അഭിമാനമായ ബിനാലെക്ക് സർക്കാരിന്റെ ക്രിയാത്മക പിന്തുണ തുടരണം: ബൃന്ദ കാരാട്ട്

  • Posted on March 13, 2023
  • News
  • By Fazna
  • 130 Views

കൊച്ചി: കേരളത്തിന്റെ അഭിമാനമായ ബിനാലെയ്ക്ക് സംസ്ഥാന സർക്കാരിന്റെ എല്ലാവിധ ക്രിയാത്മക പിന്തുണയും സഹകരണവും തുടരുക തന്നെ ചെയ്യണമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മഹത്തായ സംരംഭമായ ബിനാലെയെ നിലവിൽ സർക്കാർ എല്ലാവിധത്തിലും പിന്താങ്ങുന്നതിൽ കൃതാർത്ഥയുണ്ട്. രാജ്യത്ത് കേരളത്തിന് മാത്രം പ്രായോഗികമാക്കാൻ മഹത്തായ സംരംഭത്തിന്റെ സുഗമമായ മുന്നോട്ടുപോക്ക് സർക്കാർ ഉറപ്പുവരുത്തുമെന്നാണ് ഉറച്ചു വിശ്വസിക്കുന്നത്.

അമ്പരപ്പിക്കുന്ന ആസ്വാദ്യതയാണ് കൊച്ചി ബിനാലെ പകരുന്നതെന്ന് ഫോർട്ട്കൊച്ചി ആസ്‌പിൻവാൾ ഹൗസിൽ ബൃന്ദ പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ആർട്ടിസ്റ്റുകളും അവരുടെ സൃഷ്ടികളും സംഗമിക്കുന്ന രാജ്യത്തെ ഏകയിടമാണിത്. ജീവിതത്തിന്റെയും സമൂഹത്തിന്റെയും എല്ലാതലങ്ങളിലുമുള്ള വിഷയങ്ങളെ ഗൗരവത്തോടെ കലാസൃഷ്ടികൾ സംബോധന ചെയ്യുന്നു. വനിത ആർട്ടിസ്റ്റുകളുടെ ഉയർന്ന പ്രാതിനിധ്യം ശ്രദ്ധേയം. അവരുടെ ഉൾക്കാഴ്ച തന്നെ സ്‌തബ്ധയാക്കി. സാമൂഹികയാഥാർഥ്യങ്ങളെ കുറിക്കുകൊള്ളുംവിധം, പലപ്പോഴും സാധാരണനിലയ്ക്ക് ചിന്തിക്കാത്തവണ്ണം അവർ ആവിഷ്‌കരിച്ചിരിക്കുന്നു. 

കേരളത്തിലെ വനിതകളുൾപ്പെടെ ആർട്ടിസ്റ്റുകൾ പ്രത്യേക പരാമർശം അർഹിക്കുന്നു. ഇവിടത്തെ  അപരിമേയമായ പ്രതിഭാവൈശിഷ്ട്യം ഇവിടെ പ്രകാശിതമാകുന്നു. അനുപമമായ അനുഭവമാണിത്. ബിനാലെയുടെ ഭാഗമായി കേരളത്തിലെ മലയാളി ആർട്ടിസ്റ്റുകൾക്ക് മാത്രമായി ഒരുക്കിയ ഡർബാർ ഹാൾ ആർട്ട് ഗ്യാലറിയിലെ 'ഇടം' രാജ്യത്തിനാകെ തന്നെ സമ്മാനിക്കുന്നത് തികച്ചും അതുല്യമായ സംവേദനമാണ്. കേരളത്തിലെ ആർട്ടിസ്റ്റുകളെ പ്രത്യേകം അഭിനന്ദിക്കുകയും വേറിട്ട സാമൂഹ്യവീക്ഷണത്തിന് അവരോട് കടപ്പാട് അറിയിക്കുകയും ചെയ്യുന്നു.  

കൊച്ചി ബിനാലെയുടെ ആസൂത്രണവും ക്യൂറേഷനും സംഘടനവും വോളന്റീയർമാരുടെ അർപ്പിത സേവനവും ആർട്ടിസ്റ്റുകളുടെ പ്രതിബദ്ധതയുമെല്ലാം രാജ്യത്തിനാകെ മാതൃകയാണ്.  കൊച്ചി ബിനാലെ തനിക്ക് ആദ്യാനുഭവമാണ്. കലാസ്വാദകർക്കോ വിദഗ്‌ധർക്കോ മാത്രമല്ല തന്നെ പോലെ എല്ലാവർക്കും ബഹുതല വിജ്ഞാനം പകരുന്ന ഉൽകൃഷ്ഠവും അസുലഭവുമായ ബൃഹത്തായ വേദിയാണെന്നും ബൃന്ദ പറഞ്ഞു. ആസ്‌പിൻവാൾ ഹൗസിൽ ബൃന്ദ കാരാട്ടിനെ ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ട്രസ്റ്റി ബോണി തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.


സ്വന്തം ലേഖകൻ 

Author
Citizen Journalist

Fazna

No description...

You May Also Like