മുഖ്യമന്ത്രിയും കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രിയും കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ജൽ ജീവൻ മിഷൻ, സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീൺ എന്നിവയുടെ സംസ്ഥാനത്തെ നിർവഹണ പുരോഗതി വിലയിരുത്താൻ കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവതും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ജൽജീവൻ മിഷന്റെ സംസ്ഥാനത്തെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കണമെന്നു കേന്ദ്ര ജലവിഭവ മന്ത്രി പറഞ്ഞു. മിഷൻ മോഡിൽ പ്രവർത്തിക്കുന്ന ഇരു പദ്ധതികളും നിശ്ചിത കാലാവധിക്കുള്ളിൽ പൂർത്തിയാക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട പദ്ധതികൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. എങ്കിലും മറ്റു ചില സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വേണ്ടത്ര വേഗത കൈവരിച്ചിട്ടില്ല. ഇതു മറികടക്കാൻ കൃത്യമായ ആസൂത്രണവും പുരോഗതി വിലയിരുത്തലും നടത്തണം. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ടു റെയിൽവേ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടു ലഭിക്കേണ്ട അനുമതികൾ അതിവേഗത്തിൽ നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പു നൽകി.

ഇരു പദ്ധതികളുടേയും പ്രവർത്തനം വേഗത്തിലാക്കുന്നതിനാവശ്യമായ നടപടികൾ മുഖ്യമന്ത്രി ഉറപ്പു നൽകി. കേന്ദ്രമന്ത്രിയെ പൊന്നാടണയിച്ചു സ്വീകരിച്ച മുഖ്യമന്ത്രി അദ്ദേഹത്തിന് ആറന്മുള കണ്ണാടിയും സമ്മാനിച്ചു. തിരുവനന്തപുരം ഹയാത്ത് ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കേന്ദ്ര ജലവിഭവ വകുപ്പ് സെക്രട്ടറി വിനി മഹാജൻ, സംസ്ഥാന അഡിഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, ശാരദ മുരളീധരൻ, പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, കേന്ദ്ര - സംസ്ഥാന സർക്കാരുകളിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like