കേരള സീനിയർ വനിതാ ഫുട്ബോൾ ടീം മത്സരത്തിനായി ഉത്തർഖണ്ഡിലേക്ക്
- Posted on March 24, 2023
- News
- By Goutham Krishna
- 89 Views
തിരുവനന്തപുരം: കേരള സീനിയർ വനിതാ ഫുട്ബോൾ ടീം 27-ാമത് ഉത്തരാഖണ്ഡിൽ നടക്കാനിരിക്കുന്ന സീനിയർ വനിതാ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനായി യാത്ര തിരിച്ചു. തിരുവനന്തപുരം, കാര്യവട്ടം സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷ൯ (സായി - എല്‍.എന്‍.സി.പി.ഇ) 2023 മാർച്ച് 3 മുതൽ 22 വരേ സംഘടിപ്പിച്ച വിദഗ്ധ ഫുട്ബോൾ പരിശീലന ക്യാമ്പ് കേരള സീനിയർ വനിതാ ഫുട്ബോൾ ടീം വിജയകരമായി പൂർത്തിയാക്കി. ഉത്തരാഖണ്ഡിലെ ഹൽദ്വാനി / രുദ്രപൂരിൽ നടക്കാനിരിക്കുന്ന 27-ാമത് വനിതാ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനു മുന്നോടിയായിരുന്നു കേരള ഫുട്ബോൾ അസോസിയേഷൻ എല്‍.എന്‍.സി.പി.ഇ യിൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്.
കളിക്കാർക്കായി തിരുവനന്തപുരം കാര്യവട്ടം സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, (സായി എൽ.എൻ.സി.പി.ഇ), യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. പ്രിൻസിപ്പലും റീജിയണൽ ഹെഡുമായ ഡോ.ജി.കിഷോർ കളിക്കാരുമായി സംവദിക്കുകയും അവർക്ക് എല്ലാ ആശംസകളും നേരുകയും കളിക്കാർക്കുളള സ്പോർട്സ് ജേഴ്സികൾ വിതരണം ചെയ്യുകയും ചെയ്തു. എല്‍.എന്‍.സി.പി.ഇ അസോസിയേറ്റ് പ്രൊഫസറും ഹൈ പെർഫോമേന്സ് ഡയറക്ടർ, ഡോ.പ്രദീപ് ദത്ത, എല്‍.എന്‍.സി.പി.ഇ അസിസ്റ്റന്റ് പ്രൊഫസറും കേരള വനിതാ ടീം മുഖ്യ പരിശീലകൻ ഡോ. നരേന്ദ്ര ഗാംഗ്‌വർ, കേരള വനിതാ ടീം അസിസ്റ്റന്റ് പരിശീലക ശ്രീമതി. സുഭിത പൂവറ്റ, സായ് ഉദ്യോഗസ്ഥർ, പരിശീലകർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കേരള വനിതാ ടീമിന്റെ ആദ്യ മത്സരം മാർച്ച് 28 ന് പുതുച്ചേരിക്കെതിരെയാണ്.
പ്രത്യേക ലേഖകൻ