വികസിത് ഭാരത്@2047: ജയിന്‍ യൂണിവേഴ്‌സിറ്റി-കുസാറ്റ് സംയുക്ത ഗവേഷണ പഠന പദ്ധതിക്ക് ഐസിഎസ്എസ്ആറിന്റെ ധനസഹായം

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച്( ഐസിഎസ്എസ്ആര്‍)  വികസിത് ഭാരത് 2047 -ന്റെ ഭാഗമായി നടപ്പാക്കുന്ന സംയുക്ത ഗവേഷണ പഠന പദ്ധതിക്ക് കൊച്ചി ജയിന്‍ യൂണിവേഴ്‌സിറ്റിയും കുസാറ്റും അര്‍ഹരായി. ഇരു യൂണിവേഴ്‌സിറ്റികളും സംയുക്തമായി നടത്തുന്ന പദ്ധതിക്ക് ഐസിഎസ്എസ്ആറിന്റെ  17,00,000 രൂപയുടെ ഗ്രാന്റും ലഭിച്ചിട്ടുണ്ട്. സ്മാര്‍ട്‌സിറ്റികള്‍ക്കനുയോജ്യമായ  ഉള്‍നാടന്‍ ജലഗതാഗത പദ്ധതികളില്‍ ആദ്യത്തെ ചുവടുവയ്പായ കൊച്ചി വാട്ടര്‍ മെട്രോയാണ് പദ്ധതിയുടെ ശ്രദ്ധാകേന്ദ്രം. മാനേജ്‌മെന്റ്, ഫിഷറീസ്, ഷിപ്പ് ടെക്‌നോളജി എന്നീ വ്യത്യസ്തമേഖലകളില്‍  വൈദഗ്ധ്യമുള്ള സംഘം കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രധാനവശങ്ങള്‍ കേന്ദ്രീകരിച്ച് സമഗ്ര പഠനം നടത്തും. സാമൂഹ്യ സഹകരണവും സ്റ്റേക്ക് ഹോള്‍ഡര്‍മാരുടെ ധാരണകളും മനോഭാവങ്ങളും സാമ്പത്തിക സുസ്ഥിരതയും ഗവേഷണത്തിന്റെ വിഷയമാകും. കൂടാതെ, കൊച്ചി വാട്ടര്‍ മെട്രോ സംവിധാനത്തിന്റെ വിശദമായ ലൈഫ് സൈക്കിള്‍ അസസ്‌മെന്റും പദ്ധതിയുടെ ഭാഗമായി നടത്തും.


രണ്ട് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള  സഹകരണം സമകാലീന നഗരവികസനത്തിലെ വെല്ലുവിളികളെ നേരിടുന്നതിലും 2047-ലേക്കുള്ള രാജ്യത്തിന്റെ കാഴ്ചപ്പാടിനെ രൂപവത്കരിക്കുന്നതിലും ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. ജയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസിലെ സിഎംഎസ് ബിസിനസ് സ്‌കൂള്‍ ഡയറക്ടറും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ഗിരീഷ് എസ്. പതിയാണ് പഠന പദ്ധതിയുടെ ഏകീകരണം നിര്‍വഹിക്കുന്നത്. കുസാറ്റ് സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസിലെ ബിസിനസ് മാനേജ്‌മെന്റ് അസോസിയേറ്റ് പ്രൊഫ.ഡോ. ഹരീഷ് എന്‍. രാമനാഥന്‍, ഡോ. സിമ്മി കുര്യന്‍ (ഡെപ്യൂട്ടി ഡയറക്ടര്‍ സിഎംഎസ് ബിസിനസ് സ്‌കൂള്‍, ജെയിന്‍ ഡീംഡ് യൂണിവേഴ്‌സിറ്റി, കൊച്ചി കാമ്പസ്),ഡോ. രാജേഷ് (അസോസിയേറ്റ് പ്രൊഫസര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഷിപ്പ് ടെക്‌നോളജി,കുസാറ്റ് ), ഡോ. എ.വി.ഷിബു (അസി.പ്രൊഫ., സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, കുസാറ്റ് ), ഡോ. മൂനു ജോണ്‍(ചീഫ്, സിഎംഎസ് ബിസിനസ് സ്‌കൂള്‍, ജെയിന്‍ ഡീംഡ് യൂണിവേഴ്‌സിറ്റി, കൊച്ചി കാമ്പസ്) എന്നിവരാണ് സംഘത്തിലെ പ്രധാന ഗവേഷകര്‍.


30ലേറെ വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന, രണ്ട് യൂണിവേഴ്‌സിറ്റികള്‍ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള ജയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. നാക്ക് എ ഡബിള്‍ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ഈ യൂണിവേഴ്‌സിറ്റി.




Author

Varsha Giri

No description...

You May Also Like