കാസര്‍കോട് ജില്ലയില്‍ നടത്തിയ ഹരിത ഗ്രന്ഥശാല പ്രഖ്യാപനം സംസ്ഥാനത്തിന് മാതൃക; ടി.എന്‍ സീമ
- Posted on January 19, 2025
- News
- By Goutham Krishna
- 30 Views

കാസർഗോഡ്.
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ നിര്‍വ്വഹണ സമിതി യോഗം ചേര്‍ന്നു
കാസര്‍കോട് ജില്ല പ്രത്യേകമായി നടത്തിയ ഹരിത ഗ്രന്ഥശാലകള്‍ പ്രഖ്യാപനം സംസ്ഥാനത്തിനാകെ പകര്‍ത്താവുന്ന മാതൃകയാണെന്ന് നവകേരള മിഷന്‍ സംസ്ഥന കോര്‍ഡിനേറ്റര്‍ ടി.എന്‍ സീമ പറഞ്ഞു.
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ നിര്‍വ്വഹണ സമിതി യോഗത്തില്‍ മുഖ്യ ഭാഷണം നടത്തുകയായിരുന്നു അവര്‍. കേരള നവോത്ഥാനത്തിന് പ്രധാന പങ്ക് വഹിച്ച ഗ്രന്ഥശാലകളെ സംസ്ഥാന വ്യാപകമായി നടക്കുന്ന ജനകീയ ക്യാമ്പയിനിന്റെ ഭാഗമാക്കുന്നതിലൂടെ കൂടുതല്‍ ഫലവത്താകുമെന്നും മറ്റു ജില്ലകള്‍ക്കും കാസര്‍കോടിന്റെ മാതൃക നടപ്പിലാക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമെന്നും അവര്‍ പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സിലിനെയും കാസര്‍കോട് ജില്ലയെയും ടി.എന്‍.സീമ അഭിനന്ദിച്ചു. ക്യാമ്പയിനിന്റെ കാര്യത്തില്‍ കാസര്‍കോട് ഏറെ മുന്നിലാണ്. കൂടുതല്‍ പിറകിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ കൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ ക്യാമ്പയിന്‍ കൂടുതല്‍ ഫലവത്താകും.
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജനുവരി 26 മുതല്‍ 31 വരെ ഹരിത പ്രഖ്യാപനങ്ങള്‍ നടത്തും. ജനുവരി 26ന് ഗ്രാമപഞ്ചായത്ത് തലത്തില്‍ പത്ത് വീതവും നഗരസഭകളില്‍ 20 വീതവും ഹരിത പ്രഖ്യാപനങ്ങള്‍ നടത്തണമെന്നും അവര്‍ പറഞ്ഞു. സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനം എന്നത് പെട്ടെന്നുണ്ടായ ആശയമല്ലെന്നും 2016 മുതല്‍ തുടര്‍ച്ചയായി നടപ്പിലാക്കിയ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടമാണ് ഈ ക്യാമ്പയിനിലൂടെ നടക്കുന്നത് . മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പദ്ധതിയുടെ തുടര്‍ച്ചയാണ് മാലിന്യമുക്ത നവകേരളം. മാര്‍ച്ച് 30ന് സീറോ വേസ്റ്റ് ദിനത്തില്‍ നേട്ടം കൈവരിക്കുന്നതിന് കാസര്‍കോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. പൊതു ഇടങ്ങളിലും ജലാശയങ്ങളിലും വനമേഖലകളിലമെല്ലാം മാലിന്യം നിക്ഷേപിക്കുന്ന സ്വഭാവം കൂടുതലായും കണ്ടുവരുന്നുണ്ടെന്നും അതിന് ക്യാമ്പയിനിലൂടെ മാറ്റം ഉണ്ടാകേണ്ടതുണ്ടെന്നും ടി.എന്‍.സീമ പറഞ്ഞു. ഹരിത ഓഫീസ്, ഹരിത വിദ്യാലയം, ഹരിത കലാലയം, പൊതു സ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, ഹരിത ടൂറിസം കേന്ദ്രങ്ങള്‍, ഹരിത ടൗണുകള്‍, ഹരിത അയല്‍കൂട്ടങ്ങള്‍ തുടങ്ങി ക്യാമ്പയിനിന്റെ പുരോഗതി വിലയിരുത്തി. ജില്ലയിലെ മുഴുവന്‍ പ്രഖ്യാപനങ്ങളും ഫെബ്രുവരിയോടെ പൂര്‍ത്തിയാകും.
ആസൂത്രണസമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ മുഖ്യാതിഥിയായി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജി.സുധാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലയില്‍ ഹരിത ഗ്രന്ഥാലയങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
എ.ഡി.എം പി. അഖില്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എ.പി ഉഷ, കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി സുജാത, കാസര്‍കോട് നഗരസഭാ അധ്യക്ഷന്‍ അബ്ബാസ് ബീഗം, പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആള്‍വ, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്യാമലക്ഷ്മി നന്ദിയും പറഞ്ഞു.
സ്വന്തം ലേഖകൻ.