മഗ്സെസെയും കുറെ കമ്യൂണിസ്റ്റുകാരും
രാജ്യത്തെ വർദ്ധിച്ചു വരുന്ന തൊഴിലാളി വർഗ്ഗ മുന്നേറ്റങ്ങളെ അടിച്ചമർത്താൻ അമേരിക്കക്കും ഫിലിപ്പീൻസിനും ഇടയിൽ നിന്നു പ്രവർത്തിച്ചത് അന്ന് മഗ്സസെയായിരുന്നു. റോക്സാസിന്റെ മരണശേഷം അധികാരത്തിൽ വന്ന എൽപീജോ കിറീനോയുടെയും വിശ്വസ്തനായി മഗ്സസെ. അങ്ങനെ ദേശീയ പ്രതിരോധ മന്ത്രാലയത്തിന്റെ സെക്രട്ടറി ചുമതലയും അദ്ദേഹത്തെ തേടിവന്നു. ഇതിനൊക്കെയുളള രാമൊൺ മഗ്സസെയുടെ യോഗ്യതയാവട്ടെ കടുത്ത 'കമ്യൂണിസ്റ്റ് വിരുദ്ധത' മാത്രം.
ചരിത്രം പഠിക്കാം
പടിഞ്ഞാറ് തെക്കൻ ചൈന കടലും, കിഴക്ക് ഫിലിപ്പൈൻ കടലും, തെക്ക് ഇന്തോനേഷ്യയും, വടക്ക് തായ്‌വാനുമുളള തെക്ക് കിഴക്കൻ ഏഷ്യയിലെ ഒരു ദ്വീപ് രാഷ്ട്രമാണ് ഫിലിപ്പീൻസ്. മനിലയാണ് തലസ്ഥാനം. പല രാജവംശങ്ങളും മാറിമാറി ഭരിച്ചിരുന്ന വിവിധ ദ്വീപുകളായിരുന്നു പിന്നീട് ഫിലിപ്പീൻസെന്ന ഏക രാഷ്ട്രമായി മാറിയത്. പോർച്ചുഗീസ് സഞ്ചാരിയായ മഗലന്റെ വരവോടെയാണ് ഇത്തരമൊരു പ്രദേശത്തെ പറ്റി യൂറോപ്പിലറിയുന്നതും, തുടർന്ന് സ്പാനിഷ് സാമ്രാജ്യം ഇവിടേക്ക് തങ്ങളുടെ കോളനിവൽകരണം ആരംഭിച്ചിരിക്കുന്നതും.
തുടർന്ന് സ്പെയിനിലെ ഫിലിപ്പ് രണ്ടാമൻ രാജാവിന്റെ ബഹുമാനാർത്ഥം ഫിലിപ്പീൻസ് എന്ന പേര് ഈ ഭൂപ്രദേശത്തിന് സ്പെയിൻ നൽകി. അവർ അവിടെ നിന്നും വ്യാപാര കേന്ദ്രങ്ങൾ തുടങ്ങുകയും, കിഴക്കൻ ഏഷ്യയിലെ പ്രധാന സ്പാനിഷ് കോളനിയായി ഫിലിപ്പീൻസിനെ മാറ്റുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിന്റെ മധ്യ കാലഘട്ടം മുതൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലം വരെയുള്ള മൂന്ന് നൂറ്റാണ്ടുകൾ ഇത് തുടർന്നു. ഇക്കാലത്തെല്ലാം വലുതും ചെറുതുമായ കലാപങ്ങളും പ്രാദേശിക ലഹളകളുമെല്ലാം സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യത്ത് അരങ്ങേറി.
എന്നാൽ ഇവയെല്ലാം അതിക്രൂരമായി തന്നെ സ്പാനിഷ് ഭരണകൂടം അടിച്ചമർത്തി. വർദ്ധിച്ചുവരുന്ന ചൂഷണത്തിന്റെ സമ്മർദ്ദം മൂലം, ജനങ്ങളുടെ ദേശീയവും ജനാധിപത്യപരവുമായ അഭിലാഷങ്ങൾ വർദ്ധിച്ചു. അങ്ങനെ 1896 ൽ ഫിലിപ്പൈൻ വിപ്ലവം ആരംഭിച്ചു. കർഷകരും തൊഴിലാളികളുമെല്ലാം അതിൽ അണിനിരന്നു. കൊളോണിയലിസത്തെ തുരത്തുവാനുളള വമ്പിച്ച ജനകീയ പോരാട്ടങ്ങൾക്ക് ദ്വീപ് ജനത സാക്ഷ്യം വഹിച്ചു. അത് ഫിലിപ്പീൻസിലെ ഒരു ദേശീയ ജനാധിപത്യ വിപ്ലവമായിരുന്നു. ഇതിന്റെ നേതൃത്വം ലിബറൽ ബൂർഷ്വാസിക്കായിരുന്നു എങ്കിലും വിപ്ലവത്തിൽ കർഷക തൊഴിലാളി പ്രസ്ഥാനം വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
1898 ൽ സ്പാനിഷ് സാമ്രാജ്യവുമായുളള വിവിധ തർക്കങ്ങളെ തുടർന്നും, തങ്ങളുടെ ഏഷ്യയിലെ സ്ഥാപിത താൽപര്യങ്ങളെ തുടർന്നും അമേരിക്ക ഫിലിപ്പീൻസിൽ യുദ്ധമാരംഭിച്ചു. ഒളിവിലും തെളിവിലുമായി അമേരിക്കൻ ഏജന്റുമാർ വിപ്ലവ നേതൃത്വം കയ്യാളുന്ന ദേശീയവാദികളെ കാണുകയും സഹായ വാഗ്ദാനം നൽകുകയും ചെയ്തു. ഇവരുടെയെല്ലാം കണ്ണ് ഫിലിപ്പീൻസിലെ ഫലഭൂയിഷ്ഠമായ ഭൂമിയിലും, ധാതുക്കളിലും (സ്വർണം, ഇരുമ്പ്, ചെമ്പ്), ഊർജ്ജ വിഭവങ്ങളിലും മറ്റുമായിരുന്നു. അമേരിക്ക ഇതിനായുളള യുദ്ധത്തിൽ വിജയം കൈവരിച്ചതോടെ സ്പാനിഷ് കോളനിയായിരുന്ന ഫിലിപ്പീൻസും, പ്യൂർട്ടോറിക്കയുമെല്ലാം അമേരിക്കൻ കോളനിയായി മാറി.
കൊളോണിയൽ നുകത്തിന്റെ ഉടമസ്ഥാവകാശം ഒരു സാമ്രാജ്യം മറ്റൊന്നിന് കൈമാറി എന്നതല്ലാതെ അതിന്റെ ഭാരത്തിനോ, അത് വഹിക്കുന്ന ഫിലിപ്പൈൻ ജനതയ്ക്കോ യാതൊരു വിധ മാറ്റവും സംഭവിച്ചില്ല എന്ന് ചുരുക്കം. ഇത് അംഗീകരിക്കാതെ ഫിലിപ്പീൻസിൽ വിപ്ലവ സർക്കാർ സ്ഥാപിച്ച സ്വാതന്ത്ര്യ സമര സേനാനികൾ അമേരിക്കൻ മേധാവിത്തത്തിനെതിരെ ഒന്നാം ഫിലിപ്പീൻസ് റിപബ്ലിക് പ്രഖ്യാപിച്ചു. എമിലിയോ അഗ്വിനാൾഡോയുടെ നേതൃത്വത്തിലായിരുന്നു ഇത്. അതോടെ അമേരിക്കൻ - ഫിലിപ്പീൻസ് യുദ്ധം ആരംഭിച്ചു.
പക്ഷേ അമേരിക്കൻ പടക്കപ്പലുകളുടെയും അത്യാധുനിക യുദ്ധ സജ്ജീകരണങ്ങളുടെയും മുന്നിൽ ഫിലിപ്പീൻസ് വിപ്ലവകാരികൾക്ക് പിടിച്ച് നിൽക്കാനായില്ല. ദേശീയവാദികളും ഗറില്ലകളും സോഷ്യലിസ്റ്റുകളുമുൾപ്പെടെ ലക്ഷക്കണക്കിന് ജനങ്ങളെ കൂട്ടക്കുരുതി നടത്തി കൊണ്ട് അമേരിക്കൻ സേന വിജയം നേടി. അങ്ങനെ ജനാധിപത്യ വിപ്ലവത്തെ വേണ്ട വിധം നയിക്കുന്നതിൽ അഗ്വിനാൽഡോയുടെ നേതൃത്വം പരാജയപ്പെട്ടു. അമേരിക്ക തങ്ങളുടെ ഗവർണർ ഭരണവും ആരംഭിച്ചു. അമേരിക്ക മറ്റ് രാജ്യങ്ങളിൽ പയറ്റിയ അതേ മുഖം മൂടിയണിഞ്ഞ ചെന്നായയുടെ തനത് ശൈലി ഫിലിപ്പീൻസിലും പിന്തുടരുകയായിരുന്നു.
വിപ്ലവത്തെ ഒറ്റു കൊടുത്ത പഴയ സൈനികരും ഗറില്ലകളും ഉൾപ്പെടുന്ന ഒരു കൂട്ടം നേതാക്കളെ മുൻനിർത്തി അമേരിക്ക ഒരു വ്യാജ തിരഞ്ഞെടുപ്പ് നടത്തി. അതിലൂടെ തങ്ങളുടെ അധീനതയിലുള്ള ഒരു പാവ സർക്കാരിനെ ഫിലിപ്പീൻസിൽ അവർ പ്രതിഷ്ഠിച്ചു. അമേരിക്കൻ അധീശത്വത്തെ വെല്ലുവിളിച്ച ഏവരുടെയും കൈകൾ കെട്ടിയിടപ്പെട്ടു. വ്യാജ പ്രചാരണം നടത്തി ഫിലിപ്പൈൻ ജനതക്കിടയിൽ വിഭാഗീയത വളർത്താനും അത് വഴി തങ്ങളുടെ അധിനിവേശം ഉറപ്പിക്കാനുമുളള കുതന്ത്രങ്ങൾ അമേരിക്ക ആ പാവ സർക്കാരിനെ കൊണ്ട് നടപ്പിൽ വരുത്തി.
"എരിതീയിൽ നിന്നും വറചട്ടിയിലേക്ക്" എന്നതായി ഫിലിപ്പീൻസ് ജനതയുടെ അവസ്ഥ. നിലനിന്നിരുന്ന ആഭ്യന്തര നാടുവാഴിത്തവും, അധിനിവേശത്തിന്റെ സ്പാനിഷ് - അമേരിക്കൻ സാമ്രാജ്യത്വവും, പിന്നീട് സ്ഥാപിക്കപ്പെട്ട കുത്തക മുതലാളിത്തവുമെല്ലാം ചൂഷണാത്മകമായ സ്വഭാവങ്ങൾ മാത്രം വച്ചുപുലർത്തി ഫിലിപ്പൈൻ ജനതയെ തുടർച്ചയായി വഞ്ചിക്കുകയായിരുന്നു. പക്ഷേ അവർ വെറുതെ ഇരുന്നില്ല. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ തുടർച്ചയായി അമേരിക്കക്കെതിരെയും അതിന്റെ പാവ സർക്കാരിനെതിരെയും ജനങ്ങൾ സംഘടിച്ചു.
സായുധമായും അല്ലാതെയുമുളള സമര മുറകൾ ജനം സ്വീകരിച്ചു. പലയിടങ്ങളിലെയും ഗറില്ലാ യുദ്ധങ്ങൾ വിവിധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു. ഇതിനെതിരെ രാജ്യദ്രോഹ നിയമങ്ങളുൾപ്പെടെ പരിഷ്കരിച്ചു കൊണ്ട് സ്വാതന്ത്ര്യ സമര പോരാളികളെ മുഴുവൻ കുറ്റവാളികളാക്കാനായിരുന്നു അവരുടെ ശ്രമം. അങ്ങനെ ഏഷ്യയിലെ തങ്ങളുടെ സൈനിക താവളമാക്കി ഫിലിപ്പീൻസിനെ ക്രമേണ അമേരിക്ക മാറ്റി. പകരം ഫിലിപ്പീൻസിൽ ജനാധിപത്യം കൊണ്ട് വരാനും ഫിലിപ്പീനികളുടെ സ്വയംഭരണം കൊണ്ട് വരാനുമാണ് തങ്ങളുടെ ശ്രമമെന്ന് അമേരിക്ക വാദിച്ചു.
ഫിലിപ്പീൻസിൽ നിന്നും കൊണ്ട് പോകുന്ന വൻ സമ്പത്തിന്റെ നൂറിലൊന്നെങ്കിലും ഫിലിപ്പീൻസിൽ ചിലവഴിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. അങ്ങനെ സർവകലാശാലകളും റോഡുമെല്ലാം വഴി അവർ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിച്ചു. പക്ഷേ ഫിലിപ്പൈൻ ജനതയെ അത് കൊണ്ടൊന്നും കീഴ്പ്പെടുത്താൻ കഴിയുമായിരുന്നില്ല. അത് മനസിലാക്കിയ അമേരിക്കൻ ഭരണകൂടം ഫിലിപ്പീൻസിലെ പ്രധാന രാഷ്ട്രീയ പാർട്ടികളെയെല്ലാം തന്നെ വിലയ്ക്കെടുക്കാനുളള ശ്രമം തുടങ്ങി.
എതിർപ്പുകളെ നിരീക്ഷിക്കാൻ അമേരിക്കൻ ചാരസംഘടനയായ സിഐഎ യുടെ കർശന നടപടികളും പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ തിരഞ്ഞെടുപ്പുകളിൽ ആര് ജയിച്ചാലും അവർക്ക് പ്രശ്നമില്ലാതായി. അവരുടെ അധികാരം അംഗീകരിക്കുന്ന സർക്കാരുകൾ ഫിലിപ്പീൻസിൽ മാറിമാറി വന്നു. പിന്നീട് 1935 ൽ ഫിലിപ്പീൻ കോമൺവെൽത്ത് എന്നാക്കി അമേരിക്ക പുനർനാമകരണം നടത്തിയെങ്കിലും അപ്പോഴും രാജ്യത്തെ പരമാധികാരി അമേരിക്കൻ പ്രസിഡന്റായി തന്നെ തുടർന്നു. വ്യത്യസം, അമേരിക്ക നിയമിക്കുന്ന ഗവർണർ ജനറൽ സ്ഥാനം മാറി പകരം അമേരിക്ക നിയമിക്കുന്ന പ്രസിഡന്റ് ആ ചുമതലകൾ ഏറ്റെടുത്തു എന്നത് മാത്രം.
1901 മുതൽ 1946 വരെ ഇതായിരുന്നു ഫിലിപ്പീൻസ് രാഷ്ട്രീയം. ഇക്കാലത്ത് രൂപീകരിക്കപ്പെട്ട ഫിലിപ്പൈൻ കമ്യൂണിസ്റ്റ് പാർട്ടി പല മേഖലകളിലും വേറിട്ട് പോരാടുന്ന ഗറില്ലാ പോരാളികളെ ഒന്നിപ്പിച്ച് വിപ്ലവ പ്രസ്ഥാനത്തിന് കൂടുതൽ കരുത്ത് പകർന്നു. ഇതോടെ കാര്യങ്ങൾ കുറച്ച് കൂടി വഷളായി. സാമ്രാജ്യത്വ ശക്തികൾക്കെതിരെ കർഷക തൊഴിലാളി സംഘടനകളും ട്രേഡ് യൂണിയനുകളുമെല്ലാം ഒരുമിച്ച് പോരാട്ടം ആരംഭിച്ചു. ഇതെല്ലാം അടിച്ചമർത്താൻ അമേരിക്കൻ സേന വളരെ കഷ്ടപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകൾ ഈ അടിച്ചമർത്തൽ നടപടികളിൽ രക്തസാക്ഷിത്വം വരിച്ചു.
പക്ഷേ ആ പോരാട്ടം അവസാനിച്ചില്ല. ഒടുവിൽ സായുധ കലാപങ്ങളിൽ പെട്ട് അന്താരാഷ്ട്ര വേദികളിൽ അമേരിക്കയുടെ മുഖം പിച്ചിച്ചീന്തുന്ന സാഹചര്യത്തിൽ എത്തിയപ്പോൾ ഫിലിപ്പീൻസിന് സ്വാതന്ത്ര്യം നൽകുന്നതിനെ പറ്റി അമേരിക്ക ചിന്തിച്ചു തുടങ്ങി. പക്ഷേ കോമൺവെൽത്തിലെ ജനറലായ മക്കാർത്തറിനെ വച്ച് അമേരിക്ക അപ്പോഴും പരമാവധി ക്രൂരത നടത്തുന്നുണ്ടായിരുന്നു. ഇക്കാലത്താണ് രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതും, അതേത്തുടർന്ന് അച്ചുതണ്ട് ശക്തികളുടെ ഭാഗമായ ജപ്പാൻ ഫിലിപ്പീൻസിലേക്ക് സൈനിക അധിനിവേശം നടത്തുന്നതും. ഇതോടെ അമേരിക്കയും പ്രതിരോധത്തിലായി.
ജപ്പാനെ തടഞ്ഞു നിർത്താൻ അമേരിക്കയ്ക്കോ അതിന്റെ പാവ സർക്കാരിനോ കഴിയാതെ വന്നതോടെ അവർക്ക് അതിന് വേണ്ടി കമ്യുണിസ്റ്റുകളെ തന്നെ ആശ്രയിക്കേണ്ടി വന്നു. തടവറയിൽ കഴിയുന്ന കമ്യുണിസ്റ്റ് പാർട്ടി നേതാക്കളെ അമേരിക്ക നിരുപാധികം മോചിപ്പിച്ചു. കർശന നിയന്ത്രണങ്ങൾ പലതും പിൻവലിച്ചു. പക്ഷേ അപ്പോഴേക്കും ജപ്പാന്റെ പരിപൂർണ്ണ നിയന്ത്രണം ഫിലിപ്പീൻസിൽ ഏതാണ്ട് പൂർണമായും നിലവിൽ വന്നിരുന്നു. പക്ഷേ കമ്യുണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും ചേർന്ന് സാർവദേശീയ തൊഴിലാളി വർഗത്തിന്റെ ആശയങ്ങൾ ഉയർത്തി പിടിച്ചുകൊണ്ട് ഫാസിസത്തിനെതിരായ ഐക്യമുന്നണി രൂപീകരിച്ചു.
ഈ പോരാട്ടത്തിൽ രാജ്യത്തിന് വേണ്ടി മരണം വരെ പോരാടാൻ പാർട്ടി ജനങ്ങളോട് ആഹ്വാനം ചെയ്തു. ലക്ഷക്കണക്കിന് മനുഷ്യർ ജപ്പാന്റെ നരമേധത്തിൽ മരണമടഞ്ഞു. പക്ഷേ കമ്യുണിസ്റ്റുകാർ അത് കൊണ്ടൊന്നും ആ ജനകീയ സമരം അവസാനിപ്പിച്ചില്ല. 1942 ൽ ജാപ്പനീസ് വിരുദ്ധ ജനകീയ സേന അഥവാ "ഹുക്ബലഹാപ്" എന്ന പേരിൽ ഒരു ജനകീയ സൈന്യത്തെ കമ്യൂണിസ്റ്റുകാർ രൂപീകരിക്കുകയും അതിലൂടെ ജാപ്പ് വിരുദ്ധ യുദ്ധത്തിന് നേതൃത്വം നൽകുകയും ചെയ്തു. കമ്യുണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി വിസൻതെ ലാവ, മറ്റ് നേതാക്കളായ ലൂയിസ് താരക്, ജുവാൻ ഫെലിയൊ തുടങ്ങിയവരായിരുന്നു ഇതിന്റെ പ്രധാന സ്ഥാപകർ. ഇതോടൊപ്പം അമേരിക്ക ഫിലിപ്പീൻസിലെ തദ്ദേശീയരെ വച്ച് രൂപീകരിച്ച ഗറില്ലാ സംഘവും ചേർന്നു.
ഇതിലെ അമേരിക്കൻ നേതൃത്വത്തിലുള്ള ഗറില്ലാ സംഘത്തിന്റെ ക്യാപ്റ്റൻ തസ്തിക വഹിച്ചിരുന്ന ആളായിരുന്നു പിൽക്കാലത്ത് ഫിലിപ്പീൻസ് ഭരണാധികാരിയായ രാമൊൺ മഗ്സസെ. അങ്ങനെ അമേരിക്കയ്ക്കും കമ്യുണിസ്റ്റ് ഗറില്ലാ പോരാളികളോടൊപ്പം ചേർന്ന് പോരാടേണ്ട സ്ഥിതിവിശേഷം വന്നതോടെ ജനങ്ങൾക്ക് കമ്യുണിസ്റ്റുകാരോടുളള ആത്മബന്ധം കൂടിവന്നു. ഇത് അമേരിക്കൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഗറില്ലാ സംഘങ്ങളെ ചൊടിപ്പിച്ചെങ്കിലും അവർക്ക് അതിൽ യാതൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. അങ്ങനെ രാജ്യത്തെ വിവിധ മേഖലകൾ ഹുക്ബലഹാപ് ഗറില്ലകൾ ജപ്പാനിൽ നിന്ന് മോചിപ്പിക്കുകയും, പലയിടത്തും കനത്ത പോരാട്ടം നടത്തുകയും ചെയ്തു.
ഈയവസരത്തിൽ സ്റ്റാലിന്റെ ചെമ്പട ബർലിൻ കീഴടക്കുകയും സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുളള സഖ്യ കക്ഷികൾ ഫാസിസത്തിനെതിരായ പോരാട്ടത്തിൽ വിജയിക്കുക കൂടിയായപ്പോൾ ജപ്പാൻ ഫിലിപ്പീൻസുൾപ്പെടെയുളള തങ്ങളുടെ കോളനികൾ ഉപേക്ഷിച്ച് പലായനം ചെയ്തു. ഇതോടെ തങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ചു എന്ന് കരുതിയ ജനങ്ങളെ പക്ഷെ വീണ്ടും വിഡ്ഡികളാക്കി കൊണ്ട് അമേരിക്ക ഫിലിപ്പീൻസിൽ തങ്ങളുടെ സൈനിക വിന്യാസം വീണ്ടും നടത്തി. ഐക്യ മുന്നണിയിൽ ഒപ്പം നിന്ന് പോരാടിയവർക്കെല്ലാം തടവുശിക്ഷയും വധശിക്ഷയും വരെ ലഭിക്കുന്ന സാഹചര്യം സംജാതമായി. ഇത് വലിയ ജനകീയ സമരങ്ങൾക്ക് കാരണമായി. പാവ സർക്കാരുകളെ തങ്ങൾക്ക് വേണ്ടെന്നും, സാമ്രാജ്യത്വം തുലയട്ടെ എന്നും മുദ്രാവാക്യം വിളിച്ചു കൊണ്ട് ഫിലിപ്പൈൻ ജനത ഒറ്റക്കെട്ടായി നിന്ന് അമേരിക്കക്കെതിരെ സമരം നടത്തി.
ഇത് കോമൺവെൽത്ത് പദവി തിരികെ നൽകി ഫിലിപ്പീൻസിൽ നിന്നും പോവാനുള്ള അമേരിക്കൻ തീരുമാനത്തിനും കാരണമായി. അങ്ങനെ അമേരിക്ക അവരുടെ അര നൂറ്റാണ്ട് കാലത്തെ കോളനി ഔദ്യോഗികമായി ഉപേക്ഷിച്ചു. പക്ഷേ അവിടെയും രഹസ്യ ധാരണ പ്രകാരമുളള ഉടമ്പടികൾ അവർ നിലനിർത്തിയിരുന്നു. സാമ്രാജ്യത്വം ദേശീയ ബൂർഷ്വാസിക്ക് അധികാരം കൈമാറിയെന്നതല്ലാതെ പ്രത്യേകിച്ചൊരു മാറ്റം അവിടെയും സംഭവിച്ചില്ല. ലിബറൽ പാർട്ടി നേതാവായ മാനുവൽ റോക്സാസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് റോക്സാസിന്റെ അടുത്ത ആളായിരുന്നു രാമൊൺ മഗ്സസെ.
രാജ്യത്തെ വർദ്ധിച്ചു വരുന്ന തൊഴിലാളി വർഗ്ഗ മുന്നേറ്റങ്ങളെ അടിച്ചമർത്താൻ അമേരിക്കക്കും ഫിലിപ്പീൻസിനും ഇടയിൽ നിന്നു പ്രവർത്തിച്ചത് അന്ന് മഗ്സസെയായിരുന്നു. റോക്സാസിന്റെ മരണശേഷം അധികാരത്തിൽ വന്ന എൽപീജോ കിറീനോയുടെയും വിശ്വസ്തനായി മഗ്സസെ. അങ്ങനെ ദേശീയ പ്രതിരോധ മന്ത്രാലയത്തിന്റെ സെക്രട്ടറി ചുമതലയും അദ്ദേഹത്തെ തേടിവന്നു. ഇതിനൊക്കെയുളള രാമൊൺ മഗ്സസെയുടെ യോഗ്യതയാവട്ടെ കടുത്ത 'കമ്യൂണിസ്റ്റ് വിരുദ്ധത' മാത്രം. അമേരിക്കയുടെ പഴയ ഗറില്ല എന്ന പദവി കൂടിയായപ്പോൾ എല്ലാ യോഗ്യതകളും തികഞ്ഞു. അമേരിക്ക ഫിലിപ്പീൻസിന് സ്വാതന്ത്ര്യം നൽകിയെങ്കിലും അവിടം വിട്ടു പോയിട്ടില്ലായിരുന്നു.
അവരുടെ സൈന്യവും ചാര സംഘടനയായ സിഐഎ യുമെല്ലാം ഫിലിപ്പീൻസിൽ തന്നെയുണ്ടായിരുന്നു. അതായിരുന്നു മഗ്സെസെയുടെ ബലവും. അക്കാലത്ത് കിഴക്കനേഷ്യയിലെ സിഐഎ യുടെ ചുമതലയുണ്ടായിരുന്ന, പിൽക്കാലത്ത് വിയറ്റ്നാം യുദ്ധത്തിൽ കമ്യുണിസ്റ്റുകാരോട് തോറ്റു തുന്നം പാടിയ കേണൽ എഡ്വേർഡ് ലാൻസ്ഡെയിലായിരുന്നു രാമൊൺ മഗ്സസെയുടെ പ്രധാന ഉപദേഷ്ടാവ്. അങ്ങനെ അവർ ചേർന്ന് കമ്യുണിസ്റ്റ് വിരുദ്ധ നടപടികൾ ആസുത്രണം ചെയ്തു. പലയിടത്തും കൂട്ടക്കൊലകളും ക്രൂര പീഡനങ്ങളും അരങ്ങേറി. സംശയം തോന്നുന്നവരെയെല്ലാം നിഷ്കരുണം വധിക്കാൻ സൈന്യത്തിന് സർവ്വാധികാരം തന്നെ ലഭിച്ചു.
ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്നവർക്ക് രാമൊൺ മഗ്സസെയുടെ പ്രത്യേക വിരുന്ന് സൽക്കാരം വരെ ലഭിച്ചിരുന്നു. ഇതിനായി സൈനിക മേധാവികൾ മത്സരിച്ചു ജോലി ചെയ്തു. എന്നാൽ ജനകീയമായ പ്രതിരോധം തീർക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്കും അതിന്റെ വിപ്ലവ സേനയായ ഹുക്ബലഹാപിനും കഴിഞ്ഞു. ഇതോടെ ആഭ്യന്തര കലഹം രൂക്ഷമായി. ചൈനയിൽ മൗ സെദുംഗിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുത്തത് കൂടിയായപ്പോൾ ഫിലിപ്പീൻസിലെ വിപ്ലവകാരികൾ കൂടുതൽ ആവേശഭരിതരായി. അവർ ഊർജ്ജസ്വലതയോടെ ഭരണകൂട ദുഷ്പ്രഭുത്വത്തിനെതിരെ ആഞ്ഞടിച്ചു.
പ്രസിഡന്റ് ക്വിറീനൊ പോലും കാണിക്കാത്ത അത്ര ആത്മാർത്ഥത കമ്യുണിസ്റ്റ് വിരുദ്ധ നടപടികളിൽ മഗ്സസെ കാണിക്കുന്നത് കണ്ടതോടെ അമേരിക്കൻ സാമ്രാജ്യത്വത്തിനും അദ്ദേഹം ഏറെ പ്രിയങ്കരനായി. ഇക്കാലത്ത് നടന്ന കൊറിയൻ യുദ്ധത്തിൽ ഫിലിപ്പൈൻ ഭരണകൂടം അമേരിക്കൻ സഖ്യ കക്ഷിയായി നിന്ന് കൊറിയൻ ജനതക്കെതിരെ പോരാടാൻ തങ്ങളുടെ സൈന്യത്തെ അയക്കുകയും ചെയ്തു. ഇതിന്റെയും ബുദ്ധികേന്ദ്രം മഗ്സസെയായിരുന്നു. ചൈനീസ് വിരുദ്ധത കൂടി മഗ്സസെയുടെ വാക്കിലും നോക്കിലും വന്നതോടെ അമേരിക്ക തങ്ങളുടെ ഏറ്റവും മികച്ച പിൻഗാമിയായി മഗ്സസെയെ കരുതി.
ഇതോടെ പ്രസിഡന്റിനേക്കാൾ ശക്തനായ അദ്ദേഹം അമേരിക്കൻ മൂലധനം ഉപയോഗിച്ചു കൊണ്ട് തനിക്ക് വേണ്ടിയുളള പ്രചാര വേലകൾ രാജ്യത്തുടനീളം ആരംഭിച്ചു. കമ്യൂണിസ്റ്റു വിരുദ്ധ പ്രചാരണം അതിന്റെ ഉച്ചസ്ഥായിയിൽ എത്തുകയും ചെയ്തു. എല്ലാ മേഖലകളിൽ നിന്നും വിപ്ലവകാരികളെ നിഷ്കരുണം കൊന്നു തള്ളി. ആ കൂട്ടക്കുരുതിയെ അമേരിക്ക തങ്ങളുടെ പ്രചാരണം കൊണ്ട് മൂടി. "ജന രക്ഷകൻ" എന്ന അപരനാമത്തിൽ മഗ്സസെയെ ഫിലിപ്പീൻസിൽ വാഴിക്കാൻ അമേരിക്ക കോടിക്കണക്കിന് ഡോളർ ഒഴുക്കി. പ്രസിഡന്റ് ക്വിറീനൊയും അദ്ദേഹത്തിന്റെ ലിബറൽ പാർട്ടിയും തീർത്തും അപ്രസക്തമായി.
സിഐഎ നിർദേശ പ്രകാരം പ്രതിരോധ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ രാമൊൺ മഗ്സസെ 1953 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ അത് വരെ എതിർത്തിരുന്ന നാഷണലിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചു. അമേരിക്കൻ പിന്തുണ ലഭിച്ചാൽ പിന്നെ നാഷണലിസ്റ്റ് പാർട്ടിക്കും മഗ്സസെയെ സ്ഥാനാർഥിയാക്കാൻ ഒരു കുഴപ്പവുമില്ലായിരുന്നു. അങ്ങനെ ക്വിറീനോയെ അട്ടിമറിച്ചു കൊണ്ട് അമേരിക്കൻ പാവ സർക്കാരിന്റെ മൂന്നാമത്തെയും ഫിലിപ്പീൻസിന്റെ ഏഴാമത്തെയും പ്രസിഡന്റായി രാമൊൺ മഗ്സസെ തിരഞ്ഞെടുക്കപ്പെട്ടു. ഇരിക്കാൻ പറഞ്ഞാൽ മുട്ടിലിഴയുന്ന ഒരു നായയെ തങ്ങൾക്ക് ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു അമേരിക്ക അന്ന്.
ആ സമയത്ത് കമ്യുണിസ്റ്റുകാരും അവരുടെ കുടുംബങ്ങളും ഉൾപ്പെടെ തുടർച്ചയായി വേട്ടയാടപ്പെട്ടു. സൈനീക ഭരണത്തിന് തുല്യമായ രീതിയിൽ അരാജകത്വം അരങ്ങുവാഴുന്ന കാലമായിരുന്നു മഗ്സസെയുടെ ഭരണ കാലഘട്ടം. വിദേശ വിനിമയ രംഗത്ത്, ഫിലിപ്പൈൻ പെസോയെ അമേരിക്കൻ ഡോളറിന് മുന്നിൽ അടിയറ വച്ചു കൊണ്ട് മഗ്സസെ തന്റെ വിധേയത്വം ഊട്ടിയുറപ്പിച്ചു. അമേരിക്കൻ ഉത്പന്നങ്ങൾ വൻതോതിൽ ഇറക്കുമതി ചെയ്തുകൊണ്ട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ മുതലാളിത്ത ശക്തികൾക്ക് പണയം വയ്ക്കുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള വൻകിട കുത്തകകൾക്ക് ഫിലിപ്പീൻസിൽ യഥേഷ്ടം വിഹരിക്കാനുളള സൗകര്യം അദ്ദേഹം ചെയ്തു കൊടുത്തു. തന്റെ ജനാധിപത്യ വിരുദ്ധ സമീപനങ്ങളെ എതിർക്കുന്ന ഏവരെയും മഗ്സസെ കമ്യുണിസ്റ്റാണെന്ന് ആരോപിച്ച് തുറങ്കിലടച്ചു. ഇതിനെല്ലാം നിർദേശങ്ങൾ നൽകുന്നത് സിഐഎ ആയിരുന്നു. 1954 ൽ നാറ്റോ മാതൃകയിൽ തെക്ക് കിഴക്കൻ ഏഷ്യ ട്രീറ്റി ഓർഗനൈസേഷൻ അഥവാ 'സീറ്റോ' എന്ന അമേരിക്കൻ സൈനിക സംഘടന സോഷ്യലിസ്റ്റ് മുന്നേറ്റം തടയാൻ സ്ഥാപിക്കപ്പെട്ടു. അതിന് മുൻകൈയ്യെടുത്തത് മഗ്സസെ ആയിരുന്നു. ഏഷ്യയിൽ സാമ്രാജ്യത്വ അജണ്ടകൾ നടപ്പിലാക്കാനുളള സീറ്റോ രാജ്യങ്ങളിൽ ഫിലിപ്പീൻസായിരുന്നു മുൻപന്തിയിൽ.
അതിനായി ലോകത്തെമ്പാടുമുള്ള അമേരിക്കൻ പാവ സർക്കാരുകളെ മഗ്സസെ ഭരണകൂടം പിന്തുണച്ചു. ദക്ഷിണ വിയറ്റ്നാം, ദക്ഷിണ കൊറിയ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങൾക്കെല്ലാം ഏറ്റവുമാദ്യം പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ഏഷ്യൻ രാജ്യം ഫിലിപ്പീൻസായിരുന്നു. ശീതയുദ്ധ കാലത്ത് അമേരിക്കൻ നിർദേശങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങുന്ന രാജ്യങ്ങളിൽ ഏറ്റവും മുന്നിൽ ഫിലിപ്പീൻസ് നിന്നു. ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പരസ്യമായി തന്നെ സീറ്റോയെയും അതിലെ ഫിലിപ്പീൻസ് ഇടപെടലുകളെയും അന്താരാഷ്ട്ര വേദികളിൽ തന്നെ തള്ളിപ്പറഞ്ഞിരുന്നു.
ഇത്തരത്തിൽ ആഗോള തലത്തിൽ തന്നെ വിമർശനങ്ങൾ നേരിടുമ്പോൾ തന്നെ അതൊക്കെ തങ്ങളുടെ അമേരിക്കൻ വിധേയത്വത്തിന് അഭിമാനം എന്ന് കരുതിയാണ് രാമൊൺ മഗ്സസെ ഭരണം നടത്തിയത്. വെറും നാല് വർഷം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഭരണ കാലം നീണ്ടത്. എന്നാൽ നാൽപ്പത് വർഷത്തെ പ്രതിഫലനം ഫിലിപ്പീൻസിന്റെ രാഷ്ട്രീയത്തിലും സമ്പദ്‌വ്യവസ്ഥയിലും അദ്ദേഹം സൃഷ്ടിച്ചു. 1957 മാർച്ചിൽ ഒരു വിമാനാപകടത്തിലാണ് മഗ്സസെ കൊല്ലപ്പെടുന്നത്. അതേത്തുടർന്ന് വൈസ് പ്രസിഡന്റായിരുന്ന കാർലോസ് ഗാർഷ്യ പ്രസിഡന്റ് ആവുകയും ചെയ്തു.
മഗ്സസെ അന്തരിച്ച് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ 'മഗ്സസെ അവാർഡ് ' എന്നൊരു പുരസ്കാരവും പ്രഖ്യാപിക്കപ്പെട്ടു. അതിന്റെ ഏറ്റവും വിരോധാഭാസമായ കാര്യം, പുരസ്കാരം പ്രഖ്യാപിച്ചതോ അത് കൊടുക്കുന്നതോ ഫിലിപ്പീൻസ് സർക്കാരോ അതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും സംഘടനയോ ഔദ്യോഗിക സ്ഥാപനങ്ങളോ അല്ല എന്നതാണ്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായികളായ റോക്കെഫെല്ലർ കുടുംബമാണ് ഈ പുരസ്കാരം നൽകുന്നത്. ഫിലിപ്പീൻസിൽ നിന്നുളള അംഗങ്ങൾക്ക് പുറമേ ഏഷ്യയിലെ പ്രധാനപ്പെട്ട വ്യക്തികളുൾപ്പെടെ അംഗങ്ങളായുളള ഒരു ബോർഡാണ് രാമൊൺ മഗ്സസെ അവാർഡ് ഫൗണ്ടേഷനിലുളളത്.
എന്താണ് ഈ റോക്കെഫെല്ലർ കുടുംബത്തിന് ഒരു ഫിലിപ്പീൻസ് ഭരണാധികാരിയോട് ഇത്ര പ്രേമം ! ഫിലിപ്പീൻസ് ഒരു അമേരിക്കൻ കോളനിയായിരുന്ന കാലത്ത് അവിടെ തങ്ങളുടെ അധിനിവേശവും കൊളളയുമെല്ലാം മറയ്ക്കാൻ സർവകലാശാലകളുൾപ്പെടെ സ്ഥാപിച്ചിരുന്നു എന്ന് പറഞ്ഞിരുന്നല്ലോ. അതിൽ സെന്റ്രൽ ഫിലിപ്പൈൻ സർവകലാശാല സ്ഥാപിച്ചത് ഈ റോക്കെഫെല്ലർ കുടുംബമാണ്. ഈ സർവകലാശാലയായിരുന്നു അക്കാലത്തും, പിന്നീട് സ്വാതന്ത്ര്യ ശേഷവും അമേരിക്കൻ പ്രചാരണങ്ങളുടെ അച്ചുതണ്ടായി ഫിലിപ്പീൻസിൽ പ്രവർത്തിച്ചിരുന്നത്. രാമൊൺ മഗ്സസെയുടെ വിജയത്തിന് പിന്നിലും, കമ്യുണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങൾക്ക് പിന്നിലുമെല്ലാം അമേരിക്കൻ സാമ്രാജ്യത്വം ഉപയോഗിച്ചത് ഇത്തരം സ്ഥാപനങ്ങളെയായിരുന്നു.
അതൊടൊപ്പം സർവകലാശാലാ വിദ്യാഭ്യാസത്തിന്റെ മറവിൽ ഫിലിപ്പീൻസുകാരുടെ ഉള്ളിൽ വംശീയവും മതപരവുമായ വേർതിരിവുകൾ വർദ്ധിപ്പിക്കാനും ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ഇതിനൊക്കെ വാരിക്കോരി സഹായം നൽകിയ രാമൊൺ മഗ്സസെയെ പെട്ടെന്ന് വിസ്മരിക്കാൻ അവർക്ക് സാധിക്കില്ലല്ലോ. "ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ" എന്ന് പറയുന്നത് പോലെ ഒരു തരം പ്രത്യേക "ഉപകാര സ്മരണ"യാണ് ഈ പുരസ്കാരം എന്ന് വ്യക്തം.
ഇക്കാലമെല്ലാം, അമേരിക്കയ്ക്ക് ഫിലിപ്പീൻസിനെ അടിയറ വെക്കുന്ന തരത്തിലുള്ള വിവിധ ഉടമ്പടികളും കരാറുകളും വയ്ക്കാൻ മത്സരിക്കുകയായിരുന്നു ഫിലിപ്പൈൻ ഭരണാധികാരികൾ. അമേരിക്കയുടെ പ്രീതി എങ്ങിനെയും സമ്പാദിക്കുക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അതിൽ മഗ്സസെയുടെ പങ്കും വളരെ വലുതാണ്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേരിലുള്ള ഒരു പുരസ്കാരമെന്നത് തീർച്ചയായും ഒരു സാമ്രാജ്യത്വ ഉത്പന്നം തന്നെയാണ്.
തന്റെ ജീവിതകാലം മുഴുവൻ സാമ്രാജ്യത്വ - മുതലാളിത്ത ശക്തികളുടെ ദാസനായി നിന്ന് ഒരു ജനതയെ മുഴുവൻ ഒറ്റു കൊടുത്ത ഒരു കമ്യൂണിസ്റ്റ് വിരുദ്ധന്റെ പേരിലുള്ള പുരസ്കാരത്തിനും അതിന്റേതായ രാഷ്ട്രീയമുണ്ട്. അത് എക്കാലവും എതിർക്കപ്പെടേണ്ടത് തന്നെയാണ്.
രാമൊൺ മഗ്സസെ മരിച്ചെങ്കിലും പക്ഷേ അദ്ദേഹത്തൊടൊപ്പം ഫിലിപ്പീൻസിലെ കമ്യുണിസം മരിച്ചു മണ്ണടിഞ്ഞില്ല. അവരുടെ വിപ്ലവ പോരാട്ടവും ! 1969 മുതൽ ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റത് പോലെ കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ വിപ്ലവത്തിന്റെ അടുത്ത ഘട്ടം ആരംഭിച്ചു. വൻ ജനപിന്തുണയോടെ അര നൂറ്റാണ്ട് കഴിഞ്ഞിട്ടും അതിന്നും തുടരുകയാണ്. തുടർച്ചയായുളള സാമ്രാജ്യത്വ നീക്കങ്ങളും, അടിച്ചമർത്തൽ നയങ്ങളും, നരമേധങ്ങളുമെല്ലാം അതിജീവിച്ച്.....
ഒരു പെണ്ണ് അങ്ങനെ ആളാകേണ്ട എന്ന് കൊച്ചിരാജ്യവും കേരള ചരിത്രകാരന്മാരും കരുതിയിരിക്കുമോ?