വയനാട്ടിലും ലിറ്റററി ഫെസ്റ്റ് വരുന്നു; ലോഗോ പ്രകാശനം ചെയ്തു
- Posted on November 09, 2022
- News
- By Deepa Shaji Pulpally
- 80 Views
കേരളത്തിലെ സാഹിത്യോത്സവങ്ങളുടെ ഭൂപടത്തിലേക്ക് പുതിയൊരു ലിറ്ററേച്ചര്‍ ഫെസ്റ്റ് കൂടി. പ്രഥമ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റ് ഡിസംബര്‍ 29, 30 തിയ്യതികളില്‍ മാനന്തവാടിക്കടുത്തുള്ള ദ്വാരകയില്‍ നടക്കും, ലോകസാഹിത്യവും, ഇന്ത്യന്‍ സാഹിത്യവും മലയാളവുമെല്ലാം ചര്‍ച്ച ചെയ്യുന്ന രണ്ട് ദിനങ്ങള്‍ക്കാണ് വയനാട് സാക്ഷ്യം വഹിക്കുന്നത്

കല്‍പ്പറ്റ: കേരളത്തിലെ സാഹിത്യോത്സവങ്ങളുടെ ഭൂപടത്തിലേക്ക് പുതിയൊരു ലിറ്ററേച്ചര്‍ ഫെസ്റ്റ് കൂടി. പ്രഥമ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റ് ഡിസംബര്‍ 29, 30 തിയ്യതികളില്‍ മാനന്തവാടിക്കടുത്തുള്ള ദ്വാരകയില്‍ നടക്കും, ലോകസാഹിത്യവും, ഇന്ത്യന്‍ സാഹിത്യവും മലയാളവുമെല്ലാം ചര്‍ച്ച ചെയ്യുന്ന രണ്ട് ദിനങ്ങള്‍ക്കാണ് വയനാട് സാക്ഷ്യം വഹിക്കുന്നത്. ലോകപ്രശസ്ത എഴുത്തുകാരിയായ അരുന്ധതി റോയ്, സഞ്ജയ് കാക്, സച്ചിദാനന്ദന്‍, സക്കറിയ, സുനില്‍ പി ഇളയിടം, സണ്ണി കപിക്കാട്, പി കെ പാറക്കടവ്, ഒ കെ ജോണി, കെ ജെ ബേബി, കല്‍പ്പറ്റ നാരായണന്‍, ഷീലാ ടോമി, റഫീഖ് അഹമ്മദ്, മധുസലീം, അബുസലീം, ജോസി ജോസഫ്, ദേവപ്രകാശ്, ജോയ് വാഴയില്‍, സുകുമാരന്‍ ചാലിഗദ്ദ, ലീന ഒളപ്പമണ്ണ, നവാസ് മന്നന്‍ എന്നിവര്‍ സെഷനുകളില്‍ പങ്കെടുക്കും. സംവാദങ്ങള്‍, കഥയരങ്ങ്, പ്രഭാഷണങ്ങള്‍, അഭിമുഖങ്ങള്‍, കവിയരങ്ങ്, ഗ്രാമീണ കലാരൂപങ്ങള്‍, സാഹിത്യ കഥാപാത്രങ്ങളുടെ വിസ്മയതെരുവ്, ശില്‍പ്പശാലകള്‍, ചിത്രവേദികള്‍, സ്റ്റുഡന്റ് ബിനാലെ, പുസ്തകതെരുവ്, സംഗീതം, മാജിക്, ഹെറിറ്റേജ് എന്നിവയാണ് ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണങ്ങള്‍. പ്രമുഖ പത്രപ്രവര്‍ത്തകനായ ഡോ. വിനോദ് കെ ജോസാണ് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഡയറക്ടര്‍. എഴുത്തുകാരായ ഡോ. ജോസഫ് കെ ജോബ്, വി എച്ച് നിഷാദ് എന്നിവരാണ് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ക്യൂറേറ്റര്‍മാര്‍. വയനാട് പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡബ്ല്യു എല്‍ എഫിന്റെ ലോഗോ പ്രകാശനം ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. വിനോദ് കെ ജോസ് വി എച്ച് നിഷാദ്, ബാബുഫിലിപ്പ്, ജോസഫ് കെ റോയി എന്നിവര്‍ പങ്കെടുത്തു.
report : CV SHIBU
