ബ്രഹ്മപുരം വിഷയത്തിൽ കേന്ദ്രഇടപെടലിന് കെ.സുരേന്ദ്രൻ കത്തയച്ചു.
തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ കേന്ദ്ര ഇടപെടൽ അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്രപരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കത്തയച്ചു. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കണമെന്നും ഒരു വിദഗ്ദ്ധസംഘത്തെ കൊച്ചിയിലേക്കയയ്ക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. മാലിന്യ പ്ലാന്റിന് തീപ്പിടിച്ചിട്ട് ഒരാഴ്ചയിലധികമായിട്ടും കൊച്ചി കോർപ്പറേഷനും സംസ്ഥാന സർക്കാരിനും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. കൊച്ചിക്കാർ ഏത് നിമിഷവും പൊട്ടിത്തെറിക്കുന്ന അഗ്നി പർവ്വതത്തിന് പുറത്താണ് ഇപ്പോൾ ജീവിക്കുന്നത്. ബ്രഹ്മപുരം പ്ലാന്റിന് ആസൂത്രിതമായി തീവെച്ചതാണോയെന്ന സംശയം കൊച്ചിക്കാർക്കുണ്ട്. എന്നിട്ടും ആരോഗ്യ അടിയന്തരാവസ്ഥ പോലും പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. മാലിന്യനിർമ്മാർജ കരാറിന്റെ മറവിൽ വലിയ അഴിമതിയാണ് കൊച്ചി കോർപ്പറേഷനിൽ നടക്കുന്നത്. കോൺഗ്രസ്-സിപിഎം നേതാക്കളുടെ മക്കൾക്കും മരുമക്കൾക്കുമാണ് ഇതിന്റെ കരാർ ലഭിച്ചത്. ഇരുപാർട്ടിയിലെയും നേതാക്കൾ അഴിമതിയുടെ പങ്കുപറ്റിയതിന്റെ ദുരന്തമാണ് കൊച്ചിക്കാർ അനുഭവിക്കുന്നതെന്നും കേന്ദ്രമന്ത്രിക്കയച്ച കത്തിൽ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സ്വന്തം ലേഖകൻ.