ഗോത്രഭാഷകള്‍ പരിചയപ്പെടുത്തി മലയാളം മിഷന്റെ ഗോത്രമലയാളം
ഗോത്രമലയാളം എകദിന ശില്പശാല മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ഗോത്രഭാഷയുടെ നാട്ടുതനിമയും വൈവിധ്യവും പ്രവാസലോകത്തെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മലയാളം മിഷന്‍ സംഘടിപ്പിച്ച ഗോത്രമലയാളം സെമിനാര്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. മലയാളഭാഷയ്ക്ക് ലോകശ്രദ്ധ നല്‍കാനുള്ള മലയാളം മിഷന്റെ ശ്രമത്തെ അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന നിര്‍ബന്ധം സര്‍ക്കാരിന് ഉള്ളത് കൊണ്ടാണ് സഞ്ചരിക്കുന്ന റേഷന്‍ കട പോലുള്ള പദ്ധതികള്‍ ആരംഭിച്ചത്. ഇതിലൂടെ 134 ഊരുകളിലെ കുടുംബങ്ങള്‍ക്ക് റേഷന്‍ നേരിട്ട് എത്തിക്കാന്‍ സാധിച്ചു. അതത് കുടംബങ്ങള്‍ക്ക് തന്നെ റേഷന്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇതുവഴി സാധിച്ചെന്നും മന്ത്രി പറഞ്ഞു. കോട്ടൂര്‍ ജംഗ്ഷനില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജി സ്റ്റീഫന്‍ എംഎല്‍എ അധ്യക്ഷനായി.
ഗീതാഞ്ജലി ഗ്രന്ഥശാലയുടെ സഹകരണത്തോടെ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തില്‍ സംഘടിപ്പിച്ച ഏകദിന പരിപാടിയുടെ ഭാഗമായി ഗോത്രമലയാളം സെമിനാര്‍, ഊരുമൂപ്പന്‍മാര്‍ക്ക് ആദരം, പ്രതിഭാസംഗമം, ഗ്രോത്രസന്ധ്യ എന്നിവയും നടന്നു. ഉദ്ഘാടന ചടങ്ങില്‍ ഗോത്രഗായിക കാളി, ഗോത്രാചാര്യന്‍ ഭഗവാന്‍ കാണി, ഗോത്രവൈദ്യന്‍ മല്ലന്‍കാണി എന്നിവരെ മന്ത്രി ആദരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തു. മലയാളം മിഷന്‍ രജിസ്ട്രാര്‍ വിനോദ് വൈശാഖി സ്വാഗതം പറഞ്ഞു. വിവിധ തദ്ദേശഭരണ പ്രതിനിധികള്‍, മലയാളം മിഷന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വന്തം ലേഖകൻ