ശാന്തിഗിരിയുടെ വിശ്വജ്ഞാനമന്ദിരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാടിന് സമര്‍പ്പിക്കും.

  • Posted on April 04, 2023
  • News
  • By Fazna
  • 120 Views

കോഴിക്കോട് : സൗഹാര്‍ദ്ദത്തിന്റെയും സമഭാവനയുടെയും നാടായ കോഴിക്കോട് ശാന്തിഗിരിയുടെ ആത്മീയസൗധം  നാട്ടിന് സമർപ്പിക്കപ്പെടുന്നു.  കക്കോടി ആനാവ്കുന്നിൽ ഇതൾവിരിയുന്ന മനോഹരസൗധത്തിന് 'വിശ്വജ്ഞാനമന്ദിരം' എന്നാണ് നാമകരണം ചെയ്തിട്ടുളളത്.  ഏപ്രില്‍ 9 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ആയിരക്കണക്കിന് ഗുരുഭക്തരെ സാക്ഷിയാക്കി ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി   വിശ്വജ്ഞാനമന്ദിരത്തിന് തിരിതെളിയിക്കും. മന്ദിരത്തിന്റെ മധ്യഭാഗത്തായുളള മണ്ഡപത്തിൽ നവജ്യോതിശ്രീകരുണാകരഗുരുവിന്റെ എണ്ണച്ചായചിത്രം പ്രതിഷ്ഠിക്കും. പ്രാര്‍ത്ഥനാചടങ്ങുകള്‍ക്ക് ശേഷം ഏപ്രില്‍ 10 ന്  തിങ്കള്‍ രാവിലെ 10.30 മണിക്ക് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശ്വജ്ഞാനമന്ദിരം നാടിന് സമര്‍പ്പിക്കും. ജാതിമതഭേദമേന്യേ ആർക്കും സന്ദർശിക്കാമെന്നതാണ് വിശ്വജ്ഞാനമന്ദിരത്തിന്റെ  പ്രധാന പ്രത്യേകത. ഏപ്രിൽ 8, 9, 10തീയതികളില്‍ നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ  മന്ത്രിമാരായ പി.എ. . മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, എം.കെ. രാഘവന്‍ എം. പി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, എം. എല്‍.എ.മാരായ എം. കെ. മുനീര്‍, ടി.സിദ്ദിഖ്,  തോട്ടത്തില്‍ രവീന്ദ്രന്‍ , പി.ടി.എ. റഹീം,  മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍,  ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ,   കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ ശിഹാബ് തങ്ങള്‍, ഐ.എന്‍.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, മാതൃഭൂമി ചെയര്‍മാന്‍ പി.വി.ചന്ദ്രന്‍, മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. വി. ശ്രേയാംസ് കുമാര്‍, ജമാ അത്ത് ഇസ്ലാമി അമീര്‍ എം.ഐ.അബ്ദുള്‍ അസീസ്,  സമസ്ത നാഷണൽ എജ്യൂക്കേഷൻ കൗൺസിൽ മെമ്പർ ഇ.പി. കെ.മൊയീന്‍കുട്ടി മാസ്റ്റര്‍,  ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, സി.പി.എം ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍,  ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്  ജില്ലാ പ്രസിഡന്റ് എം.എ.റസാഖ് മാസ്റ്റര്‍,    സ്വാമി വിവേകാമൃതാനന്ദപുരി (മാതാ അമൃതാനന്ദമയി മഠം), പാളയം ഇമാം  ഡോ.വി.പി. സുഹൈബ് മൌലവി,  ഡി.സി.സി. ജില്ലാ പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍, ഭാരതീയ ജനതാപാര്‍ട്ടി  ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവന്‍, ജമാ അത്ത് ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി.മുജീബ് റഹ്മാന്‍, മലയാള മനോരമ ന്യൂസ് എഡിറ്റര്‍ പി.ജെ. ജോഷ്വ,  ആര്‍ക്കിയോളജി വിഭാഗം റിട്ട. റീജിയണല്‍ ഡയറക്ടര്‍ പത്മശ്രീ കെ.കെ.മുഹമ്മദ്,   ബ്രഹ്മകുമാരീസ് ജില്ലാ കോര്‍ഡിനേറ്റര്‍ രാജയോഗിനി ജലജ, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത.ടി, കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ. പി,   കക്കോടി ഗ്രാമപഞ്ചായത്തംഗങ്ങളായ മോഹനന്‍ കൈതമോളി, അജിത. എന്‍, ഗിരീഷ് കുമാര്‍. ഇ.എം, എന്‍. ഉപശ്ലോകന്‍,   കുരുവട്ടുര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ സോമനാഥന്‍. യു. പി, ഷിനു.കെ. പി, നിഷ പിലാക്കാട്ട്,  പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി. ശോഭീന്ദ്രന്‍,  തുടങ്ങി  രാഷ്ട്രീയ സാമൂഹിക ആദ്ധ്യാത്മിക കലാ- സംസ്കാരിക മണ്ഡലങ്ങളിലെ നിരവധി പ്രമുഖർ ചടങ്ങില്‍ സംബന്ധിക്കും. 14000 ചതുരശ്ര അടി വിസ്തൃതിയിലും 72 അടി ഉയരത്തിലും മൂന്നു നിലകളിലായി തലയെടുപ്പോടെ നിൽക്കുന്ന ആത്മീയസൗധം, ഓരോ നിലയിലും 12  വീതം 36 ഇതളുകളുളള പൂർണ്ണമായി വിടർന്ന താമരശില്പം,  അകത്തളത്തിൽ ശില്പചാതുരിയുടെ വിസ്മയം തീർക്കുന്ന 34 തൂണുകൾ, താഴത്തെ നിലയില്‍ മധ്യഭാഗത്തായി 21 അടി ചുറ്റളവില്‍ മണ്ഡപം, അതിനോട് ചേര്‍ന്ന് ചിത്രപ്പണികള്‍ നിറഞ്ഞ ബാലാലയം,  രാജസ്ഥാനില്‍ നിന്നുളള മക്രാന മാര്‍ബിളാണ് നിലത്ത് വിരിച്ചിട്ടുളളത്.  മുകളിലത്തെ നിലകളിൽ ഗുരു ഉപയോഗിച്ചിരുന്ന സാധനങ്ങൾ സൂക്ഷിക്കുന്ന മ്യൂസിയം. ആലപ്പുഴ സ്വദേശി വിക്ടർ പൈലിയാണ് കോൺസ്പ്റ്റ് ഡിസൈനിംഗ് നിർവഹിച്ചത്.   ലൈറ്റിംഗ് ഡിസൈൻ പ്രശസ്ത ഛായാഗ്രാഹകൻ എസ്. കുമാറിന്റേതാണ്. നിർമ്മാണപ്രവർത്തനങ്ങളിൽ പ്രശസ്ത സംവിധായകനും ശിൽപ്പിയുമായ രാജീവ് അഞ്ചലിന്റെ മേൽനോട്ടവുമുണ്ട്. ഗുരുവിന്റെ എണ്ണച്ചായചിത്രം വരച്ചിരിക്കുന്നത്  പ്രശസ്ത ചിത്രകാരന്‍ ജോസഫ് റോക്കി പാലക്കലാണ്. കുന്നിൻ മുകളിലെ മന്ദിരവും ചുറ്റുമുളള പ്രകൃതിരമണീയതയും വർണ്ണനാതീതമായ ആകാശകാഴ്ചകളും വരും ദിവസങ്ങളിൽ കോഴിക്കോടിന്റെ മനസ്സിൽ ഇടംപിടിക്കും. മൊട്ടക്കുന്നായിരുന്ന ആനാവ്കുന്നുമലയിൽ 1995 ഡിസംബറിലാണ്  ഗുരുനിർദേശപ്രകാരം ഭക്തർ പതിമൂന്നര ഏക്കർ സ്ഥലം ആശ്രമത്തിനായി വാങ്ങുന്നത്. തട്ടുകളായി തിരിച്ച ഭൂമിയിൽ ആദ്യഘട്ടത്തിൽ വൃക്ഷലതാദികളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു. 2005ൽ ശിഷ്യപൂജിതയുടെ സന്ദർശനവേളയിൽ ഒരു താൽക്കാലിക കെട്ടിടത്തിൽ ദീപം തെളിയിച്ചതോടെയാണ് ബ്രാഞ്ചാശ്രമം എന്ന നിലയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്.  2014 ജനുവരി 5 ന് തീർത്ഥയാത്രവേളയിൽ ശിഷ്യപൂജിത പ്രാർത്ഥനാലയത്തിന് ശിലപാകി. ചെങ്കുത്തായ കുന്നിൻപ്രദേശത്ത് നിർമ്മാണം അത്ര എളുപ്പമായിരുന്നില്ല. കുട്ടികൾ മുതൽ മുതിർന്നവർ വരെയുളള ഗുരുഭക്തരുടെ കെയ്യും മെയ്യും മറന്ന ആത്മസമർപ്പണത്തിന്റെ നിറവിലാണ് വിശ്വജ്ഞാനമന്ദിരം നാടിന് സമർപ്പിക്കപ്പെടുന്നത്. സമര്‍പ്പണം ആഘോഷങ്ങള്‍ എല്ലാതരത്തിലും നാടിന്റെ ഉത്സവമാകുകയാണ്.  കോഴിക്കോടിന്റെ കടലോരത്ത്  സംഗീത വിരുന്നോടെയായിരുന്നു ആഘോഷപരിപാടികള്‍ക്ക് തുടക്കം. ഏപ്രില്‍ 6 ന് ഫ്രീഡം സ്ക്വയറില്‍ ലോകത്തിലെ ഏറ്റവും വലിയ മൺചിത്രമൊരുങ്ങും.  ചിത്രകലാകാരൻമാരുടെ സംഘടനയായ ബിയോണ്ട് ദ ബ്ലാക്ക് ബോർഡിന്റെ നേതൃത്വത്തിലാണ് മണ്ണിന്‍ വര്‍ണ്ണവസന്തമെന്ന കലാസപര്യ അരങ്ങേറുന്നത്. കലാസംസ്കാരിക മേഖലയിലെ ആഘോഷങ്ങള്‍ക്ക് പുറമെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കും നഗരം വേദിയാകും.  ഏപ്രില്‍ 8 ന് കാരുണ്യം ആരോഗ്യപദ്ധതിയുടെ ഭാഗമായി വിവിധ ചികിത്സാവിഭാഗങ്ങളിലെ പ്രമുഖസ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് കക്കോടി പടിഞ്ഞാറ്റുമുറി ഗവ. യു.പി. സ്കൂളില്‍ സൌജന്യ മെഗാമെഡിക്കല്‍ ക്യാമ്പ് നടക്കും. വിശ്വജ്ഞാനമന്ദിരം സമര്‍പ്പണം ചടങ്ങുകള്‍ക്കായി ഏപ്രിൽ 7 ന് കക്കോടിയിൽ എത്തുന്ന ഗുരുസ്ഥാനീയ  ശിഷ്യപൂജിതയെ സന്യാസിമാരും നാട്ടുകാരും ഗുരുഭക്തരും ചേർന്ന് പൂർണ്ണകുംഭം നൽകി സ്വീകരിക്കും.  9 നാണ് തിരിതെളിയിക്കൽ. 10 ന് നാടിന് സമര്‍പ്പിക്കും.  വാര്‍ത്താസമ്മേളനത്തില്‍  ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ മേധാവി സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാന തപസ്വി, ഓണററി എഡിറ്റര്‍ ടി. ശശിമോഹന്‍, ആശ്രമം അഡ്വൈസര്‍ (ഓപ്പറേഷന്‍സ്)  എം. രാധാകൃഷ്ണന്‍,   സാംസ്കാരിക വിഭാഗം ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍  പി.എം.ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തൂ.  ഫോട്ടോ : കോഴിക്കോട് കക്കോടി ആനാവ്കുന്നില്‍ നാടിന് സമര്‍പ്പിക്കാനൊരുങ്ങുന്ന ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം.

സ്വന്തം ലേഖകൻ.

Author
Citizen Journalist

Fazna

No description...

You May Also Like