ഷുഹൈബിനെ കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെ കൂടി കണ്ടെത്തണം; പാര്‍ട്ടിക്ക് പങ്കില്ലെങ്കില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്തിന്? പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

  • Posted on March 03, 2023
  • News
  • By Fazna
  • 167 Views

തിരുവനന്തപുരം: ഷുഹൈബിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി നടത്തിയ വെളിപ്പെടുത്തല്‍ സംബന്ധിച്ചാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എടയന്നൂരിലെ പാര്‍ട്ടി സഖാക്കളാണ് ഞങ്ങളെക്കൊണ്ട് ഈ കൊലപാതകം ചെയ്യിച്ചതെന്നാണ് വെളിപ്പെടുത്തല്‍. പൊലീസ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ ഗൂഡാലോചനയില്‍ ഉള്‍പ്പെട്ട ആരും പ്രതികളല്ല.  ഷുഹൈബിനെ കൊലപ്പെടുത്താനായി കൊലയാളി സംഘത്തെ വിടുകയും എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയും ചെയ്തവരെല്ലാം പുറത്ത് നില്‍ക്കുകയാണ്. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെ കൂടി കണ്ടെത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതിനായി സി.ആര്‍.പി.സി 173(8) പ്രകാരമുള്ള തുടരന്വേഷണം നടത്തണം. തുടരന്വേഷണത്തെ നിങ്ങള്‍ എന്തിനാണ് ഭയപ്പെടുത്തുന്നത്?

കൊലയാളിയുടെ വെളിപ്പെടുത്തല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇതുവരെ അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രിയെ പോലുള്ള ഒരാള്‍ നിയമസഭയില്‍ വന്ന് പറയുന്നത് ശരിയാണോ? ആകാശ് തില്ലങ്കേരിയെന്ന ക്രിമിനലിന്റെ വെളിപ്പെടുത്തല്‍ അറിയാതെ കണ്ണും ചെവിയും മൂടി നടക്കുന്ന ഒരാളെയാണ് അന്വേഷണ ഉദ്യോഗസ്ഥനാക്കിയിരിക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ പോലും വെളിപ്പെടുത്തല്‍ സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്നും പാര്‍ട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ട് അത് ചെയ്യിച്ചതെന്നുമാണ് പ്രതി പറഞ്ഞത്. പി. ജയരാജന്റെ സോഷ്യല്‍ മീഡിയാ സംഘമായ പി.ജെ ആര്‍മിയിലെ മുന്നണി പോരാളിയായിരുന്നു കൊലയാളി. അയാളെ പ്രതിപക്ഷം ചാരി നില്‍ക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിങ്ങളുടെ പാര്‍ട്ടിക്കാര്‍ ഈ ക്രിമിനലിനെ ഒക്കത്ത് വച്ചുകൊണ്ട് നടക്കുകയായിരുന്നു. ഇയാള്‍ ഒരു സുപ്രഭാതത്തിലല്ല ക്രിമിനലായത്. വര്‍ഷങ്ങളായി കൊട്ടേഷന്‍ സംഘത്തില്‍ അംഗമായിരുന്നു. വെളിപ്പെടുത്തല്‍ വന്നപ്പോള്‍ പി. ജയരാജനെ കൊണ്ടുപോയി രാഷ്ട്രീയ വിശദീകരണ യോഗം നടത്തി ആ പ്രശ്‌നം തീര്‍ത്തു. നിങ്ങളുടെ പാര്‍ട്ടിയില്‍ മാത്രം തീര്‍ക്കാവുന്ന വിഷയമാണോ ഇത്?  ജയാരാജന്‍ തള്ളിപ്പറഞ്ഞതോടെ നിങ്ങളുടെ പാര്‍ട്ടിക്ക് പ്രശ്‌നം തീര്‍ന്നു കാണും. പക്ഷെ മകനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ സങ്കടം തീരുമോ? പാര്‍ട്ടി സംവിധാനത്തില്‍ നിങ്ങള്‍ എല്ലാം തീര്‍ത്തു. പക്ഷെ അങ്ങനെയൊന്നും തീര്‍ക്കാര്‍ പറ്റില്ല. കൊല്ലാന്‍ വേണ്ടി അയച്ച ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടു വന്നാല്‍ മാത്രമെ എല്ലാം അവസാനിക്കൂ.

ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കൊലപാതകം നടത്തിയത്. എന്നിട്ടും യു.എ.പി.എ ചുമത്തിയില്ല. ബോംബ് എറിയുന്നവന് എതിരെയൊന്നും നിങ്ങള്‍ യു.എ.പി.എ ചുമത്തില്ല. പക്ഷെ പുസ്തകം വായിക്കുന്ന കുട്ടികളെ യു.എ.പി.എ പ്രകാരം കേസെടുത്ത് ജയിലില്‍ അടയ്ക്കും. നിങ്ങളാണ് ക്രിമിനലുകളെ കൊണ്ടു നടന്ന് എല്ലാം ചെയ്യിച്ചത്. എന്നിട്ടാണ് വിട്ടുവീഴ്ചയില്ലാത്ത നടപടി എടുക്കുമെന്ന് പറയുന്നത്. പ്രതിയായതിന് ശേഷമാണ് ഇയാള പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. കൂട്ടുപ്രതികളില്‍ പലരെയും നിങ്ങള്‍ പാര്‍ട്ടിയില്‍ തിരിച്ചെടുത്തിട്ടുമുണ്ട്. കണ്ണും പൂട്ടി നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറയുമ്പോഴും സ്‌നേഹത്തോടെയുള്ള നടപടിയാണ് എടുത്തിരിക്കുന്നത്. പാര്‍ട്ടിയില്‍ പ്രശ്‌നം ഇല്ലായിരുന്നെങ്കില്‍ ആകാശ് തില്ലങ്കേരിയേയും നിങ്ങള്‍ സംരക്ഷിച്ചേനെ. സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കില്ലെന്ന് മന്ത്രിയായിരുന്ന എ.കെ ബാലന്‍ പറഞ്ഞെങ്കിലും നികുതിപണം എടുത്താണ് നിങ്ങള്‍ കോടതിയില്‍ അപ്പീല്‍ പോയത്. ഗൂഡാലോചന നടത്തിയവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നത്. നിങ്ങളുടെ പാര്‍ട്ടിയിലെ പ്രാധനപ്പെട്ട ആളുകള്‍ അറിയാതെ കൊലപാതകം നടക്കില്ല. ഇത് ആസൂത്രിതമായ കൊലപാതകമാണ്. പ്രതികളെ സംരക്ഷിക്കാന്‍ പാര്‍ട്ടി കുറി പോലും നടത്തിയിട്ടുണ്ട്. എന്നിട്ടാണ് അനീതിക്കും അക്രമത്തിനും എതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഗിരിപ്രഭാഷണം നടത്തുന്നത്. ഈ ക്രിമിനലുകളെയൊക്കെ പാര്‍ട്ടി ചിറകിനടിയില്‍ ഒളിപ്പിച്ച് വച്ച് സ്‌നേഹിക്കുകയാണ്.

ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ കാര്യം മുഖ്യമന്ത്രി നിഷേധിച്ചിട്ടില്ല. അതോടെ കൊലപാതകങ്ങള്‍ അവസാനിച്ചു. പക്ഷെ നിങ്ങള്‍ക്ക് കൊല്ലാതിരിക്കാന്‍ പറ്റില്ല. അപ്പോഴാണ് നിങ്ങള്‍ ഞങ്ങളുടെ കുട്ടികളെ കൊല്ലാന്‍ തുടങ്ങിയത്. ഒരു പ്രകോപനവും ഇല്ലാതെയാണ് ഷുഹൈബിനെ കൊലപ്പെടുത്തിയത്.

ബംഗാളിലും നിങ്ങള്‍ക്ക് അവസാനകാലത്ത് കില്ലര്‍ ഗാങ് ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ പോഷക സംഘടനകളെ പോലെയാണ് കില്ലര്‍ ഗാങിനെ വളര്‍ത്തിയത്. അവസാനം എന്താണ് സംഭവിച്ചതെന്ന് അറിയാമല്ലോ? കൊലക്കേസിന് ശേഷം ആകാശ് തില്ലങ്കേരിയുമായുള്ള ബന്ധം പാര്‍ട്ടി ഉപേക്ഷിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിന്നെ എന്തിനാണ് കൊലക്കേസ് പ്രതിക്ക് ഡി.വൈ.എഫ്.ഐ നേതാവ് ട്രോഫി സമ്മാനിച്ചത്? ഇവനുമായി ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് എന്ത് ബന്ധമാണുള്ളത്? നിങ്ങളാണ് ക്രിമിനലുകളെ സംരക്ഷിക്കുന്നത്.

കൊലയാളികള്‍ എത്തിയ വാഹനം ആരുടേതാണെന്നു പോലും പൊലീസ് അന്വേഷിച്ചിട്ടില്ല. വാഹനം പാര്‍ട്ടിക്കാരുടേതാണ്. അതുകൊണ്ടാണ് അന്വേഷിക്കാത്തത്. വേണ്ടപ്പെട്ടവരെ സംരക്ഷിച്ച് കുറേ പേരെ പ്രതികളാക്കിയിരിക്കുകയാണ്. കൊല്ലിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നിട്ടില്ല. അതുകൊണ്ടാണ് മാതാപിതാക്കള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പോയത്. നിങ്ങള്‍ അതിനെ ഭയപ്പെടുന്നില്ലെങ്കില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കില്ലെന്ന് തീരുമാനിക്കണം. അങ്ങനെയൊരു തീരുമാനം എടുക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. സി.ബി.ഐ അന്വേഷണം വന്നാല്‍ കൊല്ലിച്ചവര്‍ ജയിലില്‍ ആകുമെന്ന് നിങ്ങള്‍ക്ക് അറിയാം. അതുകൊണ്ടാണ് അവരെ രക്ഷിക്കാന്‍ ശ്രമിക്കാന്‍ ശ്രമിക്കുന്നത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആരെ ചാരിയാണ് നിങ്ങള്‍ നിന്നത്? ഇപ്പോഴും നിങ്ങള്‍ കൊണ്ടു നടക്കുകയാണ്. അവരെ ചാരി നിന്നുകൊണ്ടാണ് ഒരു സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്. അതൊക്കെ ഇപ്പോള്‍ നിങ്ങള്‍ മറന്നു പോയി. എന്നിട്ടാണ് സ്വപ്‌നയെയും ആകാശ് തില്ലങ്കേരിയെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പറയുന്നത്. സോളാര്‍ കേസ് പ്രതിയ ചാരി സംസ്ഥാനം സ്‌നേഹിച്ച മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ നിന്നവരാണ് നിങ്ങള്‍. നാല് തവണ അന്വേഷിച്ചിട്ടും ഒന്നും കിട്ടാതെ വന്നപ്പോള്‍ വെള്ളകടലാസില്‍ പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് അപമാനിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ കാലം നിങ്ങളോട് കണക്ക് ചോദിച്ചുകൊണ്ടിരിക്കുകയാണ്. അത് ഇനിയും തുടരും. എല്ലാ ദിവസവും വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ അവരെയൊക്കെ ചാരി നിന്നാല്‍ എല്ലാ ദിവസവും അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിക്കേണ്ടി വരും.

ഞങ്ങളുടെ ഒരു കുഞ്ഞിനെ ക്രൂരമായി കൊലചെയ്തതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അതിന് തയാറാകാതെ സ്വന്തം പാര്‍ട്ടി നേതാക്കളെ സംരക്ഷിക്കാന്‍ ഈ അന്വേഷണത്തെ സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്.




Author
Citizen Journalist

Fazna

No description...

You May Also Like