ബ്രഹ്മപുരം മാലിന്യപ്ലാന്റ് തീപ്പിടുത്തം: സിപിഎം- കോൺഗ്രസ് പരസ്പര സഹകരണത്തിന്റെ തെളിവ്: കെ.സുരേന്ദ്രൻ

  • Posted on March 08, 2023
  • News
  • By Fazna
  • 129 Views

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തം സിപിഎം- കോൺഗ്രസ് പരസ്പര സഹകരണത്തിന്റെ നേർചിത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതിലെ മുഖ്യ കരാറുകാരൻ മുൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വന്റെ മരുമകനാണ്. കെപിസിസി ജന.സെക്രട്ടറി വേണുഗോപാലിന്റെ മകനാണ് മറ്റൊരു കരാറുകാരൻ. കേരളത്തിൽ ഇരു പാർട്ടികളും തമ്മിൽ നടത്തുന്ന പങ്ക് കച്ചവടത്തിന്റെ ഉദഹരണമാണിതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.

കരുവന്നൂർ സഹകരണ ബാങ്കിന്റെ കാര്യത്തിലായാലും എആർ നഗർ ബാങ്കിന്റെ കാര്യത്തിലായാലും ഇടത്-വലത് മുന്നണികളുടെ അഴിമതി സഹകരണം കാണാം. ബ്രഹ്മപുരം സംഭവത്തിൽ ഹൈക്കോടതി ശക്തമായ വിമർശനം നടത്തിയിട്ടും കോൺഗ്രസ് സമരം ചെയ്യാത്തത് ഇതുകൊണ്ടാണ്. കൊച്ചി നഗരസഭ അഴിമതി ലക്ഷ്യം വെച്ചാണ് പ്രവർത്തിക്കുന്നത്. ജനങ്ങളെ കൊല്ലുന്ന മാലിന്യ പുകയിൽ നിന്നും അഴിമതി നടത്തുകയാണ് ഇരുമുന്നണികളുടെയും ലക്ഷ്യം. കേരളത്തെ കോൺഗ്രസും സിപിഎമ്മും നശിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞത് ഇതുകൊണ്ട് തന്നെയാണ്. ആകസ്മികമായ തീപ്പിടുത്തമല്ല ബ്രഹമപുരത്ത് ഉണ്ടായിരിക്കുന്നത്. തീപ്പിടുത്തത്തെ കുറിച്ച് ശരിയായ അന്വേഷണം ആവശ്യമാണ്. കോടികളുടെ കൊടുക്കൽ വാങ്ങൽ നടന്നിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും നഗരവികസന മന്ത്രാലയത്തിന്റെയും എല്ലാ നിർദേശങ്ങളും മറികടന്നു കൊണ്ടാണ് കൊച്ചി കോർപ്പറേഷൻ മാലിന്യനിർമ്മാർജന പദ്ധതി വർഷങ്ങളായി നടപ്പാക്കുന്നത്. 2016ന് ശേഷം മാറിയിട്ടുള്ള മാലിന്യനിർമ്മാർജന നിയമങ്ങൾ നടപ്പിലാക്കാതെയും ന്യൂതനമായ മാർഗങ്ങൾ തേടാതെയും ഖരമാലിന്യങ്ങൾ കത്തിക്കുകയാണ് കേരളത്തിൽ ചെയ്യുന്നത്. മാലിന്യ പ്ലാന്റ് കത്തിക്കലിൽ അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ദേശീയതലത്തിലും സിപിഎമ്മും കോൺഗ്രസും അഴിമതിക്കാർക്കൊപ്പമാണ്. മനീഷ് സിസോദിയക്ക് വേണ്ടി ഇരു പാർട്ടികളും പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദില്ലി ഉപമുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടക്കുന്നത്. ദേശവ്യാപകമായ മാനങ്ങളുള്ള കേസാണ് ദില്ലിമദ്യനയ കേസ്. വലിയ അഴിമതിയാണ് നടന്നത്. ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്തെന്നാണ് കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നത്. മനീഷ് സിസോദിയക്കെതിരായ അറസ്റ്റും ദില്ലി മദ്യനയ കേസും കേരളത്തിലെ മുഖ്യമന്ത്രിയെ വിറളിപിടിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് രണ്ട് വർഷം മുമ്പ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നല്ലൊ. അന്വേഷണം തന്റെ ഓഫീസിലേക്ക് വന്നപ്പോഴാണ് മുഖ്യമന്ത്രി അന്വേഷണത്തെ എതിർക്കുന്നത്. ഒളിച്ചുവെക്കാൻ ഒന്നുമില്ലെങ്കിൽ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വേവലാതി. രാജ്യത്ത് നടക്കുന്ന എല്ലാ അന്വേഷണങ്ങൾക്കുമെതിരെ നരേറ്റീവ് സൃഷ്ടിക്കാൻ മുഖ്യമന്ത്രി ഇറങ്ങുന്നത് അഴിമതിക്കാരെ എല്ലാവരെയും ഒരു കുടക്കീഴിൽ നിർത്താനാണെന്നും സുരേന്ദ്രൻ പറഞ്ഞു.

എംവി ഗോവിന്ദൻ യാത്രയിൽ ഓരോ ദിവസവും ഓരോ മണ്ടത്തരങ്ങൾ പറയുകയാണ്. കേരളത്തിലെ ദേശീയപാത വികസനം സംസ്ഥാന സർക്കാരാണ് നടത്തുന്നതെന്നാണ് അദ്ദേഹം പറയുന്നത്. കേരള സർ‌ക്കാർ ഭൂമിയേറ്റെടുക്കലിന് 25 ശതമാനം നൽകാമെന്ന് ആദ്യം പറഞ്ഞു. ഇപ്പോൾ പറയുന്നത് ഒന്നും തരില്ലെന്നാണ്. എന്നിട്ടും പ്രവൃത്തി അവസാനിപ്പിക്കാതെ കേന്ദ്രം മുഴുവൻ തുകയും നൽകി ദേശീയപാത വികസനം നടത്തുകയാണ്. എന്നിട്ടാണ് എല്ലാം ഞങ്ങളാണ് നടത്തുന്നതെന്ന് ഗോവിന്ദൻ വീമ്പിളക്കുന്നത്. നിർമ്മലാ സീതാരാമൻ ക്ഷേപെൻഷൻ കൊടുക്കരുതെന്ന് പറഞ്ഞെന്നാണ് ബിജു പറയുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ കേരളത്തിലേതിനേക്കാൾ കൂടുതൽ തുക പെൻഷൻ കൊടുക്കുന്നുണ്ട്. മാദ്ധ്യമങ്ങളുടെ വായ അടപ്പിക്കാനുള്ള തന്ത്രമാണ് ഏഷ്യാനെറ്റിനെതിരെയുള്ള നടപടി. മുഖ്യമന്ത്രിക്കെതിരായ കേസുകൾ വരുമ്പോൾ അത് വാർത്തയാക്കാതിരിക്കാനുള്ള തന്ത്രമാണിത്. പിണറായി വിജയന്റെ രണ്ട് കൈകളാണ് സിഎം രവീന്ദ്രനും ശിവശങ്കരനും. ഈ രണ്ട്പേരും കുടുങ്ങിയിട്ടുണ്ടെങ്കിൽ കാര്യങ്ങൾ മുഖ്യമന്ത്രി അറിയാതെ ആവില്ലെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയും കുടുംബവുമാണ് വിദേശത്ത് നിന്നും പണം കൊണ്ടുവന്നത്. അതിൽ നിന്നാണ് അഞ്ച് കോടി കാണാതായിരിക്കുന്നത്. വിദേശത്ത് നിന്നും കൊണ്ട് വന്ന പാവങ്ങൾക്ക് വീടുവെക്കാനുള്ള പണം നഷ്ടമായെങ്കിൽ മുഖ്യമന്ത്രിക്ക് അതിൽ ഉത്തരവാദിത്വമുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷും സംബന്ധിച്ചു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like