ലോട്ടറി വിൽപ്പന സുതാര്യമാക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ള പദ്ധതികളുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്
- Posted on March 21, 2023
- News
- By Goutham Krishna
- 181 Views

കൊച്ചി : ലോട്ടറി വിൽപ്പന സുതാര്യമാക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാനൊരുങ്ങി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. ലോട്ടറി പ്രിന്റിംഗ് മുതല്‍ സമ്മാന വിതരണം വരെയുള്ള ഘട്ടങ്ങളിലെ എല്ലാ കാര്യങ്ങളെപ്പറ്റിയുമുള്ള വിവരങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന രീതിയിലാകും പുതിയ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. വിര്‍ച്വല്‍ ലോട്ടറി വില്‍പ്പന പോലെയുള്ളവ തടയാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.
ലോട്ടറി വകുപ്പിന് നിലവില്‍ ഒരു യുട്യൂബ് ചാനല്‍ ഉണ്ട്. ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ഈ ചാനലിന് ലഭിക്കുന്നത്. ചാനലിന്റെ വരിക്കാരുടെ എണ്ണവും വര്‍ധിക്കുന്നതായി അധികൃതര്‍ പറയുന്നു. നറുക്കെടുപ്പിന്റെ തത്സമയ സംപ്രേക്ഷണം ഉള്‍പ്പടെയുള്ളവയാണ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്. നിലവില്‍ 14.5k വരിക്കാരാണ് ചാനലിനുള്ളത്. യൂട്യൂബ് ചാനല്‍ മോണിട്ടൈസ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുള്ളതായി ഭാഗ്യക്കുറി വകുപ്പ് അധികൃതര്‍ പറയുന്നു.” നറുക്കെടുപ്പുകളുടെ തത്സമയ സംപ്രേക്ഷണം ആണ് ചാനലിന്റെ പ്രധാന ലക്ഷ്യം. ഓരോ വീഡിയോയും ശരാശരി 4000 ലധികം പേരാണ് ദിവസവും കാണുന്നത്. ലോട്ടറി മേഖലയിലെ തെറ്റായ രീതികളും വിര്‍ച്വല്‍ ടിക്കറ്റുകളുടെ വ്യാപാരവും ഇല്ലാതാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിനായി സോഷ്യല്‍ മീഡിയകളുടെ ഉപയോഗം പ്രയോജനപ്പെടുത്തും,’ ചില അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധി യുട്യൂബ് ചാനലുകള്‍ നറുക്കെടുപ്പ് ഫലം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ”തത്സമയ വിവരങ്ങള്‍ നല്‍കുന്നതിന് പല ചാനലുകളും ലോട്ടറി ഡിപ്പാര്‍ട്ട്മെന്റിന്റെ ചാനലിനെയാണ് ആശ്രയിക്കുന്നത്. പലപ്പോഴും അവര്‍ ഞങ്ങളുടെ ചാനലിന്റെ സ്‌ക്രീന്‍ഷോട്ടുകളും കമന്ററിയും എടുക്കാറുണ്ട്. ചില ചാനലുകള്‍ക്ക് അറുതിനായിരത്തിലധികം വരിക്കാരുണ്ട്. അത്തരം ചാനലുകള്‍ക്കെതിരെ കേസ് കൊടുക്കാനാണ് തീരുമാനം’ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നറുക്കെടുപ്പ് കൂടുതല്‍ സുതാര്യമാക്കാന്‍ ലോട്ടറി വകുപ്പിന്റെ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ വഴി ഷോര്‍ട്ട്സ്, റീലുകള്‍, ട്രോള്‍ വീഡിയോകൾ എന്നിവ നിര്‍മ്മിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിര്‍മ്മാണത്തിനായി ഇന്‍-ഹൗസ് ടീം രൂപീകരിക്കും. ലോട്ടറി വകുപ്പിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാ, ട്വിറ്റര്‍ ഹാന്‍ഡിലുകൾ കൂടുതല്‍ സജീവമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രത്യേക ലേഖിക