അഴിമതിക്കാർക്കെതിരെ മുഖം നോക്കാതെ നടപടി: മന്ത്രി കെ രാജൻ
തൃശൂർ: അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും റവന്യു ഭവന നിർമ്മാണവകുപ്പ് മന്ത്രി കെ രാജൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 'കരുതലും കൈത്താങ്ങും' കുന്നംകുളം താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
അഴിമതി തുടച്ച് നീക്കുന്നതിൻ്റെ ഭാഗമായി എല്ലാ വകുപ്പും ഡിജിറ്റലൈസ് ചെയ്യുകയാണ്. സർക്കാരും ജീവനക്കാരും പൊതുജനങ്ങളും അഴിമതിക്കെതിരായ പ്രവർത്തനങ്ങളിൽ അണിചേരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്ക് സർക്കാർ കരുതലും കൈത്താങ്ങുമാകുകയാണ്. ദീർഘകാലമായി പരിഹരിക്കപ്പെടാതെ പോയ നിരവധി പ്രശ്നങ്ങൾക്ക് അദാലത്തിലൂടെ തീർപ്പ് കൽപ്പിക്കാനായത് സർക്കാർ ജനങ്ങൾക്കൊപ്പം നിൽക്കുന്നതുകൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അദാലത്തിന്റെ അനുഭവം ഉൾക്കൊണ്ട് ഭാവിയിൽ പരാതികൾ കുറയ്ക്കാനുള്ള ഇടപെടൽ വിവിധ വകുപ്പുകൾ നടത്തണമെന്ന് ചടങ്ങിൽ അധ്യക്ഷനായ പട്ടികജാതി - പട്ടികവർഗ്ഗ പിന്നോക്കക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു മുഖ്യാതിഥിയായി.
കുന്നംകുളം രാജീവ് ഗാന്ധി മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന അദാലത്തിൽ എംഎൽഎമാരായ എ സി മൊയ്തീൻ, മുരളിപെരുനെല്ലി, കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, കലക്ടർ വി ആർ കൃഷ്ണ തേജ, സബ്ബ് കലക്ടർ മുഹമ്മദ് ഷഫീഖ്, അസി. കലക്ടർ വി എം ജയകൃഷ്ണൻ, കുന്നംകുളം തഹസിൽദാർ ഒ ബി ഹേമ, വാർഡ് കൗൺസിലർ മിനി മോൺസി, പഞ്ചായത്ത് പ്രസിഡൻ്റുമാർ, വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.