ഗുണനിലവാരമില്ലാതെ ഒട്ടിച്ച ടൈൽ ഇളകിയതിന് ഡോക്ടർ എങ്ങനെ കുറ്റക്കാരിയാകും ; കെ.ബി.ഗണേഷ്‌കുമാറിനെതിരെ ഡോക്ടർമാരുടെ സംഘടന
- Posted on March 05, 2022
- News
- By Dency Dominic
- 163 Views
ഫിസിയോ തെറാപ്പി ഉപകരണം ഉപയോഗിക്കാത്തതിനും വിമർശനം ഉണ്ടായിരുന്നു

കൊല്ലം: ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയ ശേഷമുള്ള കെ.ബി.ഗണേഷ്‌കുമാർ എംഎൽഎയുടെ പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി സർക്കാർ ആയുർവേദ ഡോക്ടർമാരുടെ സംഘടനകൾ. കെട്ടിടം നിർമ്മിച്ച് ഉപകരണങ്ങൾ വാങ്ങി ഇട്ടാൽ മാത്രം പോരെന്നും, ഇവ പരിപാലിക്കാൻ ജീവനക്കാരില്ലെന്ന യാഥാർത്ഥ്യം എംഎൽഎ മനസിലാക്കണമെന്നും ഇവർ പറയുന്നു.
തലവൂർ സർക്കാർ ആയുർവേദ ആശുപത്രിയിൽ എത്തിയ കെ.ബി.ഗണേഷ്‌കുമാർ എംഎൽഎ, ആശുപത്രിയും പരിസരവും വൃത്തിഹീനമാണെന്ന് പറഞ്ഞ് ചൂലെടുത്ത് വൃത്തിയാക്കിയിരുന്നു. കോടിക്കണക്കിന് രൂപ മുടക്കി ചെലവഴിച്ച ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യാനിരിക്കെ ഡോക്ടർമാരും ജീവനക്കാരും ഉത്തരവാദിത്തമില്ലാതെ പ്രവർത്തിക്കുന്നുവെന്നും എംഎൽഎ വിമർശനം ഉന്നയിച്ചിരുന്നു.
ഈ വിമർശനങ്ങൾക്കെതിരെയാണ് ആയുർവേദ ഡോക്ടർമാരുടെ സംഘടനകളായ കേരള സ്‌റ്റേറ്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും, കേരള ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് ഫെഡറേഷനും രംഗത്തെത്തിയത്. ആശുപത്രിയിൽ ഒരു സ്വീപ്പർ തസ്തിക മാത്രമാണുള്ളത്. ഇത് നികത്താൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഫിസിയോ തെറാപ്പി ഉപകരണം ഉപയോഗിക്കാത്തതിനും വിമർശനം ഉണ്ടായിരുന്നു. എന്നാൽ ജീവനക്കാരില്ലാതെ ഈ ഉപകരണം എങ്ങനെ ഉപയോഗിക്കുമെന്ന് ഡോക്ടർമാർ ചോദിക്കുന്നു. ശുചിമുറികളിൽ ഗുണനിലവാരമില്ലാതെ ഒട്ടിച്ച ടൈൽ ഇളകിയത് പോലെയുള്ള പ്രശ്‌നങ്ങളിൽ ഡോക്ടർ എങ്ങനെയാണ് കുറ്റക്കാരിയാകുന്നതെന്നും ഇവർ ചോദിക്കുന്നു.
അന്യസംസ്ഥാന തൊഴിലാളി പിടിയില്‍