അട്ടപ്പാടി മധുവിന്റെ കുടുംബത്തിന് നീതി ലഭിച്ചെന്ന് മന്ത്രി കെ രാധാകൃഷ്ണൻ.
- Posted on April 04, 2023
- News
- By Goutham Krishna
- 248 Views

തിരുവനന്തപുരം : അട്ടപ്പാടി മധുവിന്റെ കൊലപാതകത്തിൽ നീതി ലഭിച്ചെന്ന് പട്ടികജാതി - പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികൾക്ക് നിയമാനുസൃത ശിക്ഷ അടുത്ത ദിവസം പ്രഖ്യാപിക്കുന്നതോടെ നാലു വർഷമായി മധുവിന്റെ കുടുംബത്തിനൊപ്പം ചേർന്ന് സംസ്ഥാന സർക്കാർ നടത്തിയ പോരാട്ടമാണ് വിജയിക്കുന്നതെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. പട്ടികജാതി - പട്ടിക വർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് എൽ ഡി എഫ് സർക്കാർ സ്വീകരിച്ചു വരുന്ന ഇഛാശക്തിയോടു കൂടിയുള്ള നിലപാടുകളുടെയും നടപടികളുടെയും ഭാഗമാണ് ഈ വിധിയുണ്ടായിട്ടുള്ളത്. ഒരു പക്ഷേ അട്ടിമറിക്കപ്പെടാവുന്ന കേസായിരുന്നത്. പക്ഷേ സർക്കാരിന്റെ ഇടപെടലുകളുടെ ഫലമായി കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ കഴിഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രതയുണ്ടാകണം. അല്ലെങ്കിൽ ഇന്ത്യയിൽ പലയിടത്തും സംഭവിക്കുന്നത് ഇവിടെയും ആവർത്തിക്കപ്പെടും - രാധാകൃഷ്ണൻ വ്യക്തമാക്കി. സർക്കാരിന്റെ താൽപര്യപ്രകാരം പ്രോസിക്യൂഷനെ സഹായിക്കാൻ പൊലീസിന്റെ പ്രത്യേക ടീമിനെ നിയോഗിച്ച് ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നു. കൂറു മാറിയ സാക്ഷികൾക്കെതിരായ നടപടി, വിചാരണയ്ക്ക് ഹാജരാകാത്ത സാക്ഷികൾക്കെതിരായ നടപടി, കളവായി മൊഴി നൽകിയവക്കെതിരായ നടപടി എന്നിവ പ്രോസിക്യൂഷന് ശക്തി പകർന്നു. കേസിലെ പൊലീസ് ഇടപെടീലുകളും അഭിനന്ദനാർഹമാണ്. കേസിന് ഹാജരാകുന്നതിനും സാക്ഷികൾക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് പട്ടിക വർഗ പ്രമോട്ടർമാർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മധുവിന്റെ അമ്മയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപയും എസ് സി - എസ്ടി അതിക്രമം തടയൽ നിയമപ്രകാരമുള്ള നഷ്ടപരിഹാരം എന്ന നിലയിൽ 8, 25,000 രൂപയും അനുവദിച്ചിരുന്നു.
സ്വന്തം ലേഖകൻ.