വയനാട്ടിലെ കാടുകളിലെ കടുവകളുടെ കണക്കെടുപ്പ് നടത്തുമെന്ന് മന്ത്രി
കൽപ്പറ്റ: വന്യ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായ വയനാട്ടിൽ കാടും നാടും അതിരുകൾ മാഞ്ഞ് സംഘർഷ ഭൂമിയായി മാറിയ പശ്ചാത്തലത്തിൽ വയനാടൻ കാടുകളിലെ കടുവകളുടെ കണക്കെടുപ്പ് നടത്തുന്നു. സർവ്വേ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാനത്താകെ ആനകളുടെ കണക്കെടുപ്പും നടക്കും. നാല് വർഷത്തിലൊരിക്കൽ കേന്ദ്ര സർക്കാരാണ് കണക്കെടുപ്പ് നടത്താറ്. 2022 ൽ നടത്തിയ കണക്കെടുപ്പിൻ്റെ റിപ്പോർട്ട് ഇത് വരെ പുറത്ത് വിട്ടിട്ടില്ല. ഇപ്പോഴും ആശ്രയിക്കുന്നത് 2018ലെ കണക്കുകൾ ആണ്. ആവാസ വ്യവസ്ഥയുടെ ശോഷണം മൂലം വന്യ ജീവികൾ നാട്ടിലിറങ്ങി വലിയ സംഘർഷങ്ങളാണ് വയനാട്ടിൽ സൃഷ്ടിക്കുന്നത്. വന്യ മൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ രാത്രികളിൽ റോന്ത് ചുറ്റൽ ശക്തമാക്കിയെങ്കിലും വേണ്ടത്ര ഫലം കാണുന്നില്ല.
വന്യജീവികളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബാംഗത്തിന് ആശ്രിത നിയമനം നൽകണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. വയനാടൻ കാടുകളിലെ 45,000 വരുന്ന കന്നുകാലികളിൽ ആദിവാസികളും പ്രദേശവാസികളും ഉപജീവനത്തിനായി മാത്രം വളർത്തുന്നതാണോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി ഐ.സി.ബാലകൃഷ്ണൻ എം.എൽ. എ .യുടെ സബ്മിഷന് മറുപടിയായി പറഞ്ഞു. കാടും നാടും അതിരുകൾ മായുന്നതിനെ യഥാർത്ഥ കാരണങ്ങളിലേക്ക് മിഴി തുറക്കുമ്പോഴാണ് ഈ പ്രശ്നങ്ങൾക്ക് യഥാർത്ഥ പരിഹാരം ഉണ്ടാകുക.