കുസാറ്റ് വിദ്യാർത്ഥികളുടെ നൂതന എഞ്ചിനീയറിംഗ് ആവിഷ്കാരങ്ങളുമായി വിഭവ സമ്മിറ്റ് മാർച്ച്ന്.
- Posted on March 26, 2025
- News
- By Goutham Krishna
- 57 Views

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് മാർച്ച് 27ന് വിദ്യാർത്ഥികളുടെ പ്രഥമ സാങ്കേതിക ഉച്ചകോടിയായ വിഭവ ഇന്നവേഷൻ സമ്മിറ്റ് 2025ന് ഒരുക്കമായി. വിദ്യാർത്ഥികൾ, വ്യവസായ പ്രതിനിധികൾ, ഗവേഷകർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരെ ഒരു കുടക്കീഴിൽ അണിനിരത്തി വിദ്യാർത്ഥികളുടെ നൂതനാവിഷ്കാരങ്ങൾ പ്രദർശിപ്പിക്കുന്നതിനും, അക്കാദമിക-വ്യവസായ സഹകരണം മെച്ചപ്പെടുത്തുന്നതിനും വിഭവ 2025 വേദിയൊരുക്കും.
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നത് സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരിയാണ്. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ കെ സജു, കുസാറ്റ് രജിസ്ട്രാർ ഡോ. എ യു അരുൺ, സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പാൾ ഡോ. അബ്ദുള്ള പി, പ്രൊഫസർ ഡോ. ബിജു എൻ., വിഭവ 2025 കൺവീനർ റോമൽ ജോസ്‌ബിൻ എന്നിവരും ചടങ്ങിൽ സംസാരിക്കും.
പാനൽ ചർച്ചകൾ, വർക്ക്‌ഷോപ്പുകൾ, സ്റ്റാർട്ടപ്പ് വിജയഗാഥകൾ, പ്രോജക്ട് എക്‌സ്‌പോ എന്നിവ സമ്മിറ്റിന്റെ ഭാഗമാകും. വിദ്യാർത്ഥികളുടെ ഏറെ പ്രശംസ നേടിയ ഓട്ടോമോട്ടീവ്, എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് ഡിസൈനുകളായ ഡ്രോണുകൾ, സൈക്കിളുകൾ, റോവർ, റേസിംഗ് കാറുകൾ എന്നിവ നിർമിച്ച ഫോർമുല സ്റ്റുഡന്റ് ടീം, ബജാ ടീം, മാർസ് റോവർ തീം എന്നിവരും സമ്മിറ്റിന്റെ മുഖ്യ ആകർഷണമാണ്.
കുസാറ്റ് വിദ്യാർത്ഥികൽ തന്നെ വികസിപ്പിച്ച നൂതന പ്രോജക്ടുകളായ അഗ്രികൾച്ചർ ട്രാൻസ്പ്ലാൻറർ മെഷീൻ, ഓട്ടോമേറ്റഡ് എയറോപോണിക്‌സ് ഫ്രെയിംവർക്ക്, ന്യൂറോഡൈവർജന്റ് ആളുകൾക്കുള്ള നോൺ-ഇൻവേസീവ് മെഡിക്കൽ ഉപകരണം തുടങ്ങിയ പ്രോജക്ടുകളും പ്രദർശിപ്പിക്കും. വ്യവസായ വെല്ലുവിളികൾക്ക് നൂതനമായ പരിഹാരങ്ങൾ അവതരിപ്പിക്കുന്ന അവസാന വർഷ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ, IBM, IEEE, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്നിവയുമായി സഹകരിച്ച് നടത്തിയ പദ്ധതികൾ എന്നിവയും പ്രദർശിപ്പിക്കും.
വ്യവസായ-അക്കാദമിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും കുസാറ്റ് വിദ്യാർത്ഥികളെ നൂതനസാങ്കേതികവിദ്യയുടെ മുൻനിരയിൽ അണിനിരത്തുന്നതിനും വിഭവ 2025 വഴിയൊരുക്കും.