വടക്കേ വയനാട്ടിൽ കാട്ടുതീ പ്രതിരോധം ഊർജ്ജിതമാക്കുന്നു.
- Posted on February 05, 2026
- News
- By Goutham prakash
- 36 Views
വേനൽ കനത്തതോടെ കാടുകൾക്ക് കാട്ടുതീ ഭീഷണി ഏറി വരുന്ന സാഹചര്യത്തിൽ വടക്കേ വയനാട് വനം ഡിവിഷനിലെ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കീസ്റ്റോൺ ഫൗണ്ടേഷൻ വനം വകുപ്പുമായി സഹകരിച്ച് കൂടുതൽ പദ്ധതികൾ നടപ്പിലാക്കുകയാണ്. വനംവകുപ്പ് നിയോഗിച്ച താൽക്കാലിക ഫയർ വാച്ചർ മാർക്ക് ആവശ്യമായ സഹായങ്ങൾ നൽകിക്കൊണ്ട് ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം ആയി.
ഫയർ വാച്ചർമാർക്ക് അവരുടെ ജോലി സമയം പരമാവധി ഗുണകരമായി ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ പദ്ധതികൾ നടപ്പിലാക്കുകയാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിൻറെ ഭാഗമായി വടക്കേ വയനാട് ഡിവിഷനിൽ നിയോഗിച്ചിട്ടുള്ള 120 ഫയർ വാച്ചർമാർക്കും പ്രതിമാസ റേഷൻ കിറ്റുകൾ വിതരണം ചെയ്യും. കാട്ടുതീ പ്രതിരോധത്തിനായി ക്ഷീണം പ്രയത്നിക്കുന്ന ഫയർ വാച്ചർമാർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അവരുടെ ഉച്ചഭക്ഷണം. വാച്ചർമാർ ദിവസവും ദീർഘദൂരം നടന്നാണ് അവരുടെ ക്യാമ്പുകളിലേക്ക് എത്തുന്നത് പലപ്പോഴും ഉച്ചഭക്ഷണത്തിനായി അവർ തിരികെ വീണ്ടും നടന്ന് ഫോറസ്റ്റേഷനിലേക്ക് ഓഫീസിലേക്ക് എത്തേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഇതിനൊരു മാറ്റം വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് വനം വകുപ്പും കീസ്റ്റോൺ ഫൗണ്ടേഷനും ചേർന്ന് ഫയർ വാച്ചർമാർക്ക് റേഷൻ കിറ്റുകൾ നൽകാൻ തീരുമാനിച്ചത്. ഇതിൻറെ ഫലമായി വനം ഫയർ വാച്ചർമാർക്ക് ഉച്ചഭക്ഷണത്തിനുവേണ്ടി തിരികെ വരേണ്ടി വരുന്നില്ല.
സാധാരണയായി കാട്ടുതീ ഉണ്ടാവുന്നത് ഫയർ വാച്ചർമാർ ഉച്ചഭക്ഷണത്തിനായി തിരികെ വന്നതിനുശേഷമാണ് എന്നാണ് വനംവകുപ്പിന്റെ നിരീക്ഷണം. ഫയർ വാച്ചർമാർക്ക് ഭക്ഷണം എത്തിച്ചു നൽകുന്നതിലൂടെ ഇതിന് ഒരു പരിധിവരെ പരിഹാരമാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനുപുറമേ ഫയർ വാച്ചർമാർക്ക് കാട്ടുതീ നിരീക്ഷിക്കുന്നതിനു വേണ്ടി ഉയർന്ന പ്രദേശങ്ങളിൽ വിശാലമായ പ്രദേശത്ത് ദൃശ്യമാകുന്ന തരത്തിൽ മച്ചാനുകൾ നിർമ്മിക്കുന്നതിന് വേണ്ടിയും പദ്ധതി ലക്ഷ്യമിടുന്നു. ഡിവിഷൻ തലത്തിലും റെയിഞ്ച് തലത്തിലും നിർമിക്കപ്പെടുന്ന മച്ചാനുകളിൽ ഏറ്റവും നല്ലതിന് സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മച്ചാൻ നിർമ്മിക്കുന്നതിന് തനത് മരങ്ങൾ മുറിക്കാതെ അധിനിവേശ സസ്യങ്ങളെയും അക്കേഷ്യ യൂക്കാലി പോലെയുള്ള മരങ്ങൾ ഉപയോഗിക്കുന്നതിനും പ്രാധാന്യം നൽകും. കാട്ടുതീ നിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ ലൊക്കേഷൻ കണ്ടെത്തുന്നതിനേയും പരിഗണിച്ചായിരിക്കും സമ്മാനങ്ങൾ.
ഭാവിയിൽ ഫയർ വാച്ചർമാർക്ക് ആവശ്യമായ പരിശീലനങ്ങൾ സംഘടിപ്പിക്കുന്നതിനും കാട്ടുതീ പ്രതിരോധത്തിന് പ്രാദേശിക ജനതയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനും കീസ്റ്റോൺ ഫൗണ്ടേഷൻ വനം വകുപ്പുമായി ചേർന്ന് പ്രവർത്തിക്കും.
ഇതിൻ്റെ ഭാഗമായി ഫയർ വാച്ചർ മാർക്കുള്ള റേഷൻ കിറ്റുകളുടെ വിതരണം വടക്കേ വയനാട് ഡി. എഫ് ഒ. ശ്രീ സന്തോഷ് കുമാർ ഐഎഫ്എസ് നിർവഹിച്ചു. കാട്ടുതീ പ്രതിരോധത്തിനുള്ള സർക്കാർ ധനസഹായം അപര്യാപ്തമാകുന്ന സാഹചര്യങ്ങളിൽ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം കാട്ടുതീ കുറയ്ക്കുന്നതിനും വനസംരക്ഷണം കാര്യക്ഷമമാക്കുന്നതിനും സഹായകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ കെ വി അനന്തു സ്വാഗതം പറഞ്ഞ ചടങ്ങിൽ പേരിയ റെയിഞ്ച് ഓഫീസർ ഡി ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് കീസ്റ്റോൺ ഫൗണ്ടേഷൻ പ്രോഗ്രാം കോഡിനേറ്റർ അഡ്വ. കെ ജി രാമചന്ദ്രൻ സംസാരിച്ചു.
