രാജ്യത്തിന് മാതൃകയായി രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം സംസ്ഥാനത്ത്‌ തുടക്കമിട്ടു

വൈകിട്ട്‌  6 മുതൽ അടുത്ത ദിവസം രാവിലെ ആറുവരെ ഒരു വെറ്ററിനറി സർജന്റെയും ഒരു സഹായിയുടെയും സേവനം ഏത് പാതിരാവിലും വീട്ടുപടിക്കൽ ലഭ്യമാകുന്ന പദ്ധതിയാണിത്‌. സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും രാത്രികാല മൃഗചികിത്സാ സൗകര്യമെന്ന ലക്ഷ്യം ഈ വർഷംതന്നെ പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്‌.

ഹ്രസ്വകാലാടിസ്ഥാനത്തിൽ താരതമ്യേന കുറഞ്ഞ മൂലധനത്തിൽ ജന്തുജന്യമാംസ്യ വിഭവങ്ങളുടെ ഉൽപ്പാദനം വർധിപ്പിക്കുന്നതിനുള്ള വികസന പദ്ധതികളാണ് മൃഗസംരക്ഷണ ക്ഷീരവികസന രംഗത്ത്  സംസ്ഥാന  സർക്കാർ  ലക്ഷ്യമിട്ടത്. പ്രകടമായ വികസന മുന്നേറ്റങ്ങൾ ഈ മേഖലകളിൽ ഉണ്ടാകുകയും ചെയ്തു. പാൽ, മുട്ട, മാംസം എന്നിവയുടെ ഉൽപ്പാദനത്തിലെ വർധന ഈ മേഖലകളെ ചൈതന്യവത്താക്കിയിട്ടുണ്ട്. ക്ഷീരകർഷകർക്ക് ആശ്വാസമാകുന്ന  ഒട്ടേറെ വേറിട്ട പദ്ധതികൾ കഴിഞ്ഞ നാലുവർഷങ്ങൾക്കിടയിൽ നടപ്പാക്കാനായി.  ആരോഗ്യമുള്ള ഒരു മൃഗസമ്പത്താണ് ഈ മേഖലയുടെ ഹൃദയരേഖ. മൃഗചികിത്സ കർഷകന്റെ വീട്ടുമുറ്റത്തെത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക്‌ നീങ്ങുകയാണ്‌ മൃഗസംരക്ഷണവകുപ്പ്‌.  പൂർണമെന്ന് അവകാശപ്പെടാനാകില്ലെങ്കിലും രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം  സംസ്ഥാനത്ത്‌  105 ബ്ലോക്കിൽ ആരംഭിച്ചു കഴിഞ്ഞു. ഇത്‌ ക്ഷീരകർഷകർക്ക്‌ ഏറെ ഗുണം ചെയ്യും.





ജില്ല, നിലവിൽ രാത്രികാലസേവനം നൽകുന്ന ബ്ലോക്കുകൾ എന്നീ ക്രമത്തിൽ

തിരുവനന്തപുരം: നേമം, അതിയന്നൂർ, വെള്ളനാട്, പെരുങ്കടവിട, നെടുമങ്ങാട്, വാമനപുരം, പോത്തൻകോട്, നെയ്യാറ്റിൻകര

കൊല്ലം: കൊട്ടാരക്കര, ശാസ്താംകോട്ട, പുനലൂർ, ഇത്തിക്കര, അഞ്ചൽ, ചടയമംഗലം, ഓച്ചിറ, വെട്ടിക്കവല.

പത്തനംതിട്ട: പന്തളം, കോയിപുരം, കോന്നി, റാന്നി, പറക്കോട്, മല്ലപ്പള്ളി, ഇലന്തൂർ.

ആലപ്പുഴ: ഭരണിക്കാവ്, ആര്യാട്, ചെമ്മന്നൂർ, അമ്പലപ്പുഴ, തൈക്കാട്ടുശ്ശേരി

ഇടുക്കി: കട്ടപ്പന, നെടുങ്കണ്ടം, അടിമാലി, തൊടുപുഴ, അഴുത, ഇടുക്കി, ദേവികുളം.

കോട്ടയം: ഏറ്റുമാനൂർ, ലാലം, വാഴൂർ, മടപ്പള്ളി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പള്ളം, വൈക്കം

എറണാകുളം: മൂവാറ്റുപുഴ, നോർത്ത് പറവൂർ, കോതമംഗലം, അങ്കമാലി, വാഴക്കുളം, കൂവപ്പടി, മുളന്തുരുത്തി.

തൃശൂർ: ചാലക്കുടി, മാള കൊടുങ്ങല്ലൂർ , അന്തിക്കാട്, തളിക്കുളം, മതിലകം, ചൊവ്വന്നൂർ, കൊടകര

പാലക്കാട്: ചിറ്റൂർ, ആലത്തൂർ, പാലക്കാട്, ശ്രീകൃഷ്ണപുരം, മലമ്പുഴ, പട്ടാമ്പി, അട്ടപ്പാടി, ഒറ്റപ്പാലം, മണ്ണാർക്കാട്, നെന്മാറ

മലപ്പുറം: കൊണ്ടോട്ടി, പെരുന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി, മലപ്പുറം, തിരൂർ, വണ്ടൂർ

കോഴിക്കോട്: പേരാമ്പ്ര, കുന്നമംഗലം, ചെളന്നൂർ, കോഴിക്കോട് , പന്തലായനി, തൂണേരി, തോടന്നൂർ, കുന്നുമ്മൽ.

വയനാട്: മാനന്തവാടി, സുൽത്താൻ ബത്തേരി, പനമരം, കൽപ്പറ്റ.

കണ്ണൂർ: കൂത്തുപറമ്പ്, ഇരിട്ടി, കണ്ണൂർ, തലശേരി, പേരാവൂർ, പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ, പാനൂർ.

കാസർകോട്: പരപ്പ, മഞ്ചേശ്വരം, കാഞ്ഞങ്ങാട്, നീലേശ്വരം, കാസർകോട്

31 മൃഗാശുപത്രിയിൽ 24 മണിക്കൂർ ചികിത്സ ലഭ്യമാക്കാനും സർക്കാർ ഉദ്ദേശിക്കുന്നു. കേരളത്തിലുള്ള എല്ലാ ബ്ലോക്കുകളിലേക്കും രാത്രികാല മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതോടൊപ്പം മൃഗാരോഗ്യ പരിപാലനരംഗത്ത് അന്താരാഷ്ട്ര നിലവാരം കൈവരിക്കുകയാണ് അടുത്ത ലക്ഷ്യം.

Author
ChiefEditor

enmalayalam

No description...

You May Also Like