,,സഫാരി തിരക്കിൽ സമ്മർദ്ദത്തിലാകുന്ന കടുവകൾ”
- Posted on May 21, 2026
- News
- By Goutham prakash
- 26 Views
വന്യ ജീവി സങ്കേതങ്ങളിൽ വിനോദ സഞ്ചാരമെന്ന പേരിൽ
അപഥ സഞ്ചാരങ്ങൾ നടക്കുമ്പോൾ കടുവകൾ മാനസീക സമ്മർദത്തിലാകുന്നുവെന്ന് പഠനം.
കടുവകളെ സമ്മർദ്ദത്തിലാക്കുന്ന ടൂറിസമോ എന്നാണ്
പഠനം ചോദിക്കുന്നത്.
സഫാരി വാഹനങ്ങളുടെ തിരക്ക് കടുവകളുടെ സ്വഭാവത്തെയും പ്രജനനത്തെയും ബാധിക്കുന്നതായി പഠനം വെളിപ്പെടുത്തുന്നു.
രാജ്യത്തെ പ്രമുഖ കടുവാ സങ്കേതങ്ങളിലെ നിയന്ത്രണമില്ലാത്ത ടൂറിസവും സഫാരി വാഹനങ്ങളുടെ തിരക്കും കടുവകളിൽ ഗുരുതര മാനസിക സമ്മർദ്ദവും പെരുമാറ്റ വ്യതിയാനങ്ങളും ഉണ്ടാക്കുന്നുവെന്ന് ശാസ്ത്രീയ പഠനം. CSIR-Centre for Cellular and Molecular Biology നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
Corbett Tiger Reserve, Tadoba-Andhari Tiger Reserve, Bandhavgarh National Park, Kanha Tiger Reserve, Periyar Tiger Reserve എന്നീ അഞ്ച് കടുവാ സങ്കേതങ്ങളിലായി രണ്ട് വർഷം നീണ്ട പഠനത്തിലാണ് കടുവകളുടെ ശരീരത്തിലെ stress hormones ഉയരുന്നതായി കണ്ടെത്തിയത്.
610 കടുവകളുടെ വിസർജ്യസാംപിളുകൾ പരിശോധിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ടൂറിസം കൂടുതലുള്ള പ്രദേശങ്ങളിലും സഫാരി റൂട്ടുകൾക്കടുത്തുമുള്ള കടുവകളിൽ stress hormones ഗണ്യമായി കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. പ്രത്യേകിച്ച് ടഡോബ-അന്ധാരി, ബന്ദവ്ഗഡ് സങ്കേതങ്ങളിലാണ് ഏറ്റവും ഉയർന്ന സമ്മർദ്ദനില കണ്ടെത്തിയത്.
ഗവേഷകരുടെ അഭിപ്രായത്തിൽ, സ്ഥിരമായ മാനസിക സമ്മർദ്ദം കടുവകളുടെ പ്രതിരോധശേഷി കുറയ്ക്കുകയും രോഗബാധയ്ക്ക് സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. അതിനേക്കാൾ ഗുരുതരമായി, പ്രജനന ഹോർമോണുകളെയും ഇത് ബാധിക്കുന്നു. പെൺകടുവകളിൽ പ്രജനനചക്രം തകരുക, ആൺകടുവകളിൽ reproductive quality കുറയുക, കുഞ്ഞുങ്ങളുടെ അതിജീവനശേഷി താഴുക തുടങ്ങിയ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
പെൺകടുവകൾക്ക് കുഞ്ഞുങ്ങളെ പ്രസവിക്കാനും വളർത്താനും ശാന്തവും സുരക്ഷിതവുമായ ഇടങ്ങൾ ആവശ്യമാണ്. എന്നാൽ നിരന്തരമായ വാഹനശബ്ദവും മനുഷ്യസാന്നിധ്യവും കാരണം കടുവകൾ പ്രധാന ആവാസമേഖലകൾ വിട്ട് മാറിപ്പോകേണ്ടി വരുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മാസം Ranthambore National Park ൽ കടുവയെ ചുറ്റി നിരവധി സഫാരി വാഹനങ്ങൾ വളഞ്ഞുനിന്ന വീഡിയോ വൈറലായതും വലിയ വിവാദമായിരുന്നു. വന്യജീവി ടൂറിസത്തിന്റെ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും ഇതോടെ ശക്തി കൂടിയിരിക്കുകയാണ്.
അതേസമയം, വന്യജീവി ടൂറിസത്തെ പൂർണമായി എതിർക്കുന്നില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. എന്നാൽ സഫാരി വാഹനങ്ങളുടെ എണ്ണം കുറയ്ക്കുക, കടുവകൾക്ക് ചുറ്റുമുള്ള തിരക്ക് ഒഴിവാക്കുക, ടൂറിസം സമയം നിയന്ത്രിക്കുക, കൃത്രിമ ജലസ്രോതസ്സുകൾ സഫാരി റൂട്ടുകളിൽ നിന്ന് മാറ്റുക തുടങ്ങിയ നിർദേശങ്ങളാണ് പഠനം മുന്നോട്ടുവെക്കുന്നത്.
വനാവാസ വ്യവസ്ഥയിലെ ജൈവ ചക്രം അസന്തുലിതമാകുമ്പോൾ മൃഗങ്ങളുടെ സ്വഭാവത്തിലും മാറ്റങ്ങൾ ഉണ്ടായി അവ കാടിറങ്ങി പ്രശ്നങ്ങൾക്കും നിദാനമാകുന്നു.
വിനോദ സഞ്ചാരത്തിന്റെ പേരിലെ ഈ അപഥ സഞ്ചാരത്തിന് നിയന്ത്രണമുണ്ടായില്ലെങ്കിൽ പ്രശ്നം കൂടുതൽ രൂക്ഷമാകും.
