അതിർത്തികളിൽ നിരീക്ഷണത്തിന്‌ കെമു ഊടുവഴികളിലൂടെയുള്ള ലഹരി കടത്തിന്‌ തടയിടും

  • Posted on April 11, 2023
  • News
  • By Fazna
  • 74 Views

തിരുവനന്തപുരം: കേരളാ എക്സൈസ്‌ മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ്‌ (KEMU) നാളെ (ഏപ്രിൽ 11ന്‌) രാവിലെ 10 മണിക്ക്‌ തിരുവനന്തപുരം അമരവിളയിൽ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ്‌ മന്ത്രി എം ബി രാജേഷ്‌ ഉദ്ഘാടനം ചെയ്യും. പട്രോളിംഗ്‌ യൂണിറ്റുകളുടെ ഫ്ലാഗ് ഓഫ് കർമവും മന്ത്രി നിർവ്വഹിക്കും. നെയ്യാറ്റിൻകര എം എൽ എ കെ ആൻസലൻ അധ്യക്ഷനാകും. പ്രധാനപ്പെട്ട ചെക്പോസ്റ്റുകൾ ഒഴിവാക്കി ഊടുവഴികളിലൂടെയുളള മദ്യത്തിന്റേയും, മയക്കുമരുന്നിന്റേയും, സ്പിരിറ്റിന്റേയും കടത്ത് പ്രതിരോധിക്കുന്നതിനായാണ്‌ സംവിധാനം നടപ്പിലാക്കുന്നത്‌. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 4 മൊബൈൽ പട്രോളിംഗ് യൂണിറ്റുകൾ 36 ലക്ഷം രൂപ ചിലവിലാണ്‌ ആദ്യഘട്ടത്തിൽ ഒരുക്കുന്നത്‌. ഇതിനായി 4 മഹിന്ദ്ര ബൊലേറോ നിയോ വാഹനങ്ങൾ വാങ്ങിയിട്ടുണ്ട്‌. ഇവ തിരുവനന്തപുരം, പാലക്കാട്‌, വയനാട്‌, കാസർഗോഡ്‌ ജില്ലയിലെ സംസ്ഥാന അതിർത്തി പ്രദേശത്ത്‌ വിന്യസിക്കും. സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെട്ട പദ്ധതിയാണിത്‌. 

നിലവില്‍ തമിഴ്നാട്, കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിൽ എക്സൈസ് വകുപ്പിന്റെ 41 ചെക്ക്പോസ്റ്റുകളാണ് പ്രവര്‍ത്തിക്കുന്നത്‌. ഇതിൽ പ്രധാനപ്പെട്ട  22 ചെക്ക്‌പോസ്റ്റുകളിൽ സി സി ടി വി സംവിധാനവും കേന്ദ്രീകൃത മോണിറ്ററിങ്ങും ഏർപ്പെടുത്തി, ചെക്ക്പോസ്റ്റുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ചെക്ക്പോസ്റ്റിലൂടെയല്ലാതെ തിരുവനന്തപുരം, പാലക്കാട്‌, വയനാട്, കാസർഗോഡ് ജില്ലയിലെ സംസ്ഥാന അതിർത്തികൾ കടന്ന് ഇടറോഡുകളിലൂടെ ലഹരി വസ്തുക്കൾ എത്തുന്നത്‌ തടയാൻ ലക്ഷ്യമിട്ടാണ്‌‌, കെമു നടപ്പിലാക്കുന്നത്‌. കാട്ടുപാതകൾ വഴിയും ഊടുവഴികൾ വഴിയും വാഹനത്തിലും തലച്ചുമടുമായെല്ലാം കടത്തുന്ന ലഹരി വസ്തുക്കൾക്ക്‌ കെമുവിലൂടെ തടയിടാനാകും. ഈ ജില്ലകളിലെ സംസ്ഥാന അതിത്തികളിലെ ഇടറോഡുകൾ കേന്ദ്രീകരിച്ചാകും പട്രോളിംഗ്‌ യൂണിറ്റുകൾ പ്രവർത്തിക്കുക. 

എൻഫോഴ്സ്മെന്റിൽ മികച്ച പ്രവർത്തനമാണ്‌ എക്സൈസ്‌ കാഴ്ചവെക്കുന്നത്‌. കഴിഞ്ഞ വർഷം 18,592 അബ്കാരി കേസുകളും, 6,116 എൻ ഡി പി എസ് കേസുകളും, 86,114 കോട്പ കേസുകളും എക്സൈസ്‌ എടുത്തിരുന്നു. ഈ കേസുകളിൽ 21,684 പ്രതികളെ അറസ്റ്റ് ചെയ്തു. 4,166 ലിറ്റർ വ്യാജമദ്യം,15,210 ലിറ്റർ അന്യ സംസ്ഥാന മദ്യം,16,067 ലിറ്റർ സ്പിരിറ്റ്, 5,385 ലിറ്റർ ചാരായം, 54,644 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം,11,984 ലിറ്റർ കള്ള്, 3,602 കിലോഗ്രാം കഞ്ചാവ്,1,902 എണ്ണം കഞ്ചാവ് ചെടികൾ, 37,455 ഗ്രാം  ഹാഷിഷ് ഓയിൽ, 129.33 ഗ്രാം ബ്രൗൺ ഷുഗർ, 447.79 ഗ്രാം  ഹെറോയിൻ, 7,775.43 ഗ്രാം എം ഡി എം എ , 42.78 ഗ്രാം എൽ എസ് ഡി സ്റ്റാമ്പ്, 2,432.49 ഗ്രാം മെത്തഫെറ്റമിൻ, 604.27ഗ്രാം നാർക്കോട്ടിക് ടാബ്‌ലറ്റുകൾ എന്നിവ തൊണ്ടി ഇനത്തിൽ  കണ്ടെത്തി. എക്സൈസിന്റെ എൻഫോഴ്സ്‌മന്റ്‌ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ കെമു സഹായകരമാകുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like