നടപ്പാലത്തിൽ ആത്മഹത്യ ഭീഷണി മുഴക്കി ഇതരസംസ്ഥാന തൊഴിലാളി; മദ്യക്കുപ്പി കാണിച്ച് പിടികൂടി പൊലീസ്

ചെന്നൈ: റെയിൽവേ സ്റ്റേഷന്‍റെ നടപ്പാലത്തിൽ കയറി നിന്ന് ചാടുമെന്ന് ഭീഷണിമുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ മദ്യക്കുപ്പി കാണിച്ച് പ്രലോഭിപ്പിച്ച് പിടികൂടി പൊലീസ്. ചെന്നൈ തിരുവൊട്ടിയൂർ റെയിൽവേ സ്റ്റേഷനിലാണ് നാടകീയ സംഭവം. നടപ്പാലത്തിന്‍റെ കൈവരികളിൽ നിന്നായിരുന്നു ഇയാളുടെ അഭ്യാസപ്രകടനം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റെയിൽവേ പൊലീസും അഗ്നിസുരക്ഷ സേനയും ജനങ്ങളും പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചിട്ടും ഇയാൾ പിന്മാറാൻ തയ്യാറായില്ല. ഒരാഴ്ച മുൻപു മാത്രമാണ് ഒഡിഷ സ്വദേശിയായ യുവാവ് ചെന്നൈയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ചാടുമെന്ന് തീർച്ചപ്പെടുത്തിയ ഉദ്യോഗസ്ഥരും യാത്രക്കാരും മുൻകരുതലെന്ന നിലയിൽ നടപ്പാലത്തിനു കീഴിൽ ടാർപോളിൻ പായ് വിരിച്ചിരിച്ചിരുന്നു.
പിന്നീടാണ് അറ്റകൈ പ്രയോഗമെന്നോണം മദ്യക്കുപ്പി കാണിച്ചു ശ്രദ്ധ തിരിക്കാനുള്ള തന്ത്രം പൊലീസ് പയറ്റിയത്. കുപ്പികണ്ടതും ഇയാളുടെ ശദ്ധ്ര തിരിയുകയും അഗ്നിരക്ഷാ സേനാംഗങ്ങൾ നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ പിടികൂടി താഴെ ഇറക്കുകയുമായിരുന്നു.
