ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം ശക്തമായ നിയമനിര്‍മ്മാണം: മന്ത്രി വീണാ ജോര്‍ജ്

  • Posted on March 25, 2023
  • News
  • By Fazna
  • 99 Views

തിരുവനന്തപുരം: എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഇ ഹെല്‍ത്ത് സംവിധാനമൊരുക്കും സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് വിതരണം ചെയ്തു.

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിയമനിര്‍മ്മാണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ വശങ്ങളും പരിശോധിച്ച് എത്രയും വേഗം നടപ്പിലാക്കുന്നതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിര്‍ഭാഗ്യകരമാണ്. അതവരുടെ മനോവീര്യം തകര്‍ക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. 2021-22 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് പുരസ്‌കാരം പരിപാടിയുടെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നിശാഗന്ധി ആഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഇ ഹെല്‍ത്ത് സംവിധാനമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. 540 ഓളം സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഇതിലൂടെ പേപ്പര്‍ രഹിത ആശുപത്രി സേവനം സാധ്യമാക്കാനും ഓണ്‍ലൈന്‍ വഴി ഒപി ടിക്കറ്റെടുക്കാനും ആശുപത്രി അപ്പോയിന്റ്മെന്റെടുക്കാനും സാധിക്കുന്നു. ഓക്‌സിജന്‍ സ്വയംപര്യാപ്തതയില്‍ കേരളത്തെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കി. ഇന്ത്യയില്‍ ആദ്യമായി ജനറല്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടത്തി. ജീവിതശൈലീ രോഗങ്ങള്‍ക്കായി ശൈലി ആപ്പ് വഴി വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് ജില്ലാതല കാന്‍സര്‍ പരിപാടി സംഘടിപ്പിച്ചു വരുന്നു. നേരത്തെ കാന്‍സര്‍ കണ്ടെത്തി ചികിത്സിക്കുകയാണ് ലക്ഷ്യം. ആര്‍സിസിയിലും എംസിസിയിലും റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നു. കാസര്‍ഗോഡ് ജില്ലയില്‍ ന്യൂറോളജിസ്റ്റിനെ നിയമിച്ചു. ഇടമലക്കുടിയിലും ചട്ടമൂന്നാറിലും ആശുപത്രികള്‍ യാഥാര്‍ത്ഥ്യമാകുന്നു. സബ്‌സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ എന്‍ക്യുഎഎസ് നേടിയ സംസ്ഥാനമാണ് കേരളം. ഇതുവരെ 157 സ്ഥാപനങ്ങളാണ് എന്‍ക്യുഎഎസ് നേടിയിട്ടുള്ളത്. കേരളത്തിലെ ആരോഗ്യ സൂചകങ്ങള്‍ വികസിത രാജ്യങ്ങളോട് താരതമ്യം ചെയ്യാവുന്നതാണ്. ഈ രണ്ട് വര്‍ഷക്കാലത്തിനുള്ളില്‍ ദേശീയ തലത്തില്‍ 11 ഓളം പുരസ്‌കാരങ്ങള്‍ ആരോഗ്യ മേഖലയ്ക്ക് ലഭിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ഏറ്റവും സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഫീല്‍ഡ് തലം മുതലുള്ള ആരോഗ്യ പ്രവര്‍ത്തകരും തദ്ദേശ സ്ഥാപനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാണ് ഈ നേട്ടങ്ങള്‍ കൈവരിക്കാനായത്. ഈ അംഗീകാരങ്ങള്‍ എല്ലാവര്‍ക്കുമുള്ളതാണ്.

രോഗം വരുമ്പോള്‍ പണമില്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ മുടങ്ങാന്‍ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. പുരസ്‌കാരങ്ങള്‍ നേടിയ എല്ലാ ആശുപത്രികളേയും മന്ത്രി അഭിനന്ദിച്ചു.

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ഡല്‍ഹി ക്യു.പി.എസ്., എന്‍.എച്ച്.ആര്‍.സി. അഡൈ്വസര്‍ ജെ.എന്‍. ശ്രീവാസ്തവ, ആരോഗ്യവകുപ്പ് അഡീ. ഡയറക്ടര്‍ ഡോ. കെ.വി. നന്ദകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍, ക്വാളിറ്റി അഷ്വറന്‍സ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ജി.ജി. ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

ജില്ലാതല ആശുപത്രികളില്‍ ജില്ലാ ആശുപത്രി എഎ റഹിം മെമ്മോറിയല്‍ കൊല്ലം, ജനറല്‍ ആശുപത്രി എറണാകുളം എന്നിവ ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപ പങ്കിട്ടു. സബ് ജില്ലാ വിഭാഗത്തില്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി പുനലൂര്‍, കൊല്ലം, സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ സി.എച്ച്.സി പെരിഞ്ഞനം തൃശൂര്‍ എന്നിവ ഒന്നാം സ്ഥാനം നേടി. പ്രാഥമികാരോഗ്യ കേന്ദ്രം, അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ നല്‍കി.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like