പശ്ചിമ ഘട്ടത്തിന്റെ ചാരുതയിൽ കൊമാച്ചി പാർക്ക്.
- Posted on June 04, 2025
- News
- By Goutham prakash
- 260 Views

സി.ഡി. സുനീഷ്.
പ്രകൃതി മർമ്മരങ്ങളും
കിളികളുടെ കളകളാരവവും
നിർമ്മലമായി പരിലസിക്കുകയാണ്,,കൊമാച്ചി,, പാർക്കിൽ.
വയനാടിൻ്റെ വിനോദ സഞ്ചാരഭൂപടത്തിലെ ഹരിത പറുദീസയാണിവിടം.
പശ്ചിമഘട്ട താഴ്‌വരയിൽ ഹരിത താളങ്ങൾക്കൊപ്പം ചാരുതയാർന്ന്
നിൽക്കുകയാണ്,,കൊമാച്ചി,, പാർക്ക്
ഇന്ത്യയിലെ ആദ്യത്തെ ഫോട്ടോഗ്രാഫിക് തീം പാർക്ക് ആയ കൊമാച്ചി പാർക്ക് മാനന്തവാടി ബോയ്സ് ടൗണിൽ സഞ്ചാരികൾക്ക് തുറന്ന് കൊടുത്തു. ഫോട്ടോഗ്രാഫി മ്യൂസിയം മന്ത്രി പി രാജീവും ഫോട്ടോഗ്രാഫി എക്സിബിഷൻ സെൻ്റർ മന്ത്രി ഒ ആർ കേളുവും ഉദ്ഘാടനം ചെയ്തു. പ്രായമായവർക്കും മറ്റും മുഴുവൻ സ്ഥലങ്ങളും വീൽചെയർ വഴി സഞ്ചരിക്കാവുന്ന വിധമുള്ള പാർക്കിലെ പാതകൾ ഒരുക്കിയിട്ടുള്ളത് മാതൃകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പാർക്ക് മണ്ഡലത്തിൻ്റെ വികസനത്തിന് മുതൽക്കൂട്ടാവുമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു.
കൊമാച്ചി പാർക്ക് ഓഫീസ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയ് നിർവ്വഹിച്ചു. അജീബ് കൊമാച്ചി എന്ന ഫോട്ടോഗ്രാഫറുടെ ഭാവനയിൽ വിരിഞ്ഞതാണ്
മനോഹരമായ ഈ ഫോട്ടോഗ്രാഫിക് തീം പാർക്ക്. വിവിധ ചെടികൾ ഉപയോഗിച്ച് വിഭാവനം ചെയ്ത പത്തോളം വിഭിന്നങ്ങളായ സുഗന്ധ മേഖലകൾ പാർക്കിലുണ്ട്. പൂമ്പാറ്റകളെ ആകർഷിക്കുന്ന ചെടികൾ കൊണ്ട് സമൃദ്ധമായ ബട്ടർഫ്ളൈ ഗാർഡൻ പാർക്കിൻ്റെ പ്രത്യേകതയാണ്. 500ഓളം വിഭാഗങ്ങളിലുള്ള പഴച്ചെടികൾ വെച്ച് പിടിപ്പിച്ചിട്ടുള്ള പാർക്ക് സൗരോർജ്ജം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. പരിസ്ഥിതി അനുകൂല കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. വിനോദങ്ങൾക്കൊപ്പം വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള നിരവധി പുതുമയാർന്ന ഇനങ്ങളും കൊമാച്ചി പാർക്കിലുണ്ട്. ആർട്ട്, ഫോട്ടോഗ്രാഫി, ഓഗുമെൻ്റ് റിയാലിറ്റി, വെർച്ചൽ റിയാലിറ്റി, ഫോട്ടോഗ്രാഫി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ്ക്ക് പുറമേ കുട്ടികൾക്ക് വലിയൊരു പക്ഷികൂടും അമ്യൂസ്മെൻറ് പാർക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. 200 ഓളം സഞ്ചാരികൾക്ക് വയനാടിൻ്റെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് താമസിക്കാനുള്ള സ്വൗകര്യവും പാർക്കിലുണ്ട്. മാനന്തവാടി - തലശ്ശേരി റോഡിൽ
ബോയ്സ് ടൗണിലാണ് പാർക്ക് സ്ഥിതിചെയ്യുന്നത്. ഫോട്ടോഗ്രാഫിയുടെ ചരിത്രം പറയുന്ന മ്യൂസിയം, ആയിരത്തിലധികം ഫോട്ടോഗ്രാഫറുമാരുടെ അവാർഡിനർഹമായ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഫോട്ടോഗ്രാഫി എക്സിബിഷൻ സെൻ്റർ എന്നിവയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ചിത്രങ്ങൾ വരക്കാനും പ്രദർശിപ്പിക്കാനും അവസരം നൽകുന്ന ആർട്ട് ഗ്യാലറി, പശ്ചിമ ഘട്ടത്തിലെ അപൂർവ്വം മരങ്ങൾ ഉൾക്കൊള്ളുന്ന ഉഷ്ണമേഖലാ വനം എന്നിവയും പാർക്കിലുണ്ട്. നാടൻ കലകളെയും വിവിധ ഇനം കലാ സാഹിത്യ രൂപങ്ങൾ അവതരിപ്പിക്കാനുള്ള ആംഫി തിയേറ്ററിൽ 1200 ആളുകൾക്കുള്ള ഇരിപ്പിടം ഉണ്ട്. ഡൈനിങ്ങും കിച്ചനും അതിഥികൾക്ക് താമസിക്കാനുള്ള സൗകര്യവുംഇവിടെ ഉണ്ട്. എആർ , വീആർ സ്റ്റുഡിയോ സന്ദർശകരെ ആധുനിക ടെക്നോളജിയുമായും ഫോട്ടോഗ്രാഫിയുമായും ബന്ധിപ്പിക്കുന്നു. പുതിയ ടെക്നോളജിയെ പരിചയപ്പെടുത്തുന്ന ക്ലാസ്സുകളും ഇവിടെ ലഭിക്കും. ഫോട്ടോഗ്രാഫിയിലും മൾട്ടീമീഡിയയിലും ഉന്നത നിലവാരമുള്ള ട്രെയ്നിങ്ങോട് കൂടിയുള്ള പഠനത്തിനായി ഫോട്ടോഗ്രാഫി ഇൻസ്റ്റിറ്റ്യൂട്ട് ഉടനെ പ്രാവർത്തികമാകും. സന്ദർശകരെ ആകർഷിക്കുന്ന 200ലധികം പക്ഷികളുള്ള ഏവിയറി, 20ലധികം റൈഡുകളും 16D തീയേറ്ററും ഉള്ള ചിൽഡ്രൻസ് പാർക്ക് എന്നിവയും ഇവിടെയുണ്ട്. ബിസിനസ്സ് മീറ്റപ്പിനും ട്രെയ്നിങ്ങിനും ഉപയോഗിക്കാവുന്ന ഓഡിയോ വിഷ്വൽ തിയേറ്ററിൽ 130 ആളുകൾക്ക് ഇരിക്കാവുന്ന സൗകര്യവും ആധുനിക സൗണ്ട് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. വലിയൊരു സ്വിമ്മിങ് പൂളും ഫിറ്റ്നസിന് വേണ്ടിയുള്ള ഉപകരണങ്ങളും സജ്ജീകരിക്കുന്നുണ്ട്. വയനാടിൻ്റെ തനത് വിഭവങ്ങൾ ഉൾപ്പെടെ സ്വാദിഷ്ടമായ ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറൻ്റ്, ടൂറിസം സൂപ്പർമാർക്കെറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. 6 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാവുന്ന വിധം റിസോർട്ടും ബംഗ്ലാവും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ ടൂറിസം ഡെസ്റ്റിനേഷന് പുതിയൊരു ഉണർവ്വ് നൽകുന്നതാണ് കൊമാച്ചി പാർക്ക്.