ദുരിതാശ്വാസനിധിയിലെ വന്‍തട്ടിപ്പ് ; അടിമുടി അഴിമതിയുടെ തെളിവെന്ന് കെ.സുധാകരന്‍ എംപി
- Posted on February 24, 2023
- News
- By Goutham Krishna
- 162 Views
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ വരെ കെെയ്യിട്ട് വാരുന്ന നിലയില്‍ സംസ്ഥാനത്ത് അടിമുടി അഴിമതി കൊടികുത്തി വാഴുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. ഭരണകക്ഷിയില്‍പ്പെട്ടവരും അവരുടെ ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥലോബിയുമാണ് ഇതിന് പിന്നിലെന്നും അശരണര്‍ക്ക് സഹായമാകേണ്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പിന്‍റെ വ്യാപ്തി ഞെട്ടിപ്പിക്കുന്നതാണെന്നും സുധാകരന്‍ പറഞ്ഞു.
കോടികളുടെ തിരിമറിയും ക്രമക്കേടും നടന്നെന്നാണ് മാധ്യമവാര്‍ത്തകളിലൂടെ അറിയാന്‍ കഴിഞ്ഞത്. പരിശോധനയോ മാനദണ്ഡങ്ങളോ പാലിക്കാതെ ഇടനിലക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് പണം തട്ടിയെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. ഭരണ കക്ഷികളുടെ പിന്‍ബലമില്ലാതെ ഉദ്യോഗസ്ഥര്‍ ഇത്രയും വലിയ തട്ടിപ്പ് നടത്താന്‍ ധെെര്യപ്പെടില്ല. സിപിഎം നേതാക്കള്‍ പ്രതികളായ എറണാകുളം പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് നമുക്ക് അത് ബോധ്യപ്പെട്ടതാണ്. എന്നാല്‍ അവരെയെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് അന്ന് സര്‍ക്കാരും ഇടതുമുന്നണിയും സ്വീകരിച്ചത്. ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ തട്ടിയെടുത്ത സാഹചര്യം ഉണ്ടാക്കിയത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെയാണ്.
എറണാകുളം കലക്ടറേറ്റിലെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിലെ ഗുരുതര കണ്ടെത്തലുകള്‍ അടങ്ങുന്ന വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കില്ലായിരുന്നു. ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന് കൂട്ടുനിന്ന മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. അതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കണമെന്നും കെ.സുധാകരന്‍ എം.പി ആവശ്യപ്പെട്ടു.
സ്വന്തം ലേഖകൻ