കിഫ്‌ബി എന്താണെന്നറിയാമോ ???

കേരളം തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടക്കുമ്പോൾ സർക്കാർ വലിയ ഭരണനേട്ടമായി ഉയർത്തിക്കാട്ടുന്ന ഒന്നാണ് കിഫ്‌ബി, പ്രതിപക്ഷം അതിനെ സർക്കാരിനെതിരെയുള്ള ഒരായുധമായും ഉപയോഗിക്കുന്നു.  എന്നാൽ സാധാരക്കാരുടെ ഇടയിൽ കിഫ്‌ബി എന്നാൽ എന്താണെന്നുപോലുമുള്ള  വ്യക്തമായ ധാരണ ഇല്ല എന്നതാണ് സത്യം  


സത്യത്തിൽ എന്താണ് കിഫ്ബി.?

എന്തിനാണ് കിഫ്ബി.?

കിഫ്ബിയിൽ പണം എവിടെനിന്നു വരുന്നു? 


 രാഷ്ട്രീയം എന്തുതന്നെയായാലും പ്രബുദ്ധരായ കേരളജനത ഇതിനെപ്പറ്റി അറിഞ്ഞിരിക്കേണ്ടതുണ്ട് , ഈ പ്രതിസന്ധിയുടെ കാലത്തും ഇത്രവലിയ വികസനം കേരളത്തിൽ എങ്ങനെ സാധ്യമായി എന്നതും അറിഞ്ഞിരിക്കേണ്ടതു നമ്മുടെ കടമയാണ്.

   കിഫ്ബിയെ കുറിച്ച് ജനങ്ങളെ ബോധവന്മാരാക്കാൻ കേരളാനിർമിതി എന്നപേരിൽ മൂന്ന് വർഷകാലം (2018 - 2021) നീണ്ടുനിന്ന ഒരു എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു. അതും ജനങ്ങളിലേക്ക് കാര്യമായി എത്തിക്കാനായോ എന്നത്  എന്നാൽ സംശയമാണ്. 

   4000 കോടി രൂപ മാത്രം ലഭിച്ച കിഫ്ബി യുടെ കീഴിൽ 5000 കോടി രൂപയുടെ വികസന മുന്നേറ്റം കേരളം സ്വന്തം നിലയിൽ നടത്തി എന്നുള്ളത് കിഫ്ബിയുടെ വൻ വിജയമാണ്.


സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പിലാക്കാനാണ് കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) രൂപീകരിച്ചത്. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിയമം അനുസരിച്ച് 1999 നവംബർ 11നാണ് കിഫ്ബി ആരംഭിച്ചത്. എന്നാൽ നീണ്ട പതിനേഴ് വർഷക്കാലം പറയത്തക്ക വിധത്തിലുള്ള യാതൊരു വികസനവും കിഫ്ബിയുടെ കീഴിൽ നടന്നിട്ടില്ല.

2016ൽ എൽഡിഎഫ് സർക്കാർ  അധികാരമേറ്റെടുത്തപ്പോൾ കിഫ്ബിയുടെ ചട്ടങ്ങൾ പരിഷ്ക്കരിച്ചു. സാമ്പത്തിക മേഖലയിലെ മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നിവയായിരുന്നു സർക്കാരിന്റെ ലക്ഷ്യങ്ങൾ.

എന്തിനാണ് കിഫ്ബി ?

ഓൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (എഐഎഫ്), ഇന്‍ഫ്രാസ്ട്രെക്ച്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് (ഐഎൻവിഐടി), ഇൻഫ്രാസ്ട്രക്ച്ചർ ഡെബ്റ്റ് ഫണ്ട് (ഐഡിഎഫ്) എന്നിവയിലൂടെയാണ് കിഫ്ബിയുടെ സാമ്പത്തിക ആവശ്യങ്ങൾ സാധ്യമാകുന്നത്. ഗതാഗതം, ഊർജം, അടിസ്ഥാന സൗകര്യവികസനം, ഐടി, ജല ശുചീകരണം എന്നീ മേഖലകളിലെ വികസനമാണ് കിഫ്ബിയിലൂടെ സർക്കാർ നടത്തുന്നത്.

കിഫ്ബി എങ്ങനെയാണ് ധനസമാഹരണം നടത്തുന്നത് ?

കിഫ്ബി മസാല ബോണ്ടുകൾ വഴി 2150 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. മോട്ടർ വാഹന നികുതിയുടെ വിഹിതം, പെട്രോളിയം സെസ്, മസാലബോണ്ട്, പ്രവാസി ചിട്ടി ബോണ്ട്, ടേം ലോൺ, നബാർഡ് ലോൺ, നോർക്ക ലോൺ തുടങ്ങിയ മാർഗങ്ങളിലൂടെയാണ് കിഫ്ബി ധനസമാഹരണം നടത്തിയത്.

എന്താണ് മസാല ബോണ്ട് ?

രാജ്യാന്തര വിപണിയിൽ ഇന്ത്യൻ രൂപയിൽ തന്നെ ബോണ്ടിറക്കി പണം സമാഹരിക്കുന്ന രീതിയാണിത്. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങൾക്കായാണു മുഖ്യമായും മസാല ബോണ്ടുകൾ വഴി കടമെടുക്കുന്നത്. ഇത് പൂർണമായും ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ്  ലിസ്റ്റുചെയ്തിരിക്കുന്നത്.  ഈ വിദേശ കട വിപണിയിൽ പ്രവേശിച്ച ആദ്യത്തെ ഇന്ത്യൻ ഏജൻസിയാണ് കിഫ്ബി.

കേന്ദ്ര സർക്കാരിന്റെ ധന ഉത്തരവാദിത്ത നിയമം കാരണം സംസ്ഥാന വരുമാനത്തിന്റെ 3.5 ശതമാനം മാത്രമാണ് സംസ്ഥാന ബഡ്ജറ്റിന് കേന്ദ്രത്തിൽ നിന്നും വായ്പ എടുക്കാൻ അനുവാദമുള്ളു. എന്നാൽ കേരളം ആ പരിധി എന്നോ കഴിഞ്ഞിരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ സർക്കാരിന്റെ വരുമാനം ദൈനം ദിന ആവശ്യങ്ങൾക്ക് പോലും തികയാറില്ല.  ഈ പ്രതിസന്ധി മറികടക്കുന്നതിനാണ് ധനമന്ത്രി  തോമസ് ഐസക്  ഇങ്ങനെയൊരു ബോർഡ് ഉത്തേജിപ്പിച്ചെടുത്ത്


മുഖ്യമന്ത്രിയാണ് ചെയർമാൻ. ധനമന്ത്രി വൈസ് ചെയർമാൻ. സിഇഒ മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം. ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ വിക്രംജിത് സിങ് ഐപിഎസ്. ചീഫ് സെക്രട്ടറി, സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ, നിയമ സെക്രട്ടറി, ധനസെക്രട്ടറി, ധനവിഭവ സെക്രട്ടറി തുടങ്ങിയവർ അംഗങ്ങളാണ്. ഇവരെകൂടാതെ വിവിധ മേഖലകളിൽ വിദഗ്ധരായ ഏഴ് സ്വതന്ത്ര അംഗങ്ങളുമുണ്ട്. ഇതിനു പുറമേ കിഫ്ബിക്ക് എക്സിക്യൂട്ടിവ് കമ്മറ്റിയുമുണ്ട്. കമ്മിറ്റിയുടെ ചെയർമാൻ ധനമന്ത്രിയാണ്. ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, ധനസെക്രട്ടറി, ധനവിഭവ സെക്രട്ടറി, 3 സ്വതന്ത്ര അംഗങ്ങൾ, സിഇഒ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. കിഫ്ബി ഫണ്ട് ശരിയായി വിനിയോഗിക്കുന്നുണ്ടോ എന്നറിയാൻ  ഫണ്ട് ട്രസ്റ്റി ആൻഡ് അഡ്വൈസറി കമ്മിഷൻ (എഫ്ടിഎസി) രൂപീകരിച്ചിട്ടുണ്ട്. മുൻ കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ വിനോദ് റായിയാണ് കമ്മിഷൻ അധ്യക്ഷൻ. ആർബിഐ മുൻ ഡെപ്യൂട്ടി ഗവർണർ ഉഷാ തൊറാട്ട്, നബാർഡ് മുൻ ചെയർമാൻ പ്രകാശ ബക്ഷി എന്നിവർ അംഗങ്ങളാണ്. രണ്ടു വർഷമാണ് ഈ ട്രസ്റ്റിന്റെ കാലാവധി.

സർക്കാരിന്റെ അധീനതയിൽ ഇങ്ങനെയൊരു സമിതി രൂപം കൊള്ളുമ്പോൾ സ്വാഭാവികമായും ജനങ്ങളിൽ ഒരു സംശയം ഉണ്ടായേക്കാം. എന്തു കൊണ്ട് കേരള സർക്കാരിന് നേരിട്ട് ധനസമാഹരണം നടത്തിക്കൂടാ..?

കിഫ്ബിയിലൂടെ ധനസമാഹരണം നടത്തുകയും വിനിയോഗിക്കുകയും ചെയ്യുമ്പോൾ പൂർണ്ണമായും സുതാര്യമാണ് എന്നത് തന്നെയാണ് സർക്കാർ നേരിട്ട് ധനസമാഹാരണം നടത്തത്തിന്റെ കാരണം. അതുകൊണ്ടു തന്നെ സർക്കാരിന്റെ വിവിധ വകുപ്പുകളിലൂടെ വികസന കാര്യങ്ങളും മറ്റും നടക്കുന്നതിന്റെ കാലതാമസം, മറ്റു അഴിമതി പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാം. 



സർക്കാരുകൾ മാറി മാറി വന്നാലും സ്വന്തം നേട്ടത്തിൽ കേരളം വളരുമ്പോൾ നമ്മളോരോരുതരും അതിൽ പങ്കാളികളാണെന്നതിൽ നമുക്ക് അഭിമാനിക്കുകയും ഇതിനു കാരണക്കാരായ നിന്നവരെ നമുക്ക് അഭിനന്ദിക്കുകയും  ചെയ്യാം.

Author
Citizen Journalist

Goutham Krishna

No description...

You May Also Like