മായമില്ലാത്ത മഞ്ഞള്‍പ്പൊടി വിപണിയിലെത്തിക്കാന്‍ സര്‍വകലാശാലാ എന്‍.എസ്.എസ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നാഷണല്‍ സര്‍വീസ് വൊളന്റിയര്‍മാര്‍ കൃഷി ചെയ്ത മഞ്ഞള്‍ പൊടിച്ച് പാക്കറ്റുകളിലാക്കി വില്പനയ്ക്കൊരുങ്ങുന്നു. കാര്‍ഷിക വിളകളെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്നതിലൂടെ സമൂഹത്തിലും വിദ്യാര്‍ഥികള്‍ക്കും വലിയ സന്ദേശം നല്‍കാനാകുമെന്നാണ് എന്‍.എസ്.എസിന്റെ പ്രതീക്ഷ. കഴിഞ്ഞ ജൂണ്‍ മാസത്തില്‍  എന്‍.എസ്.എസ്. വിഭാഗത്തിന്റെ തന്നെ മറ്റൊരു പദ്ധതിയായ പഴവര്‍ഗ തോട്ടത്തില്‍ ഇടവിളയായാണ് 'പ്രതിഭ' എന്ന ഉയര്‍ന്ന കുര്‍കുമിന്‍ പദാര്‍ഥം അടങ്ങിയ മഞ്ഞളിനം കൃഷി ചെയ്യാന്‍ തുടങ്ങിയത്. പരപ്പനങ്ങാടിയിലും സമീപ പ്രദേശങ്ങളിലും നിന്നായി ശേഖരിച്ച മഞ്ഞള്‍ വിത്തുകള്‍ ആറു മാസത്തില്‍ തന്നെ മികച്ച വിളവ് നല്‍കി. സര്‍വകലാശാലയുടെ കീഴിലുള്ള എന്‍.എസ്.എസ്. യൂണിറ്റിലെ വിദ്യാര്‍ഥികള്‍ കൃഷി ചെയ്ത മഞ്ഞള്‍ ആദ്യഘട്ടത്തില്‍ നേരിട്ടു വില്‍ക്കുകയാണ് ചെയ്തത്. രണ്ടാംഘട്ടത്തില്‍ മഞ്ഞള്‍ പൊടിച്ച് പാക്കറ്റുകളിലാക്കി വില്‍ക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. 125 ഗ്രാമിന് 50 രൂപയും 250 ഗ്രാമിന് 100 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. കാര്‍ഷിക പശ്ചാത്തലം ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്കും മറ്റു എന്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കും കൃഷിയെ കുറിച്ച് പഠിക്കാനും പുതിയ അനുഭവങ്ങള്‍ നേടിയെടുക്കാനും ഈ സംരംഭം വഴി സാധിച്ചുവെന്ന് സര്‍വകലാശാലാ എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്ററായ ഡോ. ടി.എല്‍. സോണി അഭിപ്രായപ്പെട്ടു. പൂര്‍ണമായും ജൈവകൃഷിയായി ഉത്പാദിപ്പിച്ച മഞ്ഞളിന് മികച്ച പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍വകലാശാലയിലെ എന്‍.എസ്.എസ്. ടീം. നേരത്തെ കപ്പ, വാഴപ്പഴം, പച്ചക്കറികള്‍ എന്നിവയും എന്‍.എസ്.എസ്. വില്പന നടത്തിയിരുന്നു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Goutham prakash

No description...

You May Also Like