അമ്മമാരുടെ സ്നേഹ വാത്സല്യം പറഞ്ഞ് ഹൃദയം തൊട്ട നാടകങ്ങൾ . നാടകോത്സവത്തിലെ നാലാം ദിനം: സന്ദര്‍ശകരായി വിശിഷ്ടാതിഥികളെത്തി

  • Posted on February 09, 2023
  • News
  • By Fazna
  • 119 Views

തൃശൂർ: നിർമ്മലമായ നദി ഒഴുകും പോലെ അമ്മമാരുടെ സ്‌നേഹ വാത്സല്യത്തിൻ്റെ  തീവ്രതയും നിർമ്മലതേ  പല പല കഥകളിലൂടെ ആവിഷ്‌കരിച്ചപ്പോള്‍ ഇറ്റ്‌ഫോക്ക് നാലാം ദിനത്തില്‍ നാടക പ്രേമികളുടെ ഹൃദയം തൊട്ട നാടകമായി അലി ചാഹ്രോറിന്റെ ടോള്‍ഡ് ബൈ മൈ മദര്‍. സംഗീതവും നൃത്തവും കൂടിച്ചേര്‍ന്ന ദൃശ്യചാരുത ഏവരുടെയും മനം കവര്‍ന്നെടുത്തു. മൂന്നാം ദിവസം അരങ്ങിലെത്തിയ ബ്ലാക്ക് ഹോളും മായാബസാറും നാലാം ദിനത്തിലും കാണികൾ ഹൃദയത്തിൽ ചേർത്തു. നവീന ചിന്തകള്‍ ഉണര്‍ത്തിയ പരീക്ഷണ നാടകം ബ്ലാക്ക് ഹോളിനും 137 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുള്ള സുരഭി തിയേറ്റര്‍ കമ്പനിയുടെ (സുരഭി നാടക സംസ്ത)  പ്രശസ്തമായ നാടകം മായാബസാറും വീണ്ടും അരങ്ങില്‍ കാണാന്‍ അനേകരാണ് ഒഴുകിയെത്തിയത്. ഓരോ ദിനം തോറും നാടകോത്സവത്തിൻ്റെ മൂർച്ചയേറി സർഗ്ഗ സംവാദങ്ങൾ സൃഷ്ടിച്ചു. നാടകമെന്ന കലയുടെ എല്ലാ  സ്പന്ദനങ്ങളും ചൂടു നിറഞ്ഞ ചർച്ചകളായി. സംഗീതം, നൃത്തം ,വേഷം ,അഭിനയം, കലാ സംവിധാനം, ദൃശ്യ ചാരുത ,ശബ്ദം ,സന്ദേശം എല്ലാ മർമ്മരങ്ങളും ചെറിയ - വലിയ സംവാദങ്ങൾക്ക് നിദാനമായി. 

വിശിഷ്ടാതിഥികളെ കൊണ്ടും നാലാം ദിനം സമ്പന്നമായിരുന്നു. കലാമണ്ഡലം ചാന്‍സലര്‍ മല്ലികാ സാരാഭായി, എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍, സാഹിത്യ അക്കാദമി ചെയര്‍മാനും കവിയുമായ കെ സച്ചിദാനന്ദന്‍, കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം വി നാരായണന്‍ തുടങ്ങി നിരവധി പ്രമുഖരാണ് നാടകോത്സവത്തിന്റെ ഭാഗമായത്.  മല്ലികാ സാരാഭായിയും  കെ സച്ചിദാനന്ദനും ടോള്‍ഡ് ബൈ മൈ മദര്‍ നാടകം കണ്ടതിന് ശേഷമാണ് മടങ്ങിയത്. ലക്ഷദ്വീപ് സംസ്‌കാരത്തിന്റെ തനിമ ചോരാത്ത ഗാനാവതരണം സമ്മാനിച്ച പുള്ളിപറവ സംഗീതനിശയും വേറിട്ട അനുഭവമായി. 

ബ്ലാക്ക് ഹോള്‍ നാടക സംവിധായകന്‍ ജ്യോതി ഡോഗ്രയും ആര്‍ട്ടിക്കിന്റെ അണിയറ പ്രവര്‍ത്തകരുമാണ് ആര്‍ട്ടിസ്റ്റ് ഇന്‍ കോണ്‍വര്‍സേഷന്റെ ഭാഗമായത്. ആര്‍ട്ടിസ്റ്റ് സീനിക് ഗാലറിയില്‍ സൗത്ത് ആഫ്രിക്കന്‍ തീയേറ്ററിന്റെ പരിണാമത്തെ പറ്റി പ്രൊഫസര്‍ അറി സിതാസ് നടത്തിയ പൊതുപ്രഭാഷണവും ശ്രദ്ധേയമായി. അധിനിവേശ കാലഘട്ടം മുതല്‍ സമകാലിക കാലം വരെ സൗത്ത് ആഫ്രിക്കന്‍ നാടക പ്രസ്ഥാനങ്ങള്‍ കടന്നുപോയ മാറ്റങ്ങളും ആഫ്രിക്കയിലെ നാടകൃത്തുക്കള്‍ നല്‍കിയ സംഭാവനകളും പ്രഭാഷണത്തില്‍ വിശദീകരിച്ചു.  പൂര നഗരിയിലെ നാടക പൂരം കൊട്ടി കയറി മുന്നേറുകയാണ്.



Author
Citizen Journalist

Fazna

No description...

You May Also Like