ഗോൾഡൻ ഗ്ലോബ്: ചരിത്രം കുറിച്ച് അഭിലാഷ് ടോമി
കൊച്ചി: ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാമത് ഫിനിഷ് ചെയ്ത് അഭിലാഷ് ടോമി ചരിത്രം കുറിച്ചു. ഗോൾഡൻ ഗ്ലോബ് നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ്. ഇന്ത്യൻ നാവിക സേനയിൽ ലെഫ്റ്റനന്റ് കമാൻഡറാണ് അഭിലാഷ് ടോമി. 2022 സെപ്റ്റംബർ നാലിനാണ് ഫ്രാൻസിലെ ലേ സാബ്‌ലേ ദെലോണിൽനിന്ന് നിന്ന് തന്റെ പായ്വഞ്ചിയിലുള്ള യാത്ര ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയതും വേഗത കുറഞ്ഞതുമായ റേസാണ് ഗോൾഡൻ ഗ്ലോബ്. 16 പേർ പങ്കെടുത്ത റേസ്, 2022 സെപ്റ്റംബർ 4-ന് ആരംഭിച്ചു. 1968-ന് മുമ്പ് നിലവിലുണ്ടായിരുന്ന സാങ്കേതിക വിദ്യയും ഉപയോഗിച്ചും ആധുനിക അത്യാധുനിക നാവിഗേഷൻ ഉപകരണങ്ങളൊന്നും ഉപയോഗിക്കാതെയുമാണ് റേസിൽ പങ്കെടുക്കേണ്ടത്. ഫ്രാൻസിലെ കടൽത്തീരനഗരമായ ലേ സാബ്‌ലേ ദെലോണിൽനിന്ന് തുടങ്ങുന്ന യാത്ര ലോകംചുറ്റി അവിടെത്തന്നെ അവസാനിക്കും. അഞ്ച് മഹാസമുദ്രങ്ങളിലൂടെ ഏകദേശം 48,000 കിലോമീറ്റർ നീണ്ട യാത്രയ്‌ക്കായി 235 ദിവസവും അഞ്ചേമുക്കാൽ മണിക്കൂറുമെടുക്കും. 40 കാരിയായ ദക്ഷിണാഫ്രിക്കൻ നാവിക കിർസ്റ്റൺ ന്യൂഷാഫർ വ്യാഴാഴ്ച രാത്രി ഒന്നാം സ്ഥാനത്തെത്തി. ഗോൾഡൻ ഗ്ലോബിൽ പങ്കെടുക്കുന്ന ആദ്യ വനിതയാണ് കിർസ്റ്റൺ ന്യൂഷാഫർ.
സ്പോർട്സ് ലേഖിക.