കലഹം നിറക്കുന്ന ചിന്തകൾക്കെതിരെ നാടുണര്‍ത്തി നാടകോത്സവത്തിന് തുടക്കമായി

  • Posted on February 06, 2023
  • News
  • By Fazna
  • 131 Views

തൃശൂർ: കലഹം നിറഞ്ഞ ചിന്താധാരകൾക്കെതിരെ  സംസ്കാരീക പ്രതിരോധം തീർത്ത്  അന്തരാഷ്ട്ര നാടകോത്സവത്തിന് നാടുണർത്തി തുടക്കമായി. പല ദേശങ്ങള്‍, പല മനുഷ്യര്‍, പല സംസ്‌കാരങ്ങള്‍ പതിമൂന്നാമത് ഇറ്റ്‌ഫോക്കിനായി 'ഒന്നിക്കണം മാനവികത' എന്ന പ്രമേയത്തില്‍ എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ തൃശൂര്‍ നഗരത്തിലെ വിശ്വനാടക വേദികളില്‍ ആവേശ തിരകൾ ഉയർന്നു. കോവിഡ് കവര്‍ന്നെടുത്ത രണ്ട് വര്‍ഷത്തിന്റെ ഇടവേളകൾക്ക് ശേഷമെത്തിയ ഇറ്റ്‌ഫോക്കിനെ വരവേല്‍ക്കാന്‍ അതിര്‍ത്തികള്‍ ഭേദിച്ച് നാടും നഗരവും വിശ്വനാടക വേദിയിലേയ്ക്ക് ഒഴുകിയെത്തി. കെ ടി മുഹമ്മദ് തിയറ്റര്‍ പരിസരത്ത് സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കൂടിയായ മേള പ്രമാണി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള വാദ്യ സംഘം കൊട്ടി കയറിയാണ്  അന്താരാഷ്ട്ര നാടകോത്സവത്തിന് അരങ്ങുണര്‍ന്നത്. മലയാളി മനസില്‍ ചെണ്ടയുടെ അസുര താളം തീര്‍ത്ത മട്ടന്നൂരിന്റെ വാദ്യമേളം വിശ്വ നാടകവേദിക്ക് കൂടുതൽ ഉണർവ് പകർന്നു. സമകാലിക രാഷ്ട്രീയ-സാമൂഹിക അവസ്ഥകള്‍ ചര്‍ച്ച ചെയ്ത മൂന്ന് നാടകങ്ങളാണ് ആദ്യദിനം ഇറ്റ്‌ഫോക്കിൽ  സംവദിച്ചത്.  അതുല്‍ കുമാര്‍ സംവിധാനം ചെയ്ത  ടേക്കിങ്ങ് സൈഡ്‌സ് എന്ന നാടകത്തിലൂടെ ദേശീയ നാടകങ്ങള്‍ക്ക്  കെ ടി മുഹമ്മദ് തിയറ്ററില്‍ തുടക്കമായി. ഇന്ത്യന്‍ അടിയന്തരാവസ്ഥ കാലഘട്ടത്തിലെ അഞ്ച് സ്ത്രീ കഥാപാത്രങ്ങളിലൂടെ അരങ്ങിലെത്തിച്ച  കെ എസ് പ്രതാപന്റെ നിലവിളികള്‍ മര്‍മ്മരങ്ങള്‍ ആക്രോശങ്ങള്‍ എന്ന നാടകത്തിലൂടെ ബ്ലാക്ക് ബോക്‌സ് തിയേറ്ററില്‍ മലയാള നാടകങ്ങള്‍ക്ക് തുടക്കമായി. അന്തര്‍ദേശീയ നാടകോത്സവത്തിന് ചുക്കാന്‍ പിടിച്ച നടന്‍ മുരളിയുടെ പേരിലുള്ള ആക്ടര്‍ മുരളി തിയറ്ററും  ആദ്യ ദിനത്തില്‍ ഇറ്റ്‌ഫോക്കിന് അരങ്ങായി. ദക്ഷിണാഫ്രിക്കയിലെ സാമൂഹിക-രാഷ്ട്രീയ  പ്രശ്‌നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്ത ബ്രെറ്റ് ബെയ്‌ലിയുടെ സാംസണ്‍ നാടകത്തോടെയാണ് അന്തര്‍ദേശീയ നാടകങ്ങള്‍ക്ക് തിരശീല ഉയര്‍ന്നത്. വംശീയ പ്രശ്‌നങ്ങള്‍, കൊളോണിയലിസത്തിന്റെ ഭീകരതകള്‍ തുടങ്ങി രാജ്യത്തെ ഇപ്പോഴും വേട്ടയാടുന്ന പ്രശ്‌നങ്ങള്‍ ആഴത്തില്‍ പറഞ്ഞ സാംസണ്‍ ആദ്യദിനം ആസ്വാദകരെ ചിന്തകളാൽ ആവേശഭരിതരാക്കി. നാടകോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ അരങ്ങിലെത്തുന്ന 'ഹീറോ ബ്യൂട്ടി' ഇത്തവണത്തെ മറ്റൊരു ശ്രദ്ധേയമായ നാടകമായി. കുട്ടികള്‍ക്കായുള്ള വര്‍ണാഭമായ ഒരു തായ്‌വാനീസ് ഓപ്പറയാണ് ഹീറോ ബ്യൂട്ടി. പവലിയന്‍ തിയറ്ററില്‍ രാത്രി 8.45നാണ് നാടകം. ഫോക്ക് സംഗീതജ്ഞനായ സുസ്മിത് ബോസിന്റെ സംഗീതവിരുന്ന് ആര്‍ട്ടിസ്റ്റ് സുജാതന്‍ സീനിക്ക് ഗ്യാലറിയില്‍ വൈകിട്ട് 3 മണിക്കെത്തും. ഇന്ത്യന്‍ സാഹിത്യ നിരൂപകന്‍ ഗണേഷ് എന്‍ ദേവിയുടെ പ്രഭാഷണവും ഉണ്ടാകും .,നാടകം മനുഷ്യരെ ഒന്നിപ്പിക്കുന്ന പോരാട്ട ഭൂമിയെന്ന്  മുഖ്യമന്ത്രിപിണറായി വിജയൻ ,, അടുത്തവര്‍ഷം മുതല്‍ 15 ദിവസത്തെ അന്താരാഷ്ട്ര ഉത്സവം തൃശൂരില്‍: മന്ത്രി സജി ചെറിയാന്‍

പകയുടെയും വെറുപ്പിന്റെയും ഇരുണ്ടുതുടങ്ങുന്ന ഇന്ത്യയുടെ വര്‍ത്തമാനകാല അന്തരീക്ഷത്തില്‍ മനുഷ്യരെ ഒന്നിപ്പിക്കാനുള്ള മഹത്തായ പോരാട്ട ഭൂമിയായി നാടകം മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നിക്കണം മാനവികത എന്ന പ്രമേയത്തില്‍ തൃശൂരില്‍ നടക്കുന്ന പതിമൂന്നാമത് ഇറ്റ്‌ഫോക്ക്- അന്താരാഷ്ട്ര നാടകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ കുതിപ്പിനും മുന്നേറ്റത്തിനും നമ്മുടെ നാടകവേദി നല്‍കിയ മഹത്തായ സംഭാവനകള്‍ ഒരിക്കലും മറക്കാനാവാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തെവിടെയും എന്നതു പോലെ നാടിന്റെ മാറ്റത്തിനു വേണ്ടിയാണ് നമ്മുടെ നാടകങ്ങളും പൊരുതിയിട്ടുള്ളത്. കേരളത്തിന്റെ നവോത്ഥാന സംസ്‌ക്കാരം ശക്തിപ്പെടുത്തുന്നതില്‍ അവ നിര്‍ണായക പങ്കുവഹിച്ചു. ഇറ്റ്‌ഫോക് അന്താരാഷ്ട്ര നാടകോത്സവം രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. നാടകത്തിനും കലാകാരര്‍ക്കും ചരിത്രത്തിലെ ഏറ്റവും വലിയ പിന്തുണയും അംഗീകാരവുമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്നത്. അത് ഇനിയും തുടരും. ഇന്ത്യയിലെ പ്രശസ്തമായ പല നാടകോത്സവങ്ങളും നിലച്ചുപോയപ്പോഴും ഇറ്റ്‌ഫോക്ക് പൂര്‍വാധികം കരുത്തോടെ നടത്തുന്നത് അതുകൊണ്ടാണ്. നവീകരിച്ച നടന്‍ മുരളിയുടെ പേരിലുള്ള ആക്ടര്‍ മുരളി തിയേറ്ററിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. വിവിധ കലാസമന്വയത്തിലൂടെ 15 ദിവസം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര സാംസ്‌കാരിക ഉത്സവത്തിന് അടുത്ത വര്‍ഷം തൃശൂര്‍ വേദിയാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മത്സ്യബന്ധന യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. സംഗീത നാടക അക്കാദമി, ലളിത കലാ അക്കാമദി, സാഹിത്യ അക്കാദമി, കലാമണ്ഡലം തുടങ്ങിയവയുടെ സഹകരണത്തോടെ നാടകം, സംഗീതം, സിനിമ, സാഹിത്യം തുടങ്ങിയവയെ സംയോജിപ്പിച്ചാണ് അന്താരാഷ്ട്ര ഉത്സവം സംഘടിപ്പിക്കുക. അതിനായുള്ള ഒരുക്കങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 

മാനവരാശിയെ മഹത്തായ കൂട്ടായ്മയിലേക്ക് ഉയര്‍ത്തി കൊണ്ടുവരികയാണ് ഇറ്റ്‌ഫോക്കിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. അതിജീവനത്തിന്റെ പുതിയ സന്ദേശമാണ് പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവം സമൂഹത്തിന് നല്‍കുന്നത്. കേരളം ലോക നാടക വേദിയില്‍ ശ്രദ്ധേയമായ മുന്നേറ്റത്തിന് തുടക്കം കുറിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. രണ്ട് വര്‍ഷത്തെ കോവിഡിന്റെ ഒറ്റപ്പെടലില്‍ ഏറെ പ്രതിസന്ധി നേരിട്ട വിഭാഗമാണ് കലാകാരര്‍. അവരുടെ  അതിജീവനം സാധ്യമാക്കുന്നതില്‍ വലിയ പങ്കുവഹിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. നാടകങ്ങളിലൂടെ നാം കൈവരിച്ച സാംസ്‌കാരിക വളര്‍ച്ച ഇല്ലാതാക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ സാമൂഹിക നവോത്ഥാനം നാടകങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. നരബലി പോലെയുള്ള അനാചാരങ്ങള്‍ സമൂഹത്തില്‍ ശക്തിപ്രാപിക്കുമ്പോള്‍ നാടകങ്ങള്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പരിപാടികളിലൂടെ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ ഇന്നലെകളെ പുരോഗമനപരമാക്കി മാറ്റിയതില്‍ നാടകങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. അസഹിഷ്ണുത കരുത്താര്‍ജിക്കുന്ന കാലത്ത് ഒന്നിക്കണം മാനവികത എന്ന പ്രമേയത്തിന് ഏറെ പ്രാധാന്യമുണ്ട്. വിശ്വനാടക വേദിയുടെ വൈവിധ്യം എല്ലാവര്‍ക്കും അറിയാനുള്ള അവസരമാണ് ഇറ്റ്‌ഫോക്കെന്നും മന്ത്രി പറഞ്ഞു. പാലസ് ഗ്രൗണ്ടിലെ പവലിയന്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ സിനിമാ താരം പ്രകാശ് രാജ് മുഖ്യാതിഥിയായി.  റവന്യൂമന്ത്രി കെ രാജന്‍ ഇറ്റ്‌ഫോക് ബുള്ളറ്റിന്‍ സെക്കന്റ് ബെല്‍ സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ പി ആര്‍ പുഷ്പവതിക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ഫെസ്റ്റിവല്‍ ടീഷര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഏറ്റുവാങ്ങി. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഫെസ്റ്റിവല്‍ ബാഗ് പി ബാലചന്ദ്രന്‍ എംഎല്‍എക്ക് നല്‍കി പ്രകാശനം ചെയ്തു. ടി എന്‍ പ്രതാപന്‍ എംപി ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്തു. മേയര്‍ എം കെ വര്‍ഗീസ് പുസ്തകം ഏറ്റുവാങ്ങി. കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ആമുഖപ്രഭാഷണം നടത്തി. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, ഫെസ്റ്റിവല്‍ ഡയറക്ടറേറ്റ് അംഗങ്ങളായ അനുരാധ കപൂര്‍, ബി അനന്തകൃഷ്ണന്‍, ദീപന്‍ ശിവരാമന്‍, നിര്‍വാഹക സമിതി അംഗം ജോണ്‍ ഫെര്‍ണാണ്ടസ്, തായ്വാന്‍ എംബസി പ്രതിനിധി  റോബര്‍ട്ട് സീഹ്, ആലിസണ്‍ ചാവോ, തായ്വാന്‍ എംബസി സെക്രട്ടറി ഉണ്ണിമായ മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാനവികതയ്ക്ക് മാത്രമേ ഒന്നിക്കാന്‍ കഴിയൂ : പ്രകാശ് രാജ് 

ഫാസിസവും ഹിംസയും ജനതയെ ഒന്നിപ്പിച്ച ചരിത്രമില്ലെന്നും മാനവികതയ്ക്ക് മാത്രമേ ജനസമൂഹങ്ങളെ ഒന്നിപ്പിക്കാന്‍ കഴിയൂ എന്നും ഇറ്റ്‌ഫോക്ക് ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചലച്ചിത്ര നടന്‍ പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. മാനവികത ഒന്നിക്കണം എന്ന നാടകോത്സവ പ്രമേയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവിക ബോധമാണ് മനുഷ്യനെ എന്നും ഒന്നിപ്പിച്ചത്. നാമിന്ന് കാണുന്ന ഹിംസയ്ക്കും അസംബന്ധങ്ങള്‍ക്കുമൊന്നും അധികകാലം നിലനില്‍ക്കാനാവില്ല. മാനവികതയ്ക്ക് മാത്രമാണ് നിലനില്‍പ്പുള്ളത്. അതാണ് ചരിത്രം. ഈ പ്രതിസന്ധി നിറഞ്ഞ കാലത്ത് മാനവികതയിലേക്ക് ജനതകളെ നയിച്ച അരങ്ങുകളിലേക്ക് മടങ്ങുകയെന്നത് പ്രധാനമാണ്. ലോകത്ത് മാറ്റങ്ങളും വിപ്ലവങ്ങളും സാധ്യമാക്കിയത് തിയറ്ററുകളാണ്. എന്നും ജനങ്ങളെ ശ്രവിക്കാനും ശ്രദ്ധിക്കാനും പഠിപ്പിച്ചത് നാടകങ്ങളാണ്. മാനവികതയ്ക്ക് ഒഴുകാന്‍ തീയറ്ററിനേക്കാള്‍ മികച്ച ഇടം വേറെയില്ല. ചരിത്രവും വാര്‍ത്തമാനവും ഭാവിയും കൂടിച്ചേര്‍ന്ന മനോഹര ഇടമാണ് തിയറ്ററെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അടുത്തകാലത്തായി നടന്ന വിവിധ സാംസ്‌ക്കാരിക, കലാ, സാഹിത്യ പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അവ എന്നെ ഒരു കേരളീയനാക്കി മാറ്റുമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.  ബ്രെറ്റ് ബെയ്‌ലിയുടെ സാംസണ്‍ നാടകം കാണാനും താരം എത്തി.



Author
Citizen Journalist

Fazna

No description...

You May Also Like