ചരിത്രം വ്യക്തിയിൽ അനാവരണമാകുന്ന ശാരീരിക പ്രശ്നങ്ങളാണ് ഹാഷ് : പ്രശസ്ത സംവിധായകൻ ബാഷ്ർ മാർക്സ്. ആവേ മരിയയുടെ ആത്മാംശം എല്ലാവർക്കും ഉൾക്കൊള്ളാനായി : ജൂലിയ വാർലി
തൃശൂർ: അന്തർ ദേശീയ നാടകോത്സവത്തിന് ഇന്ന് കൊടിയിറങ്ങുമ്പോൾ ,മനസ്സ് ,ഭാവങ്ങൾ ,എങ്ങിനെ ശരീരത്തിൽ അവ നാടക അഭിനയ ഘട്ടത്തിൽ അനാവരണം ചെയ്യപ്പെടുന്നു എന്ന് ചർച്ചയാകുന്നു. വിശ്വ നാടക അരങ്ങിന് തിരശീല വീഴുമ്പോൾ ഈ സംവാദങ്ങൾ തുടരുക തന്നെ ചെയ്യും എന്നുറപ്പാണ്. ചരിത്രം വ്യക്തിയിൽ സൃഷ്ടിക്കുന്ന ശാരീരിക പ്രശ്നങ്ങളാണ് ഹാഷ് നാടകത്തിന്റെ മുഖ്യപ്രമേയമെന്ന് സംവിധായകൻ ബാഷ്ർ മാർക്‌സ്. ആർട്ടിസ്റ്റ് ഇൻ കോൺവെർസേഷനിൽ പുരവ് ഗോസ്വാമിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അധിനിവേശ കഥകളും ഓർമകളുമാണ് ഹാഷ് നാടകത്തിലെ നായകന് പൊണ്ണത്തടി ഉണ്ടാക്കുന്നത്. അധിനിവേശ ഇടങ്ങളിൽ നാളെ എന്ന ദിവസം ഉണ്ടാക്കുന്ന ഭീതിയാണ് നായകന് വീട് വിട്ടിറങ്ങാൻ ഭീതി ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രാൻസ് കാഫ്കയുടെ കഥകൾ തന്നെ സ്വാധീനച്ചതായും ബാഷ്ർ മാർക്‌സ് പറഞ്ഞു.
ആവേ മരിയ എന്ന നാടകത്തെ പറ്റി നടി ജൂലിയ വാർലിയും പ്രൊഫസർ പോൾ അലൈനുമായി രണ്ടാമത്തെ ചർച്ച നടന്നു. വിവിധ രാജ്യങ്ങളിൽ ആവേ മരിയ അവതരിപ്പിച്ചപ്പോൾ എല്ലാവർക്കും നാടകത്തിന്റെ ആത്മാശം ഉൾക്കൊള്ളാനായെന്ന് ജൂലിയ വാർലി പറഞ്ഞു. യൂജെനിയോ ബാർബയുടെ നാടകങ്ങളിൽ അദ്ദേഹം നടത്തിയ കേരള പര്യടനവും സ്വാധീനിച്ചിട്ടുണ്ട്. കഥകളി, കൂടിയാട്ടം പോലുള്ള കലകൾ എടുത്ത് പറഞ്ഞാണ് ബാർബയുടെ നാടകങ്ങളെ പറ്റി അവർ സംസാരിച്ചത്. 1988 ചിലിയിൽ ജനറൽ അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ കാലത്താണ് ബാർബറ കനേപയുമായി ബന്ധപ്പെടുന്നത്. ഒരു നടിയോടുള്ള സ്നേഹം പ്രഖ്യാപനം കൂടിയാണ് ഈ നാടകമെന്ന് ജൂലിയ വാർലി പറഞ്ഞു.
മലയാള നാടകത്തെ മത്സര ഇനത്തിൽ നിന്ന് മാറ്റേണ്ട കാലം അതിക്രമിച്ചെന്ന് സംവിധായകൻ ജോബ് മഠത്തിൽ പറഞ്ഞു. കക്കുകളി നാടകത്തെ പറ്റി ആർട്ടിസ്റ്റ് ഇൻ കോൺവർസേഷനിൽ നാടക പ്രവർത്തകൻ ശശിധരൻ നടുവിലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി വിമർശനങ്ങളെ കക്കുകളിക്ക് നേരിടേണ്ടി വന്നു. പുന്നപ്രയിലെ ചരിത്രമാണ് 'കക്കുകളി' അവതരിപ്പിച്ചതെന്നും ചരിത്രം മറന്ന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും തിരക്കഥാകൃത്ത് കെ ബി അജയ് കുമാർ അഭിപ്രായപ്പെട്ടു. നാടകത്തിൽ മികച്ച അഭിനയം കാഴ്ചവെച്ച മാളു ആർ ദാസിനെ വേദിയിൽ അനുമോദിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട ജീവിതങ്ങളുടെ പച്ചയായ കഥയാണ് ജോബ് മഠത്തിലിന്റെ കക്കുകളി. മത്സരമല്ല ജീവിതവും അതിൻ്റെ വിഹ്വലതകളും ആശങ്കളും ഇരകളുടെ പ്രതിരോധം കൂടിയാണ് നാടകങ്ങൾ എന്ന സംവാദങ്ങൾക്ക് മൂർച്ചയേറുകയാണ്.