ദൈവത്തെ അന്വേഷിച്ചു ബിനാലെയില്‍ കശ്മീരില്‍ നിന്നൊരു കലാവതരണം.

കൊച്ചി : ബിനാലെയുടെ മുഖ്യവേദിയായ ഫോര്‍ട്ട്‌കൊച്ചി ആസ്പിന്‍വാള്‍ ഹൗസിന്റെ അങ്കണത്തില്‍ ദൈവത്തെ അന്വേഷിച്ചു വേറിട്ടൊരു കലാവതരണം 'മാഡ് മാന്‍' അരങ്ങേറി. സ്റ്റുഡന്റസ് ബിനാലെയില്‍ പങ്കെടുക്കുന്ന കശ്മീര്‍ സര്‍വ്വകലാശാലയിലെ അവസാന വര്‍ഷ ഫൈന്‍ ആര്‍ട്ട്‌സ് ബിരുദ വിദ്യാര്‍ത്ഥി നാസിര്‍ അഹമ്മദ് ഷെയ്ഖാണ് റാന്തല്‍ വിളക്കുമായി ദൈവം എവിടെ എന്ന ചോദ്യവുമായി രംഗത്തെത്തിയത്. നാസിര്‍ ചിട്ടപ്പെടുത്തിയ കശ്മീരി കവിതകളും വായ്മൊഴിയായി കിട്ടിയ മുത്തശ്ശിക്കഥകളും അനുഭവങ്ങളും കഥപറയുന്ന മട്ടില്‍ അവതരിപ്പിച്ചത്. സ്റ്റുഡന്റസ് ബിനാലെയില്‍ പങ്കെടുക്കുന്ന കശ്മീര്‍ സ്വദേശികള്‍ തന്നെയായ ദൃശ്യകലാ ബിരുദധാരി മാലിക് ഇര്‍തിസ, കശ്മീര്‍ സര്‍വ്വകലാശാല ഫൈന്‍ ആര്‍ട്ട്‌സ് വിദ്യാര്‍ത്ഥികളായ സദഫ് സൗലത്, അറൂജ് നാസിര്‍ എന്നിവരും നാസിറിനൊപ്പം കലാവതരണത്തില്‍ പങ്കാളികളായി. തെരുവില്‍ ദൈവം മരിച്ചു എന്ന് വിളിച്ചു പറഞ്ഞു മാഡ് മാന്‍ എന്ന പേര് സമ്പാദിച്ച ഫിക്ഷന്‍ കഥാപാത്രമാണ് ആവിഷ്‌കാരത്തിനു പ്രചോദനമായതെന്ന് നാസിര്‍ പറഞ്ഞു. മുത്തശ്ശിയുടെ ഓര്‍മകളില്‍ റാന്തല്‍ വിളക്കുമായി മാസങ്ങളായി ദൈവത്തിന്റെ അടയാളം തേടി ലോകത്തിന്റെ പല ഭാഗങ്ങളിലായി യാത്ര ചെയ്യുന്നു നാസിര്‍. ഓരോ സ്ഥലത്തു നിന്നും വിഭിന്ന അനുഭവങ്ങളും പ്രതികരണങ്ങളുമാണ് ലഭിക്കുന്നതെന്ന് കലാകാരന്‍ പറഞ്ഞു. മട്ടാഞ്ചേരി വികെഎല്‍ വെയര്‍ഹൗസിലെ സ്റ്റുഡന്റ്സ് ബിനാലെ വേദിയില്‍ നാസിറിന്റെ വീഡിയോ ആവിഷ്‌കാരത്തിന്റേയും കേന്ദ്രം റാന്തല്‍ ആണ്. മാലിക് ഇര്‍തിസ, സദഫ് സൗലത്, അറൂജ് നാസിര്‍ എന്നിവരുടെ കലാസൃഷ്ടികളും വികെഎല്‍ വെയര്‍ഹൗസില്‍ത്തന്നെ കാണാം.
പ്രത്യേക ലേഖകൻ