാപകന്‍ മുന്നാട് അശോകന് കീഴില്‍ പരിശീലനം നേടുന്നുണ്ട്. സ്‌കൂള്‍  കലാമത്സരങ്ങളിലും നന്ദു സമ്മാനര്‍ഹനായിട്ടുണ്ട്.


സംസ്ഥാന സര്‍ഗോത്സവത്തിലെ ആദ്യ വിജയിയായി ദയ 


സംസ്ഥാന സര്‍ഗോത്സവ മത്സരത്തിലെ ആദ്യ മത്സര ഫലം വന്നപ്പോള്‍ കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഹോസ്റ്റലിലെ ദയ ദീപു ജൂനിയര്‍ വിഭാഗം കവിതാ പാരായണ മത്സരത്തില്‍ വിജയിയായി.  ഗാന്ധാരി വീണ്ടും കരയുന്നു എന്ന കവിത താള ലയ ഭാവങ്ങളില്‍ സമന്വയിച്ചപ്പോള്‍   ദയാ ദീപു ഒന്നാമതായി.   കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഹോസ്റ്റലില്‍  പഠിക്കുന്ന ദയ കുഴിമാവ് ഗവ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. അച്ഛനും അമ്മയും നഷ്ടമായ ദയക്കൊപ്പം ഇരട്ട സഹോദരിയായ ദിയ ദീപുവും ലളിത ഗാന മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ചെറുപ്പം മുതല്‍ കലാമത്സരങ്ങളില്‍ ഇഷ്ടമുള്ള സഹോദരങ്ങള്‍ സ്‌കൂള്‍ കലോത്സവങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്.


സര്‍ഗോത്സവ നഗരിയില്‍ ബോധവത്കരണവുമായി എക്‌സൈസ് വകുപ്പ്


സംസ്ഥാനതല സര്‍ഗോത്സവ മത്സരങ്ങള്‍ നടക്കുന്ന മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം തടയല്‍, ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങള്‍ എന്നിവയില്‍ ബോധവത്കരണവുമായി എക്‌സൈസ് വകുപ്പ്. ലഹരി മുക്ത വിദ്യാലയംഭവനംഗ്രാമം കേരളം എന്ന സന്ദേശത്തോടെയാണ് വകുപ്പ് സ്റ്റാള്‍ സജ്ജമാക്കിയത്. വിദ്യാര്‍ത്ഥികളില്‍ ആരോഗ്യപരവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങളിലൂടെ ലഹരി നിര്‍മ്മാര്‍ജ്ജ സന്ദേശമാണ് വകുപ്പ് ഉറപ്പാക്കുന്നത്. ജീവിതമാണ് ലഹരി എന്ന വിഷയത്തില്‍ സംസ്ഥാനത്തെ വിവിധ മോഡല്‍ റസിഡന്‍ഷന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പോസ്റ്റര്‍ പ്രദര്‍ശനവും നടന്നു. മേള നഗരിയില്‍ തയ്യാറാക്കിയ ലഹരിക്കെതിരെ ഒരു കയ്യൊപ്പ് സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ എക്‌സൈസ് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണറും വിമുക്തി ജില്ലാ മാനേജറുമായ എ.ജെ ഷാജി ഉദ്ഘാടനം 

ചെയ്തു. 


പെന്‍സില്‍ ഡ്രോയിങില്‍ തിളങ്ങി ജ്യോതിക


സംസ്ഥാന സര്‍ഗോത്സവ മത്സരത്തിലെ പെന്‍സില്‍ ഡ്രോയിങ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ആഹ്ലാദത്തിലാണ് കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ടി.ആര്‍ ജ്യോതിക. ചിത്രരചനയില്‍ ശാസ്ത്രീയ പരിശീലനം നേടിയിട്ടില്ലെങ്കിലും ഇഷ്ട മത്സര ഇനമായ പെന്‍സില്‍ ഡ്രോയിങ്ങിലാണ് ജ്യോതിക മത്സരിച്ചത്.  ആല്‍ത്തറയിലെ വൃദ്ധന്‍മാര്‍ എന്ന വിഷയത്തില്‍ ഏറെ പരിചിതമായ വയനാടന്‍ ഗ്രാമ കാഴ്ചകളാണ് ജ്യോതിക ക്യാന്‍വാസിലാക്കിയത്. തലപ്പുഴ മക്കിമല സ്വദേശിയായ ജ്യോതിക അഞ്ച് മുതല്‍ കണിയാമ്പറ്റ എം.ആര്‍.എസിലാണ് പഠിക്കുന്നത്്. പാഠ്യ പദ്ധതി പരിഷ്‌കരണവുമായി  ബന്ധപ്പെട്ട് പുസ്തകങ്ങളിലെ ചിത്രങ്ങള്‍ വരക്കുന്നതിനായി സംസ്ഥാനത്തെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുത്തവരില്‍ ജ്യോതിക ഉള്‍പ്പെട്ടിട്ടുണ്ട്.


ജീവിതമാണ് ലഹരി ശ്രദ്ധേയമായി പോസ്റ്റര്‍ പ്രദര്‍ശനം


സര്‍ഗോത്സവം സംസ്ഥാനതല കലോത്സവത്തിന്റെ ഭാഗമായി പ്രചാരണ കമ്മിറ്റിയും എക്‌സൈസ് വകുപ്പും സംയുക്താഭിമുഖ്യത്തില്‍ ജീവിതമാണ് ലഹരിയെന്ന വിഷയത്തില്‍ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും സംഘടിപ്പിച്ചു. സംസ്ഥാനത്തെ വിവിധ മോഡല്‍ റസിഡന്‍ഷല്‍, പ്രീമെട്രിക് ഹോസ്റ്റലുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളില്‍ നിന്നും 12 എന്‍ട്രികള്‍ ലഭിച്ചു. ലഹരിക്കെതിരെ ബൗദ്ധികമായ ചെറുത്തുനില്‍പ്പെന്ന ആശയം മുന്‍നിര്‍ത്തി  സംഘടിപ്പിച്ച പ്രദര്‍ശനത്തിന് മേള നഗരിയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.  സ്ഥാപന മേധാവികള്‍ തിരഞ്ഞെടുക്കുന്ന കുട്ടികളുടെ സൃഷ്ടികള്‍ ഡിസംബര്‍ 26 വൈകിട്ട് കലോത്സവ വേദിയില്‍ ലഭ്യമാക്കാനായിരുന്നു നിര്‍ദ്ദേശം. മത്സരത്തില്‍ പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ ശിവതരുണി ഒന്നാം സ്ഥാനവും സി. കീര്‍ത്തന  രണ്ടാം സ്ഥാനവും നേടി.


വയറും മനസും നിറച്ച് സര്‍ഗോത്സവ കലവറ


പരാതികള്‍ക്കിടനല്‍കാതെ വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കി സര്‍ഗോത്സവ കലവറ. മാനന്തവാടി ഗവ വൊക്കേഷണല്‍ സ്‌കൂളില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന മേളയില്‍ ഓരേ നേരങ്ങളിലായി 2250 പേര്‍ക്കുള്ള ഭക്ഷണമാണ് കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ വിതരണം ചെയ്തത്. പ്രഭാത ഭക്ഷണമുള്‍പ്പെടെ അഞ്ചുനേരങ്ങളിലായാണ് ഊട്ടുപുരയില്‍ നിന്നും ഭക്ഷണ വിതരണം ഉറപ്പാക്കിയത്. വിഭവസമൃദ്ധമായ സദ്യ,  നെയ്‌ച്ചോര്‍, ബിരിയാണി, മീന്‍, പനീര്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്ത വിഭവങ്ങള്‍ ഉള്‍പ്പെടുത്തി കൃത്യമായ മേല്‍നേട്ടത്തിലും ഗുണമേന്മയിലും വിതരണം ചെയ്തപ്പോള്‍ സംഘാടകരും ഭക്ഷണം കഴിച്ചവരും ഒരു പോലെ ഹാപ്പി. ഒരേ സമയം 800 ലധികം ആളുകളെ ഉള്‍കൊള്ളുന്ന ജര്‍മന്‍ പന്തലില്‍ ബുഫെ രീതിയിലാണ് ഭക്ഷണ വിതരണം ക്രമീകരിച്ചിരുന്നത്. 320 പേര്‍ക്ക് ടേബിളില്‍  ഇരുന്നും തിരക്കിനുസരിച്ച് കസേരകളില്‍ ഇരുന്ന് കഴിക്കാനുമുള്ള സജ്ജീകരണങ്ങളും ഒരുക്കി.  വിശിഷ്ട അതിഥികള്‍ക്കായി വിഐപി കോര്‍ണര്‍ സജ്ജീകരിച്ചിട്ടുണ്ട്. പാചകത്തിനും വിതരണത്തിനുമായി വളണ്ടിയേഴ്‌സ് ഉള്‍പ്പെടെ 70 ലധികം ആളുകളുടെ സേവനവും പന്തലില്‍ ഉറപ്പാക്കിയതിനാല്‍ തിരക്കും പരാതികളും ഒഴിവാക്കാനായി.  ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍മാരായ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാടി, ജില്ലാപഞ്ചായത്തംഗം വിജയന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, പുനലൂര്‍ അസിസ്റ്റ്‌ ്രൈടബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അരുണ്‍ കുമാര്‍, മലമ്പുഴ ആശ്രമം സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് ദീപ, കണ്ണൂര്‍ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് പ്രസാദ് അളോക്കന്‍ എന്നിവരുള്‍പ്പെടെ 24 അംഗ കമ്മറ്റിയാണ് ഭക്ഷണ കമ്മിറ്റിക്ക് മേല്‍നേട്ടം വഹിച്ചത്.



സി.ഡി. സുനീഷ്


Author
Citizen Journalist

Goutham prakash

No description...

You May Also Like