തൃശൂർ നഗരത്തിൽ സുരക്ഷിത യാത്രയ്ക്ക് ക്യൂ ആർ കോഡ് പതിച്ച ഓട്ടോറിക്ഷകൾ

  • Posted on March 22, 2023
  • News
  • By Fazna
  • 68 Views

തൃശൂർ: കോർപറേഷൻ പരിധിയിൽ പെർമിറ്റ് ഉള്ള ഓട്ടോറിക്ഷകളിൽ ക്യൂ ആർ കോഡ് പതിപ്പിക്കുന്ന സംസ്ഥാനത്തെ പ്രഥമ പദ്ധതിക്ക് തുടക്കമായി. ക്യൂ ആർ കോഡ് സ്കാൻ ചെയ്‌താൽ ഓട്ടോറിക്ഷ ഉടമയുടെ പേര്, വാഹന നമ്പർ, പെർമിറ്റ് നമ്പർ, പെർമിറ്റ് കാലാവധി തുടങ്ങിയ വിവരങ്ങൾ ലഭിക്കും. രാത്രി വൈകി തനിച്ചു യാത്ര ചെയ്യുന്നവർക്കും മറ്റും വാഹനം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്നത് സഹായകരമാകും. സുരക്ഷിത യാത്രയ്ക്ക് സുപ്രധാന ചുവടുകളായി.

ആർ ടി ഓഫീസിനാണ് നിർവഹണ ചുമതല. സാങ്കേതിക സഹായം എൻ ഐ സി നൽകും. ഓട്ടോറിക്ഷ തൊഴിലാളി സംഘടനകളുടെ ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ സഹായത്തോടെ കോർപറേഷൻ പരിധിയിൽ പെർമിറ്റ് ഉള്ള ഓട്ടോറിക്ഷകളുടെ വിവരങ്ങളടങ്ങിയ കരട് രേഖ തയ്യാറാക്കി. ഇത് ജില്ലാ കളക്ടർ ഹരിത വി കുമാർ തൃശൂർ കോർപറേഷൻ മേയർ എം കെ വർഗീസിന് കൈമാറി പ്രകാശനം ചെയ്തു. ഒരുമാസത്തിനുള്ളിൽ സിറ്റി പെർമിറ്റ്‌ ഓട്ടോറിക്ഷകളുടെ വിവരങ്ങൾ പൂർണമായി തയ്യാറാക്കുവാനും അതിനനുസൃതമായി ഓട്ടോറിക്ഷകൾക് സ്റ്റിക്കർ നൽകുവാനുമാണ് ഉദ്ദേശിക്കുന്നത്

ഓട്ടോറിക്ഷകളിൽ പതിപ്പിക്കുന്ന ക്യൂ ആർ കോഡ് അടങ്ങിയ സ്റ്റിക്കറിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു. ജില്ലാ കളക്ടർ ഹരിത വി കുമാർ ഓട്ടോത്തൊഴിലാളികൾക്ക് സ്റ്റിക്കർ വിതരണം ചെയ്തു. വാഹനത്തിന്റെ മുൻവശത്തും പിന്നിലും സ്റ്റിക്കർ പതിക്കും. ചടങ്ങിൽ കോർപറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗീസ് കണ്ടംകുളത്തി, പി കെ ഷാജൻ, ആർടിഓ കെ കെ സുരേഷ്‌കുമാർ, ജോയിന്റ് ആർടിഓ കെ രാജേഷ്, ഓട്ടോതൊഴിലാളി സംഘടനാ നേതാക്കളായ കെ വി ഹരിദാസ്, എ ടി ജോസ്, സി വി ദേവസ്സി, കെ എ മാത്യൂസ്, ഓട്ടോറിക്ഷാ തൊഴിലാളികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മാതൃകാപരമായ ഈ പദ്ധതി വിലയിരുത്തി സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചേക്കാം.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like