കേരളത്തിൽ ഹെല്‍ത്ത് കാര്‍ഡ് സമയ പരിധി ഒരു മാസത്തേക്ക് നീട്ടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനുള്ള സമയ പരിധി ഒരു മാസത്തേക്ക് കൂടി നീട്ടി. ഇതിന്‍മേലുള്ള നിയമനടപടികള്‍ ഒരു മാസത്തിന് ശേഷം ആയിരിക്കും തുടങ്ങുകയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് എത്രത്തോളം പേര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തു എന്നത് സംബന്ധിച്ച് പരിശോധന നടത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി നേരത്തെ രണ്ട് തവണ ദീര്‍ഘിപ്പിച്ചിരുന്നു. ഹോട്ടല്‍ റസ്റ്റോറന്റ് സംഘടനാ പ്രതിനിധികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഒരു മാസം കൂടി സാവകാശം നല്‍കുന്നത്. ഇനിയൊരു സാവകാശം ഉണ്ടായിരിക്കുന്നതല്ലെന്നും , ഈ കാലാവധിക്കുള്ളില്‍ തന്നെ നിയമപരമായി എല്ലാവരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നും മന്ത്രി വ്യക്തമാക്ക.
സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കേണ്ടതാണ്. ഒരു വര്‍ഷമാണ് ഈ ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്.
പ്രത്യേക ലേഖിക