നീറ്റ് പരീക്ഷയില്‍ നിശ്ചിത യോഗ്യതാ മാര്‍ക്ക് നേടണം
ഡൽഹി : ഇന്ത്യയിലോ വിദേശത്തോ മെഡിക്കല്‍ വിദ്യാഭ്യാസം നേടുന്നതിന് നീറ്റ് യു ജി പരീക്ഷയില്‍ നിശ്ചിത യോഗ്യതാ മാര്‍ക്ക് നേടിയിരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുന്നു. ഇതുള്‍പ്പെടെ മെഡിക്കല്‍ ബിരുദ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ കരട് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ഇന്നലെ പുറത്തുവിട്ടു.
നീറ്റ് പരീക്ഷ നടത്തുന്ന ചുമതല നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയില്‍ നിന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നേരിട്ട് ഏറ്റെടുക്കും. എന്നാല്‍, ഭാഷയും രീതിയും അണ്ടര്‍ ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ബോര്‍ഡ് നിര്‍ണയിക്കുമെന്നും കരട് ചട്ടങ്ങളില്‍ പറയുന്നു. നീറ്റ് എഴുതുന്നതിന് 12ാം ക്ലാസില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ മികച്ച മാര്‍ക്കോടെ പാസായിരിക്കണം. യോഗ്യതാ പരീക്ഷയില്‍ എഴുതുന്നവരുടെ മാര്‍ക്ക് തുല്യമായി വന്നാല്‍ ബയോളജിയിലെ മാര്‍ക്കായിരിക്കും യോഗ്യതക്കായി ആദ്യം പരിഗണിക്കുക. പിന്നാലെ കെമിസ്ട്രി, ഫിസിക്സ് എന്നിവയുടെ മാര്‍ക്ക് പരിഗണിക്കും.മെഡിക്കല്‍ ബിരുദ വിദ്യാഭ്യാസത്തില്‍ ആദ്യവര്‍ഷം നാല് തവണ മാത്രമായിരിക്കും പരീക്ഷ പാസാകാനുള്ള ശ്രമം അനുവദിക്കുക. മെഡിക്കല്‍ ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ഒരു വിദ്യാര്‍ഥിക്ക് പരമവധി അനുവദിക്കുക ഒമ്പത് വര്‍ഷമായിരിക്കും. അണ്ടര്‍ ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ബോര്‍ഡ് നിര്‍ണയിക്കുന്ന പരിശീലനവും നിര്‍ബന്ധമായിരിക്കും. കരട് ചട്ടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും മറ്റു കക്ഷികള്‍ക്കും അഭിപ്രായം അറിയിക്കാമെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അറിയിച്ചു.
പ്രത്യേക ലേഖിക