*സഞ്ജുവും സാലി സാംസണും കൊച്ചി ബ്ലൂ ടൈഗേഴ്സ് പരിശീലന ക്യാമ്പിൽ എത്തി*
- Posted on July 25, 2025
- News
- By Goutham prakash
- 165 Views

*സ്പോർട്ട്സ് ലേഖിക*
കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് മുന്നോടിയായുള്ള പരിശീലനത്തിനായി സഞ്ജു സാംസണും സാലി സാംസണും കൊച്ചി ബ്ലൂടൈഗേഴ്സ് പരിശീലന ക്യാമ്പിൽ എത്തി. തിരുവനന്തപുരത്തെ ബെല്ലിൻടർഫ് സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന ക്യാമ്പിലെത്തിയ സഹോദരങ്ങളെ ടീം മാനേജ്മെന്റ് സ്വീകരിച്ചു. സഞ്ജുവിന്റെ വരവ് ടീമിന്റെ ആത്മവിശ്വാസം വാനോളം ഉയർത്തിയിട്ടുണ്ട്.
കെസിഎൽ രണ്ടാം സീസണിൽ വൻ താരനിരയുമായാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് കളത്തിലിറങ്ങുന്നത്. റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിച്ച സഞ്ജു സാംസൺ ടീമിന്റെ വൈസ് ക്യാപ്റ്റനും സഹോദരൻ സാലി സാംസൺ ക്യാപ്റ്റനുമാണ്. ഇരുവരും ഒരുമിച്ച് പരിശീലനത്തിന് ഇറങ്ങിയതോടെ ആരാധകരും ആവേശത്തിലാണ്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായാണ് ടൈഗേഴ്സിന്റെ ക്യാമ്പ് നടക്കുന്നത്.
സഞ്ജു സാംസണിന്റെയും സാലി സാംസണിന്റെയും വരവ് ടീമിന് പുതിയൊരു ഊർജ്ജം പകർന്നിരിക്കുകയാണെന്ന് ടീം ഉടമ സുഭാഷ് മനുവൽ പറഞ്ഞു. "സഞ്ജുവിനെപ്പോലൊരു ലോകോത്തര താരം ഞങ്ങളുടെ ടീമിന്റെ ഭാഗമായതിൽ അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും കളിമികവും യുവതാരങ്ങൾക്ക് പ്രചോദനമാകും. സാലിയുടെ ക്യാപ്റ്റൻസിയിൽ സഞ്ജുവിന്റെ വൈസ് ക്യാപ്റ്റൻസി കൂടി ചേരുമ്പോൾ ഈ സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് കിരീടം ചൂടുമെന്ന കാര്യത്തിൽ സംശയമില്ല," സുഭാഷ് മനുവൽ പറഞ്ഞു.
ടീമിന്റെ പരിശീലനം മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്ന് മുഖ്യ പരിശീലകൻ റൈഫി വിൻസെന്റ് ഗോമസ് അഭിപ്രായപ്പെട്ടു. "ഓരോ കളിക്കാരന്റെയും കായികക്ഷമത ഉറപ്പുവരുത്തുന്നതിനും അവരുടെ പ്രകടനത്തിലെ പോരായ്മകൾ പരിഹരിക്കുന്നതിനുമാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. സഞ്ജുവും സാലിയും എത്തിയതോടെ ടീമിന്റെ ഘടന കൂടുതൽ ശക്തമായി. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും പുതിയ തന്ത്രങ്ങൾ മെനയുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പരിശീലന മത്സരങ്ങൾ കളിച്ച് ടീമിനെ പൂർണ്ണ സജ്ജമാക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 21ന് ആരംഭിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങാനാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ഒരുങ്ങുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങൾ പരിശീലന ക്യാമ്പിലെത്തും.