ഈ രണ്ട് ലക്ഷണങ്ങള്‍ ഉള്ളവരിലും കൊവിഡ് സംശയിക്കാം; പഠനങ്ങളിൽ പറയുന്നു

‘ഞങ്ങളുടെ പഠനപ്രകാരം ഗന്ധം, രുചി എന്നിവ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നത് കൊവിഡിന്‍റെ പ്രാരംഭ, വിശ്വസനീയമായ ലക്ഷണങ്ങളാണ്. ഇനിയും ഇത് പടരുന്നത് തടയാൻ ഗവൺമെന്റുകൾ കർശനമായ പരിശോധനയും, ഐസോലേഷൻ സംവിധാനങ്ങളും സമ്പർക്കമുണ്ടായവരെ കണ്ടെത്തുന്നതിനുള്ള പ്രത്യേക മാർഗ്ഗങ്ങളുമെല്ലാം കൂടുതൽ നടപ്പാക്കണം’-  പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ റേച്ചൽ ബെറ്റർഹാം പറയുന്നു. 

കൊറോണ വൈറസ് ഓരോരുത്തരെയും വ്യത്യസ്ത  തരത്തിലാണ് ബാധിക്കുന്നത്. പലര്‍ക്കും പല ലക്ഷണങ്ങളോടെയാണ് രോഗബാധയുണ്ടാകുന്നത്. ചിലര്‍ക്ക് പനിയും ചുമയും തൊണ്ടവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുമ്പോള്‍, മറ്റുചിലര്‍ക്ക് ഒരു ലക്ഷണങ്ങളും ഇല്ലാതെ തന്നെ രോഗബാധയുണ്ടാകുന്നു. കൊറോണ ബാധിതരായ പലരിലും മണം, രുചി എന്നിവ തിരിച്ചറിയാനുള്ള കഴിവ് താൽക്കാലികമായി നഷ്ടപ്പെടുന്നുവെന്ന് പഠനങ്ങൾ നേരത്തെ വന്നിരുന്നു. അത് ഒന്നുകൂടി അടിവരയിടുന്ന ഒരു റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലണ്ടൻ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

മണം, രുചി എന്നിവ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നത് കൊറോണ വൈറസിന്‍റെ സാന്നിദ്ധ്യം തിരിച്ചറിയാനുളള വിശ്വസനീയമായ ലക്ഷണങ്ങളാണെന്നാണ് യുകെയില്‍ നിന്നുള്ള ഈ പഠനം പറയുന്നത്. ലണ്ടണിലെ പ്രൈമറി കെയര്‍ സെന്‍ററുകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് യൂണിവേഴ്സിറ്റി കോളേജ് ലണ്ടണിന്റെ (യുസിഎല്‍) നേതൃത്വത്തില്‍  പഠനം നടത്തിയത്.

മണം, രുചി എന്നിവ തിരിച്ചറിയാനുള്ള കഴിവ് താൽക്കാലികമായി നഷ്ടപ്പെട്ട 78 ശതമാനം ആളുകളിലും കൊറോണ വൈറസിന്‍റെ ആന്‍റിബോഡി കണ്ടെത്തിയിരുന്നു.  അതില്‍ തന്നെ 40 ശതമാനം ആളുകളിലും  ചുമയോ പനിയോ പോലുള്ള സാധാരണ കൊവിഡ് ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല എന്നും പഠനം പറയുന്നു. ‘PLOS’ മെഡിസിനില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ രോഗങ്ങൾ പരിശോധിക്കുന്നതിനോടൊപ്പം കൊറോണ സൂചകമായി ഗന്ധം നഷ്ടമാകുന്നതിനെയും പരിശോധിക്കണമെന്ന് റേച്ചൽ പറയുന്നു. ഇത്തരം ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ക്വാറന്‍റൈനില്‍ പോവുകയോ ടെസ്റ്റുകള്‍ നടത്തി, വേണ്ട ചികിത്സ നടത്തുകയോ ചെയ്യണമെന്നും ഇവര്‍ പറയുന്നു. 

Author
ChiefEditor

enmalayalam

No description...

You May Also Like