ബ്രഹ്മപുരം കത്തുമ്പോൾ സാംസ്‌കാരിക നായകരെല്ലാം മൗനികളായി : എ.കെ ആന്റണി

  • Posted on March 17, 2023
  • News
  • By Fazna
  • 98 Views

തലേക്കുന്നില്‍ ബഷീര്‍ കള്‍ച്ചറല്‍ സെന്റർ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : കേരളത്തിലെ സാംസ്‌കാരിക നായകരുടെ പ്രതികരണ ശേഷി എവിടെയോ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ്  പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി.കേരളത്തിലെയും രാജ്യത്തെയും ലോകത്താകമാനവുമുള്ള പ്രശ്‌നങ്ങളില്‍ ഇടപെട്ട് അഭിപ്രായം പറയുന്നവര്‍ ആയിരുന്നു ഒരു കാലത്ത് കേരളത്തിലെ സാംസ്‌കാരിക നായകരെന്ന് ആന്റണി പറഞ്ഞു. തലേക്കുന്നില്‍ ബഷീറിന്റെ സ്മരണാര്‍ഥം രൂപീകരിച്ച തലേക്കുന്നില്‍ ബഷീര്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനം കെപിസിസി ആസ്ഥാനത്ത്  നിര്‍വഹിക്കുകയായിരുന്നു ആന്റണി.

കൊച്ചി നഗരം 13 ദിവസം ഗ്യാസ് ചേംമ്പറിലായിട്ട് 99 ശതമാനം സാംസ്‌കാരിക നായകരും നിശബ്ദരായിരുന്നു. ബഹുമാന്യര്‍ ഒരുപാട് പേര്‍ ഉണ്ടെങ്കിലും അവരുടെയെല്ലാം വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയിരിക്കുകയാണ്. ഇപ്പോൾ അവർ സംസ്ഥാനത്തിന് പുറത്തുള്ള വിഷയങ്ങളെക്കുറിച്ചേ പ്രതികരിക്കാറുള്ളൂ. ബ്രഹ്മപുരത്തെ നിശബ്ദതയിൽ അവർക്ക് വലിയ വില നൽകേണ്ടിവരും.ടി. പത്മനാഭനെ പോലെ അപൂര്‍വം ചിലര്‍ ഒഴികെ സാഹിത്യ, കലാ, സാംസ്‌കാരിക നായകരെല്ലാം മൗനികളായി. തീപിടിത്തം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കത്ത് അയച്ച ശേഷമാണ് രക്ഷാ പ്രവര്‍ത്തനം തുടങ്ങിയത്. സാംസ്‌കാരിക കേരളത്തിന് എന്തു പറ്റിയെന്നും പ്രതികരണ ശേഷി എവിടെപ്പോയെന്ന് ഗൗരവമായി ചിന്തിക്കണമെന്നും ആന്റണി പറഞ്ഞു.മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് എല്ലാ കാലത്തെയും ഇടപാടുകള്‍ അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കഴിഞ്ഞ 7 വര്‍ഷമായി ഒരാളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് അദ്ദേഹം ഓര്‍ക്കണമെന്നും ആന്റണി പറഞ്ഞു. തനിക്ക് വേണ്ടി രണ്ടിലൊന്ന് ആലോചിക്കാതെ സീറ്റൊഴിയാൻ മനക്കരുത്ത് കാണില്ല നേതാവാണ് തലേക്കുന്നിൽ ബഷീർ.പകരമായി ഒന്നും ചോദിച്ചില്ല.ഒരു വിലപേശലും ഇല്ലാത്ത സംസ്കാര സമ്പന്നനും കുലീനനുമായ രാഷ്ട്രീയ പ്രവർത്തകനായിരുന്നു തലേക്കുന്നിൽ ബഷീറെന്നും ആന്റണി പറഞ്ഞു. ബഷീറുമായുള്ള വ്യത്യസ്തമായ അനുഭവങ്ങൾ ആൻ്റണി ഓർത്തെടുത്തു.

ഡിസിസി പ്രസിഡന്റും തലേക്കുന്നില്‍ ബഷീര്‍ കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാനുമായ പാലോട് രവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സെന്ററിന്റെ ലോഗോ പ്രകാശനം ചെയ്തു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. ആദ്യമെമ്പർഷിപ്പ് ബി.എസ് .ബാലചന്ദ്രൻ സ്വീകരിച്ചു. മുപ്പത് നേതാക്കൾ രമേശ് ചെന്നിത്തലയിൽ നിന്നും അംഗത്വം സ്വീകരിച്ചു.യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ ബ്രോഷർ പ്രകാശനം ചെയ്തു. നേതാക്കളായ   ടി.യു രാധാകൃഷ്ണൻ ,എന്‍. ശക്തന്‍, ജി.എസ് ബാബു,സജീവ് ജോസഫ് എം.എൽ.എ , ജി.സുബോധൻ,പീതാംബര കുറുപ്പ്, പന്തളം സുധാകരൻ, നെയ്യാറ്റിൻകര സനൽ, ടി.ശരത് ചന്ദ്രപ്രസാദ്, കരകുളം കൃഷ്ണപിള്ള, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. എം.ആര്‍. തമ്പാന്‍, ബി.എസ് ബാലചന്ദ്രൻ , ആനാട് ജയന്‍,  ഇ. ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like