വേനൽചൂട് കൂടുന്നു: പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ

  • Posted on March 03, 2023
  • News
  • By Fazna
  • 162 Views

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് വർധിക്കുന്നതിനാൽ പൊതുജനങ്ങൾ പകൽ 11 മുതൽ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം കൂടുതൽ സമയം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. കുടിവെള്ളം എപ്പോഴും കയ്യിൽ കരുതണമെന്നും മുൻകരുതൽ നിർദേശത്തിൽ പറയുന്നു. ജലം പാഴാക്കാതെ ഉപയോഗിക്കണം. വേനൽമഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കണം. 

കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. 

 വേനൽക്കാലത്ത് മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) എന്നിവിടങ്ങളിൽ തീപിടുത്തമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തി കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. 

വിദ്യാർത്ഥികൾക്ക് വെയിൽ കൂടുതലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 മുതൽ 3 മണി വരെ, കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കണം. പരീക്ഷാക്കാലമായതിനാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. 

അംഗനവാടി കുട്ടികൾക്ക് ചൂടേൽക്കാതിരിക്കാനുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും നടപ്പാക്കണം.  പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങളാൽ അവശത അനുഭവിക്കുന്നവർ, ഇവർക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. 

ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം ചൂട് ഏൽക്കാത്ത തരത്തിൽ വസ്ത്രധാരണം നടത്തേണ്ടതും ആവശ്യമെങ്കിൽ യാത്രക്കിടയിൽ വിശ്രമിക്കാനുള്ള അനുവാദം അതത് സ്ഥാപനങ്ങൾ നൽകേണ്ടതുമാണ്. മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും 11 മുതൽ 3 മണിവരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിലേൽക്കരുത്.  യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാണ് ഉചിതം. കയ്യിൽ വെള്ളം കരുതണം.  നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കണം.  ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തണം. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും  പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കണം. 

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കണം. 

കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത്. അസ്വസ്ഥകൾ അനുഭവപ്പെട്ടാലുടൻ വിശ്രമിക്കണമെന്നും വൈദ്യസഹായം തേടണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like