കായിക താരങ്ങൾക്ക് പരിശീലനം
- Posted on June 12, 2025
- News
- By Goutham prakash
- 313 Views

സ്പോർട്ട്സ് ലേഖിക.
സംസ്ഥാന കായിക യുവജനകാര്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ എന്നിവിടങ്ങളിൽ നടത്തുന്ന എലൈറ്റ് ട്രെയിനിംഗ് സ്‌കീമിലേക്ക് കായിക തെരെഞ്ഞെടുക്കുന്നു. അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, ജൂഡോ (ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും) ഇനങ്ങളിൽ തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ് സ്‌കൂളിലും വോളിബോളിൽ (പെൺകുട്ടികൾക്ക്) കണ്ണൂർ സ്‌പോർട്‌സ് സ്‌കൂളിലുമാണ് ട്രെയിനിംഗ് നൽകുന്നത്. ജൂൺ 16 ന് കണ്ണൂർ സ്‌പോർട്‌സ് സ്‌കൂളിലും ജൂൺ 18 ന് തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ് സ്‌കൂളിലും വച്ച് സെലക്ഷൻ നടത്തും. കായികതാരങ്ങൾക്ക് ഏതെങ്കിലും ഒരു സെന്ററിൽ സെലക്ഷനിൽ പങ്കെടുക്കാം.
എലൈറ്റ് സ്‌കീമിലേക്ക് സെലക്ഷൻ ലഭിക്കുന്നതിന് അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, ജൂഡോ, വോളീബോൾ ഇനങ്ങളിൽ ദേശീയതല മത്സരങ്ങളിൽ പ്രാവീണ്യം തെളിയിച്ചവരോ, തത്തുല്യമായ പ്രകടനം കാഴ്ചവെക്കാൻ കഴിവുള്ളതോ ആയ ഈ വർഷം പ്ലസ് ടു വിജയിച്ച കായിക താരങ്ങൾക്ക് ട്രയൽസിൽ പങ്കെടുക്കാം. തെരെഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് കോളേജ് പഠനത്തോടൊപ്പം മികച്ച പരിശീലനം, താമസം, ഭക്ഷണം, എന്നിവ സൗജന്യമാണ്. കൂടാതെ കായികവകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സ്‌കോളർഷിപ്പിനും അർഹതയുണ്ട്.
കണ്ണൂർ സ്‌പോർട്‌സ് സ്‌കൂളിൽ പെൺകുട്ടികൾക്കായി പുതുതായി ആരംഭിക്കുന്ന ഫെൻസിംഗ് ഇനത്തിലേക്കുളള സെലക്ഷൻ ട്രയൽസും ഇതോടൊപ്പം നടത്തും. എട്ടാം ക്ലാസിലേക്ക് കായിക ക്ഷമതയുടെയും ഫെൻസിംഗ് അനുബന്ധ ടെസ്റ്റുകളുടെയും അടിസ്ഥാനത്തിലുളള ജനറൽ സെലക്ഷനാണ് നടത്തുന്നത്. ഒൻപത്, പത്ത്, പ്ലസ് വൺ ക്ലാസുകളിലേക്ക് ഫെൻസിംഗിലെ കായിക നേട്ടങ്ങളുടെ അടിസ്ഥാനത്തിലുളള ലാറ്ററൽ എൻട്രിയായിരിക്കും നൽകുക. ദേശീയ തലത്തിലെ പ്രകടന മികവിന് മുൻഗണന നൽകും.