ജൈവ നിറക്കൂട്ടിൽ നിറഞ്ഞു ,അൻജു ആചാര്യയുടെ അശാന്ത വർത്തമാനങ്ങൾ
കൊച്ചി: ചിത്രകലാപഠനം കഴിഞ്ഞ് ഒരുവേളയിൽ ഈ രംഗത്തു തുടരണോയെന്നതിൽ അനിശ്ചിതത്വത്തിലായിരുന്നു മലയാളി അഞ്ജു ആചാര്യ. ചിത്രകല മാത്രമായി ഉപജീവനത്തിന് തികയുമോ എന്നായിരുന്നു ആശങ്ക. ഇന്നിപ്പോൾ ബിനാലെയിലെ വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റുന്ന സാന്നിധ്യമാണ് അഞ്ജു. അതിനു നിമിത്തമായത് വീക്ഷണഗതികളിലും അവതരണത്തിലുമുള്ള വ്യതിരിക്തതയും അസാമാന്യ മികവും. ജൈവ ചായങ്ങളിൽ അഞ്ജു ആചാര്യ ഒരുക്കിയ നാല് കലാവിഷ്‌കാരങ്ങൾ ഫോർട്ടുകൊച്ചി ആസ്‌പിൻവാൾ ഹൗസിൽ പ്രദർശനത്തിനുണ്ട്. 'ലൾ' - ശാന്തത എന്നാണ് ചിത്ര പരമ്പരയ്ക്ക് പേരെങ്കിലും ശാന്തത കെടുത്തുന്ന വർത്തമാനങ്ങളാണ് അവ പറയുന്നത്.
ഈ വൈരുധ്യാത്മക സമീപനം, തന്റെ കാഴ്‌ചപ്പാടിൽ ജീവിതപരിസര യാഥാർഥ്യങ്ങൾ അത്രയങ്ങ് സുഖകരവും ശാന്തവുമല്ലാത്തതിനാലെന്ന് ചിത്രകാരി. തൃപ്പൂണിത്തുറ ആർഎൽവി കോളേജിലും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലും നിന്നായി ഫൈൻ ആർട്ട്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. അപ്പോഴാണ് ചിത്രകല ഒരു സുസ്ഥിര ജീവനോപാധിയാകുമോ എന്ന് കടുത്ത സന്ദേഹമുണ്ടാകുന്നത്. ഇതിനിടെ വിവാഹവും കഴിഞ്ഞിരുന്നു.
പിന്നീട് സാവകാശം ചില ഗാലറികളിലൊക്കെ അവസരം ലഭിച്ചതോടെ ജോലി ചെയ്യാതിരിക്കാനാകാത്ത സ്ഥിതിയായി. ഹൈദരാബാദിൽ നിന്ന് സംഭരിച്ച ഊർജ്ജവും കാഴ്‌ചപ്പാടും മൂലമാകാം അഞ്ജുവിന്റെ അവതരണങ്ങൾ കേരളത്തിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ഇവിടെ അതൊരു പുതുമയായിരുന്നു. "എന്നെ പോലെ ഒരാളെ സംബന്ധിച്ച് ആ ചെറുപ്പത്തിൽ അത് വളരെ പ്രധാനപ്പെട്ടതായി. തുടർന്ന് കുറച്ച് കലാ പ്രദർശനങ്ങൾ നടത്തി. സൃഷ്ടികൾക്ക് ആവശ്യക്കാർ വന്നുതുടങ്ങി. ഇത് കൊള്ളാം എന്ന ധൈര്യത്തിൽ അങ്ങനെ മുന്നോട്ടു നീങ്ങി. ഇതിനിടെ ഗർഭിണിയായി. മുൻപെന്ന പോലെ സ്വച്ഛതയോടെ പ്രവർത്തിക്കാനാകാത്ത സ്ഥിതി. മനസ് സന്നദ്ധമെങ്കിലും ശരീരം സമ്മതിക്കാതെ വന്നു. അപ്പോൾ ശരീരത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. മിശ്രവിവാഹത്തിന്റെ അസ്വാരസ്യങ്ങളും ഒപ്പമുണ്ടായിരുന്നു" - ഇപ്പോഴത്തെ നിലയ്ക്ക് ആവിഷ്‌കാരങ്ങൾ നടത്താൻ പരുവപ്പെടുത്തിയ വഴികൾ അഞ്ജു വിശദീകരിച്ചു.
"ശരീരത്തിന്റെ നിറം, ലിംഗഭേദം എന്നിവയെല്ലാം ആലോചനാവിഷയമായി. ഇതിനെയെല്ലാം ചുറ്റുപാടുമുള്ള ജീവികളുമായി ബന്ധപ്പെടുത്തി ചിന്തിച്ചു. മറ്റു ജീവികൾക്കും കുഞ്ഞുങ്ങൾക്കുമുള്ള സ്വാതന്ത്ര്യം മനുഷ്യന് ലഭിക്കാതെ പോകുന്നു. ഇന്ന സമയത്ത് പഠിക്കണം, ഇന്ന സമയത്ത് വിവാഹം ചെയ്യണം, ഇന്ന സമയത്ത് ഗർഭം ധരിക്കണം തുടങ്ങിയ മനുഷ്യ നിബന്ധനകൾ മറ്റു ജീവികൾക്കില്ല. അവയാണ് ശരിക്കും ജീവിക്കുന്നത്" - ഈ കാഴ്‌ചപ്പാടിൽ മനുഷ്യന്റെയും ജീവികളുടെയും വികാരവും ശരീരഘടന ശാസ്ത്രവും ഇടകലർത്തി അത് അടിസ്ഥാനമാക്കി അഞ്ജു ആചാര്യ സൃഷ്ടികൾ ഒരുക്കി. നേരെത്തെ ബിയോമാത്‌സ് പഠിച്ചത് ഇതിന് ഏറെ തുണച്ചു.
പ്രകൃതിയുമായി ബന്ധപ്പെട്ട സൃഷ്ടികളാണ് ബിരുദമെടുത്ത മുതൽ അഞ്ജു ചെയ്തിരുന്നത്. അക്കാലത്ത് പക്ഷെ പ്ലാസ്റ്റിക് അടിസ്ഥാനമായ അക്രിലിക് പെയിന്റും കാൻവാസുമായിരുന്നു ഉപയോഗിച്ചത്. പ്രകൃതിയും പ്ലാസ്റ്റിക്കും - അതിൽ ഒരു വൈരുധ്യം തോന്നി. അതുകൊണ്ട് പിന്നീട് പ്ലാസ്റ്റിക് ബന്ധമുള്ള വസ്‌തുക്കൾ ഉപേക്ഷിച്ചു. ഇലയിലും തണ്ടിലും പൂവിലും മണ്ണിലും നിന്നൊക്കെയുള്ള പ്രകൃതിദത്ത നിറങ്ങൾ മാത്രം ഉപയോഗിക്കാൻ തുടങ്ങി. ജൈവിക നിറങ്ങൾ സംബന്ധിച്ച് അടുത്തിടെ ബിനാലെയിൽ അഞ്ജു ആചാര്യ ഒരു ശിൽപശാല നടത്തിയിരുന്നു. താൻ ഉപയോഗിക്കുന്ന ചായക്കൂട്ടിൽ ആർത്തവരക്തം വരെ ചിത്രകാരി ഉൾപ്പെടുത്തി. വാട്ടർകളർ സമാനമായ ബോഷാണ് മറ്റൊരു സങ്കേതം. പ്രകൃതിയോട് കഴിയുന്നത്ര ഇണങ്ങി നിൽക്കാനാണ്, സൃഷ്ടികൾ ഫ്രെയിം ചെയ്യാറില്ല.
ഡ്രോയിങ്ങെന്നോ പെയിന്റിംഗുകളെന്നോ പ്രതിഷ്ഠാപനങ്ങളെന്നോ അഞ്ജുവിന്റെ സമകാലീന സൃഷ്ടികളെ വിളിക്കാനാകില്ല. "ശരീരം എന്താണോ അതുപോലെ തന്നെ എന്റെ ആവിഷ്‌കാരങ്ങളും. കൃത്യമായ ഒരു നിർവ്വചനം അസാധ്യം. എന്നാൽ ഇതെല്ലാമുണ്ടവയിൽ. ഒരേ ശൈലിയിലെങ്കിലും സൃഷ്ടികളുടെ വിന്യാസം പലരീതിയിലാണ്. കുഞ്ഞുണ്ടായശേഷം ഒരു സൃഷ്‌ടി ചെയ്‌തുകൊണ്ട് അതിൽ മാത്രം സമർപ്പിതമായിരിക്കാൻ കഴിയില്ല. ചുരുട്ടിവച്ച കാൻവാസിന്റെ ഒരു മീറ്ററോ മറ്റോ ഭാഗത്ത് അവസരം ഒത്തുവരുമ്പോൾ വരയ്ക്കും. എന്നിട്ട് മാറ്റിവയ്ക്കും. പിന്നെയും ഒഴിവ് കിട്ടുമ്പോൾ അടുത്ത ഭാഗത്ത് വരയ്ക്കും. അപ്പോൾ പക്ഷെ മുൻരചനയ്ക്ക് നിമിത്തമായ ചിന്തകളും പ്രചോദനങ്ങളും ഓർമ്മകളും ഒക്കെ മാറിയിരിക്കും. അങ്ങനെ ആവർത്തിച്ചാവർത്തിച്ചു ഇത്ര വലുപ്പമായെ"ന്ന് തന്റെ സൃഷ്ടികൾ ചൂണ്ടിക്കാട്ടി ചിത്രകാരി പറഞ്ഞു. പത്തും അഞ്ചും മീറ്റർ വീതം ദൈർഘ്യമുള്ള ഈരണ്ടു സൃഷ്ടികളാണ് ബിനാലെയിൽ അഞ്ജുവിന്റേത്.