കൂടെവരുന്നത് സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ ?

എന്ന് ചോദിക്കുന്ന കണ്ടക്ടറുടെ നടപടികള്‍ തെറ്റാണെന്ന്

ഗതാഗത മന്ത്രി ഗണേഷ് കുമാർ.

തിരുവനന്തപുരം:ബസില്‍കയറുന്ന യാത്രക്കാരോട് ജീവനക്കാര്‍ മര്യാദയുള്ള ഭാഷ ഉപയോഗിക്കണമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ബസില്‍ കയറുന്നവരോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കേണ്ടതില്ലെന്നും ബസില്‍ കയറുന്ന യാത്രക്കാരാണ് യജമാനനെന്നും കെ.എസ്.ആര്‍.ടി.സിയിലേയും സ്വിഫ്റ്റിലേയും കണ്ടക്ര്‍മാര്‍ക്ക് നല്‍കിയ ലഘുസന്ദേശത്തില്‍ മന്ത്രി പറഞ്ഞു.

ബസില്‍ കയറുന്ന സഹോദരി സഹോദരന്മാരോട് വളരെ സ്‌നേഹത്തോടെ പെരുമാറണം. ഹൃദയംകൊണ്ട് സ്‌നേഹിക്കണമെന്നല്ല, മര്യാദയുള്ള ഭാഷ ഉപയോഗിച്ചാല്‍ മതി. അവര് നമ്മുടെ ബന്ധുക്കളാണ്, അമ്മയാണ്, സഹോദരിയാണ്, സുഹൃത്തുക്കളാണ്, മക്കളാണ് എന്ന നിലയില്‍ കരുതണം. അത്തരത്തില്‍ ഒരു പെരുമാറ്റം കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.

ബസില്‍ കയറിവരുന്ന യാത്രക്കാരോട് അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കേണ്ട ആവശ്യമില്ല. കൂടെവരുന്നത് സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ എന്ന് ചോദിക്കുന്ന കണ്ടക്ടറുടെ നടപടികള്‍ തെറ്റാണ്. ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ച് യാത്രചെയ്യാം. ഇന്ത്യന്‍ നിയമത്തില്‍ അനുവദിക്കുന്നതാണ്. പുരോഗമന സംസ്‌കാരത്തിന്റെ ആള്‍ക്കാരാണ് മലയാളികള്‍. യാത്രക്കാരുടെ റിലേഷന്‍ അറിയേണ്ട ആവശ്യം നമുക്കില്ല. യാത്രക്കാര്‍ വണ്ടിയില്‍ വരണമെന്നേ ഉള്ളൂ. അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുത്, മന്ത്രി ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

മദ്യപിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ജോലിക്ക് വരരുത്. മദ്യപിക്കുന്നത് കുറ്റമാണെന്നല്ല. മദ്യപിച്ചു കഴിഞ്ഞാല്‍ അതിന്റെ ഗന്ധം ബസില്‍ യാത്രചെയ്യുന്ന മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടില്ല. തലേദിവസം കഴിച്ച, അല്ലെങ്കില്‍ അന്ന് കഴിച്ച മദ്യത്തിന്റെ ദുര്‍ഗന്ധം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹിക്കാന്‍പറ്റുന്നതല്ല. അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യംചെയ്ത് നമ്മുടെ വിലകളയരുത്, മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാത്രി എട്ടുമണി കഴിഞ്ഞാല്‍ സ്ത്രീകള്‍ എവിടെ നിര്‍ത്താന്‍ ആവശ്യപ്പെട്ടാലും നിര്‍ത്തണമെന്നും അതിന്റെ പേരില്‍ യാതൊരു നടപടിയും ഉണ്ടാകില്ലെന്നും അദ്ദേഹം ജീവനക്കാര്‍ക്ക് ഉറപ്പുനല്‍കി.

                                                                                                                                                    

                                                                                                                                                                    സ്വന്തം ലേഖിക


Author

Varsha Giri

No description...